മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ കരിയർ മാറ്റിമറിച്ച ചിത്രമാണ് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകൻ. ഈ സിനിമയിൽ ആദ്യം മമ്മൂട്ടിയെയാണ് നായകനായി തീരുമാനിച്ചിരുന്നതെന്ന കാര്യ തമ്പി കണ്ണന്താനവും തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫും നേരത്തെ വെളിപ്പെടുത്തിയിട്ടുള്ളതാണ്.
ഇപ്പോഴിതാ ഇക്കാര്യത്തിൽ വീണ്ടും വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഗാന രചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തി. മമ്മൂട്ടിക്കായി എഴുതിയ ചിത്രമായിരുന്നു രാജാവിന്റെ മകൻ. അദ്ദേഹം ഡേറ്റ് നൽകാത്തതിനാൽ ചിത്രം മോഹൻലാലിനെ തേടിയെത്തുക ആയിരുന്നുവെന്നും ഷിബു ചക്രവർത്തി പറഞ്ഞു.
സഫാരി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്. ഷിബു ചക്രവർത്തിയുടെ വാക്കുകൾ ഇങ്ങനെ:
രാജാവിന്റെ മകൻ എന്ന ചിത്രത്തിന് മമ്മൂട്ടി വെറുതെയായിരുന്നില്ല ഡേറ്റ് കൊടുക്കാതിരുന്നത്. ആറോ ഏഴോ ചിത്രമായിരുന്നു ഒരുപോലെ പൊളിഞ്ഞത്. ഈ സമയത്താണ് അടുത്ത പടവുമായി തമ്പികണ്ണന്താനം എത്തുന്നത്. അതുകൊണ്ട് മമ്മൂക്ക ഡേറ്റ് കൊടുക്കാൻ വിസമ്മതിച്ചു.
എന്നാൽ ഈ തിരക്കഥ കൊണ്ട് ഗുണം കിട്ടിയത് മോഹൻലാലിന് ആയിരുന്നു. മോഹൻലാലിന്റെ ഇമേജിൽ ഒരിക്കലും ഒരാളും രാജാവിന്റെ മകൻ പേലുള്ള ചിത്രം ചിന്തിക്കില്ല. സീരിയസ് കഥാപാത്രങ്ങൾ മാത്രം ചെയ്തുവന്ന മമ്മൂക്കയ്ക്ക് വേണ്ടി എഴുതിയ ചിത്രമായിരുന്നു രാജാവിന്റെ മകൻ.
അതുവരെ ചെയ്ത ഒട്ടുമിക്ക ചിത്രങ്ങളിലും ആദ്യം മുതൽ അവസാനം വരെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങൾ ആയിരുന്നു മോഹൻലാൽ ചെയ്തത്. എന്നാൽ രാജാവിന്റെ മകനിൽ വന്നപ്പോൾ ഒരേയൊരു സീനിൽ മാത്രമാണ് അദ്ദേഹം ചിരിക്കുന്നത്.
ബാക്കി ആ സിനിമയിൽ മോഹൻലാൽ ചിരിക്കുന്ന രംഗങ്ങളില്ല. ആ ഒരു മാറ്റം മലയാള സിനിമയിലെ മറ്റൊരു താരോദയത്തിന് കാരണമായി. മോഹൻലാലിന് എല്ലാ തരത്തിലുമുളള ചിത്രങ്ങൾ ചെയ്യാൻ പറ്റുമെന്ന് ഉള്ളതിന്റെ തുടക്കമായിരുന്നു രാജാവിന്റെ മകൻ എന്നും ഷിബു ചക്രവർത്തി വ്യക്തമാക്കുന്നു.