സംവിധായകൻ കമലിന്റെ സഹായിയായി എന്നി പിന്നീട് മലയാള സിനിമയിലെ ജനപ്രിയ നായകനായ സൂപ്പർതാരമായി മാറിയ നടനാണ് ദീലിപ്. മിമിക്രി രംഗത്തു നിന്നും ആയിരുന്നു ദീലീപ് സിനിമയിലേക്ക് എത്തിയത്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ ദിലീപ് പിന്നീട് മലയാളത്തിലെ മുൻനിര നായകനടനായി മാറുക ആയിരുന്നു.
കോമഡി അനായാസമായി കൈകാര്യം ചെയ്യാൻ കഴിഞ്ഞത് കൊണ്ടാണ് ചുരുങ്ങിയ നാളുകൾ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി നടൻ മാറിയത്. ഹാസ്യത്തിന് പ്രാധാന്യം നൽകിയുളള സിനിമകൾ ദിലീപിന്റെ കരിയറിൽ കൂടുതൽ പുറത്തിറങ്ങി. തുടർച്ചയായ വിജയ ചിത്രങ്ങളിലൂടെ ജനപ്രിയ നായകൻ എന്ന വിളിപ്പേരും നടന് വന്നു.
1994ൽ പുറത്തിറങ്ങിയ സുനിൽ സംവിധാനം ചെയ്ത മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലാണ് ദിലീപ് ആദ്യമായി നായകനാവുന്നത്. ദിലീപിന് ഒപ്പം ഖുശ്ബു, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, നാദിർഷ ഉൾപ്പെടെയുളള താരങ്ങൾ പ്രധാന വേഷങ്ങളിലെത്തി. സുരേഷ് ഗോപിയും ചിത്രത്തിൽ അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നു.
കലാഭവൻ അൻസാറിന്റെയും റോബിൻ തിരുമലയുടെയും തിരക്കഥയിലാണ് സംവിധായകൻ സുനിൽ ചിത്രം എടുത്തത്. നടി ഖുശ്ബുവിന്റെ ആരാധകരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണ് മാനത്തെകൊട്ടാരത്തിൽ കാണിച്ചത്. ഖുശ്ബുവിനെ ഇവർ പരിചയപ്പടുന്നതും ദിലീപിന്റെ കഥാപാത്രം പിന്നീട് സിനിമയിൽ നായകൻ ആവുന്നതും ചിത്രത്തിൽ കാണിച്ചു.
അതേസമയം ദിലീപ് എങ്ങനെയാണ് മാനത്തെ കൊട്ടാരത്തിലെ നായകനായത് എന്ന് പറയുകയാണ് തിരക്കഥാകൃത്ത് റോബിൻ തിരുമല. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തിരക്കഥാകൃത്ത് മനസു തുറന്നത്. മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം എടുക്കാനുളള തയ്യാറെടുപ്പിന് ഇടയിലാണ് അൻസാറിനോട് മാനത്തെ കൊട്ടാരത്തിന്റെ കഥ താൻ പറയുന്നതെന്ന് റോബിൻ തിരുമല പറയുന്നു.
അന്ന് ഈ കഥ കോമഡി ട്രാക്കിലാണ് അൻസാർ ചിന്തിച്ചത്. അങ്ങനെ ഓരോ രംഗങ്ങളും അൻസാർ കോമഡിയാക്കി പറയാൻ തുടങ്ങിയതോടെ എനിക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല. തുടർന്ന് മമ്മൂട്ടിയെ നായകനാക്കിയുളള രാജകീയം എന്ന സിനിമ മാറ്റിവെച്ച് ഞങ്ങൾ ഈ കഥയ്ക്ക് പിന്നാലെ ആയി. സംവിധായകൻ സുനിലിനെ വിളിച്ച് ഈ കഥ പറഞ്ഞു.
അദ്ദേഹത്തിനും ഇഷ്ടമായി. എന്നാൽ മമ്മൂട്ടിയുടെ ഡേറ്റ് ഉളളതിനാൽ ആദ്യം രാജകീയം ചെയ്തിട്ട് മതി ഇതെന്ന് തീരുമാനിച്ചു. അങ്ങനെ മമ്മൂക്കയെ കാണാൻ ഞാനും അൻസാറും ചെന്നൈയിലേക്ക് പുറപ്പെട്ടു.
കഥയൊക്കെ മമ്മൂക്കയോട് പറഞ്ഞു. അദ്ദേഹം ഞങ്ങളെ പുറത്തേക്ക് ക്ഷണിച്ചു. അങ്ങനെ കാറിൽ പോകുന്ന സമയത്താണ് മാനത്തെ കൊട്ടാരം കഥ കേട്ട് ഇത് ആരെ വെച്ചാണ് പ്ലാൻ ചെയ്യുന്നത് എന്ന് മമ്മൂക്ക ചോദിച്ചത്.
ജയറാമും മുകേഷും ആയിരുന്നു ഞങ്ങളുടെ മനസിൽ. അന്ന് മമ്മൂക്ക പറഞ്ഞു സൈന്യം എന്ന പുതിയ ജോഷി ചിത്രത്തിൽ എന്റെ കൂടെ ദിലീപ് എന്നൊരു ചെറുപ്പക്കാരൻ അഭിനയിക്കുന്നുണ്ട്. നല്ല ഹ്യൂമർ സെൻസാണ്. അവനെ നായകനാക്കിയാൽ ഈ കോമഡി നന്നായി വർക്കൗട്ടാകും. ആദ്യം നിങ്ങൾ ഈ ചിത്രം ചെയ്യൂ, എന്നിട്ടാകും എന്റെ സിനിമ എന്ന് മമ്മൂക്ക പറഞ്ഞപ്പോൾ പിന്നെയൊന്നും ചിന്തിച്ചില്ല.
കോഴിക്കോട്ടും കൊച്ചിയിലുമായി ഞാനും അൻസാറും എഴുത്ത് പൂർത്തിയാക്കി. ഹമീദിക്ക തന്നെ നിർമ്മാണം. ആളെ വിട്ട് വിളിപ്പിച്ചപ്പോഴേക്കും ദിലീപ് എത്തി. ഞാനും, അൻസാറും, ഹമീദിക്കയും, സുനിലും ദിലീപിനെ ഇന്റർവ്യൂ ചെയ്യുകയാണ്. ദിലീപ് താരങ്ങളെ അനുകരിച്ച് കാണിച്ചു.
Also Read
58 കിലോയുള്ള ഗൗൺ അണിഞ്ഞ് അമ്പരപ്പിച്ച് 44 കിലോ ഭാരമുള്ള എസ്തർ അനിൽ: ഗ്ലാമർ വീഡിയോ വൈറൽ
മമ്മൂട്ടിയും മോഹൻലാലുമൊക്കെയായി തകർത്ത് അഭിനയിക്കുകയാണ് ദിലീപ്. നാദിർഷയും ദിലീപിന്റെ കൂടെ അന്ന് വന്നു. ദിലീപിനെ നായകനാക്കി സിനിമ ചെയ്യാൻ തീരുമാനിച്ചു. ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, സാഗർ ഷിയാസ് എന്നിവരായിരുന്നു കൂടെയുളള മറ്റു താരങ്ങൾ. കൊച്ചിയിൽ ആയിരുന്നു ചിത്രീകരണം. ആദ്യ ഷോട്ടിൽ തന്നെ സംവിധായകന് ഒരു അതൃപ്തി.
ദിലീപും മൂന്ന് കൂട്ടുകാരും ചേർന്നുളള സീനാണ്. സുനിൽ എന്നെ വിളിച്ചു. മിസ് കാസ്റ്റിങ്ങാണ് സാഗർ ഷിയാസ് ആ കൂട്ടത്തിൽ ചേരുന്നില്ലെന്നാണ് സുനിൽ പറഞ്ഞത്. അങ്ങനെ അയാളെ മാറ്റാൻ തീരുമാനിച്ചു. അങ്ങനെയാണ് നാദിർഷ സിനിമയിൽ എത്തിയത് എന്ന് റോബിൻ തിരുമല പറയുന്നു.