മലയാളത്തിന്റെ താരരാജാവിന്റെ മകനും സഹ സംവിധായകനും നടനുമായ പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഹൃദയത്തിന്റെ റിലീസിനായി ആകാംക്ഷകളോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.
ഒരിടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസൻ വീണ്ടും സംവിധായ കുപ്പായമണിഞ്ഞ ചിത്രത്തിൽ കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് നായികമാർ. വിവിധ കാലഘട്ടത്തിലൂടെ കഥ പറയുന്ന ഒരു റൊമാന്റിക്ക് ചിത്രമാണ് ഹൃദയം എന്ന് സംവിധായകൻ പറഞ്ഞിരുന്നു.
അടുത്തിടെ ഹൃദയത്തിന്റേയി വന്ന ക്യാരക്ടർ പോസ്റ്ററുകളെല്ലാം തന്നെ ശ്രദ്ധേയമായി മാറിയിരുന്നു. ദർശന രാജേന്ദ്രന്റെ പോസ്റ്ററാണ് ചിത്രത്തിന്റേതായി ആദ്യം പുറത്തുവന്നത്. പിന്നാലെ കല്യാണി യുടെയും പ്രണവിന്റെയും പോസ്റ്ററുകളും റിലീസ് ചെയ്തു.
പോസ്റ്ററുകൾ ഇറങ്ങിയ ശേഷം സിനിമയ്ക്കായുളള എല്ലാവരുടെയും ആകാംക്ഷ കൂടിയിരുന്നു. പാട്ടുകൾക്കും വലിയ പ്രാധാന്യമുളള ഹൃദയം വിനീത് ശ്രീനിവാസന്റെ മുൻചിത്രങ്ങൾ പോലെ വിജയമാകും എന്നാണ് എല്ലാവരും കരുതുന്നത്. അതേസമയം ഹൃദയത്തിൽ പ്രവർത്തിച്ച അനുഭവം ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയാണ് നടി മിന്റു മരിയ.
സിനിമയിൽ എത്തും മുൻപ് ജനപ്രിയ റിയാലിറ്റി ഷോകളിൽ മൽസരാർത്ഥിയായി മിന്റു എത്തിയിരുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത മിടുക്കി, നായികാ നായകൻ തുടങ്ങിയ ഷോകളിലാണ് നടി ഭാഗമായത്.
രജിഷ വിജയൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഫൈനൽസ് എന്ന ചിത്രത്തിലാണ് നടി ആദ്യമായി അഭിനയിച്ചത്. ഓഡീഷനിൽ പങ്കെടുത്ത ശേഷമാണ് ഹൃദയത്തിലേക്ക് അവസരം ലഭിച്ചതെന്ന് പറയുകയാണ് മിന്റു ഇപ്പോൾ. ഹൃദയത്തിന് നാല് ഓഡീഷനുണ്ടായിരുന്നു എന്ന് നടി പറയുന്നു. പിന്നെ ഒരു ക്യാമ്പും ഉണ്ടായിരുന്നു.
ആദ്യത്തെ ഓഡീഷന് വിനീതേട്ടൻ ഇല്ലായിരുന്നു. രണ്ടാമത്തെ ഓഡീഷൻ മുതൽ അദ്ദേഹം വന്നു. അദ്ദേഹം ആണ് കുട്ടികളെയെല്ലാം സെലക്ട് ചെയ്തത്. സെറ്റിൽ ഭയങ്കര പോസിറ്റീവ് എനർജിയാണ്. പ്രണവ് മോഹൻലാൽ ആള് ഒരു പാവമാണ് എന്നും നടി പറയുന്നു. അധികം സംസാരിക്കുന്ന ഒരു ടൈപ്പ് അല്ല. അത് എല്ലാവർക്കും അറിയാമല്ലോ.
മോഹൻലാലിനെ പോലുളള ഒരു വലിയ ആർട്ടിസ്റ്റിന്റെ മകനാണ് എന്ന ആ ഒരു സംഭവമൊന്നും നമുക്ക് പുളളിയുടെ കൂടെ നിൽക്കുമ്പോ തോന്നില്ലെന്നും മിന്റു പറയുന്നു . അതേസമയം നായികാ നായകനിൽ മൽസരാർത്ഥിയായി പങ്കെടുത്ത സമയത്തുളള അനുഭവവും നടി പങ്കുവെച്ചു. ലൈഫിൽ എറ്റവും കൂടുതൽ ആസ്വദിച്ച സമയമാണ് നായികാ നായകൻ ഷൂട്ട് ചെയ്ത ആ ഏട്ട് മാസമെന്ന് നടി പറയുന്നു.
കോളേജ് ലൈഫോ സ്‌കൂൾ ലൈഫോ ഇത്രയും ആസ്വദിച്ചിട്ടില്ല. ഞങ്ങൾ ഏട്ട് ഗേൾസും ഏട്ട് ബോയ്സും ഉണ്ടായിരുന്നു. എല്ലാവരും ഫാമിലി പോലെ ആയിരുന്നു അവിടെ. മിടുക്കി ചെയ്ത സമയത്ത് സ്റ്റേജിൽ കയറുമ്പോൾ പേടിയുണ്ടായിരുന്നു.
എന്നാൽ അതെല്ലാം മാറിയത് നായികാ നായകൻ ചെയ്ത സമയത്താണ്. ഫൈനൽസാണ് ആദ്യം ചെയ്ത ചിത്രം. തമിഴിൽ രണ്ട് സിനിമകളും ചെയ്തുവെന്നു അഭിമുഖത്തിൽ നടി പറയുന്നു.