ഒരുകാലത്ത് ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത സൂപ്പർഹിറ്റ് പരമ്പരയാണ് പരസ്പരം എന്ന സീരിയൽ. ഈ പരമ്പരയിലെ ദീപ്തി ഐപിഎസ് ആയി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഗായത്രി അരുൺ. ആദ്യ സീരിയലിൽ പോലീസ് ഓഫീസറുടെയും കുടുംബിനിയുടെയും വേഷമായിരുന്നു ഗായത്രിയ്ക്ക്.
സീരിയൽ നേടി കൊടുത്ത സൗഭാഗ്യങ്ങളിൽ ഗായത്രിയുടെ സിനിമയിലേക്കുള്ള പ്രവേശനവും ഉണ്ടായിരുന്നു. ഇപ്പോൾ സിനിമയിൽ സജീവമായി പ്രവർത്തിക്കുകയാണ് താരം. മെഗസ്റ്റാർ മമ്മൂട്ടിയടക്കമുള്ള താരങ്ങൾക്ക് ഒപ്പം നടി ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.
അതേ സമയം തന്റെ അഭിനയ ജീവിതത്തിലേക്കുള്ള തുടക്കം എങ്ങനെ ആയിരുന്നെന്നും ജോലി രാജിവെച്ച് അഭിനയത്തിൽ സജീവമായതിനെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് നടിയിപ്പോൾ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് സിനിമ സീരിയൽ വിശേഷങ്ങൾ ഗായത്രി തുറന്നു പറഞ്ഞത്.
ഗായത്രിയുടെ വാക്കുകൾ ഇങ്ങനെ:
സ്‌കൂൾ കാലം തൊട്ടെ അഭിനയത്തോട് ഇഷ്ടമായിരുന്നു. അമ്മയുടെ സഹോദരൻ അറയ്ക്കൽ നന്ദകുമാർ ഗായകനും സംഗീത സംവിധായകനുമാണ്. വീട്ടിൽ ആരും അഭിനയിച്ചിട്ടില്ലെങ്കിലും അച്ഛന് കലാഭവനിൽ പ്രവേശനം കിട്ടിയ ആളാണ്. പക്ഷേ അന്ന് വീട്ടിൽ നിന്നും അനുവാദം കിട്ടിയില്ല. അച്ഛനിൽ നിന്നായിരിക്കണം എനിക്ക് അഭിനയകല കിട്ടിയത്.
സ്‌കൂൾ കലോത്സവങ്ങളിൽ പാട്ട്, നൃത്തം, വൃന്ദവാദ്യം തുടങ്ങിയ ഇനങ്ങളിലൊക്കെ പങ്കെടുത്തിരുന്നു. ഹയർ സെക്കൻഡറി സംസ്ഥാന കലോത്സവത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഡിഗ്രി പഠനം കഴിഞ്ഞപാടേ ജോലി കിട്ടി. ആദ്യം ഇവന്റ് മാനേജ്മെന്റ് ചെയ്തു പിന്നീട് എഫ്എം റേഡിയോയിൽ. അവിടെ നിന്ന് പത്രത്തിൽ ജോലി കിട്ടി.
അന്നേരമാണ് പരസ്പരം സീരിയലിലേക്ക് അവസരം വരുന്നത്. അഭിനയം മോഹമായിരുന്നിട്ടും ഞാൻ ജോലി വിടാൻ തയ്യാറായില്ല. ലീവ് എടുത്താണ് രണ്ടര വർഷത്തോളം അഭിനയിച്ചത്. കഥാപാത്രം ഹിറ്റ് ആയ ശേഷം മൂന്നാം വർഷത്തിലേക്ക് കടന്നപ്പോഴാണ് ആത്മവിശ്വാസം ആയത്. എന്നിട്ടാണ് ജോലി രാജി വെച്ച് ധൈര്യപൂർവ്വം അഭിനയ രംഗത്തേക്ക് ഇറങ്ങിയത്.
ഇപ്പോൾ നിത്യവും ജോലിയ്ക്ക് പോകുന്നതിനെ കുറിച്ച് ആലോചിക്കാനേ പറ്റുന്നില്ല. ആദ്യ സിനിമയുടെ ഓഫർ വരുമ്പോൾ എനിക്ക് സീരിയലിൽ നല്ല തിരക്കായിരുന്നു. അന്ന് സിനിമ അത്ര കൗതുകമായി തോന്നിയുമില്ല. കാരണം അഭിനയിക്കണം എന്ന ആഗ്രഹത്തിന് കിട്ടാവുന്നത്ര സന്തോഷം പരസ്പരം സീരിയലിൽ നിന്നും കിട്ടി. ആളുകളുടെ മികച്ച പ്രതികരണം, അഭിനന്ദനങ്ങൾ, അംഗീകാരം ഒക്കെ.
അതിപ്പുറം പരസ്പരം സീരിയൽ ചെയ്യുമ്പോൾ മോൾ കല്യാണി വളരെ ചെറുതായിരുന്നു. ഭർത്താവ് അരുണിന് ബിസിനസ് ആണ്. അരുണേട്ടേന്റെ കുടുംബവും എന്റെ കുടുംബവും മോളേ നോക്കുന്ന കാര്യത്തിൽ അത്രയേറെ ശ്രദ്ധ നൽകിയത് കൊണ്ടാണ് എനിക്ക് അഭിനയിക്കാൻ കഴിഞ്ഞത്. അവൾ വളർന്നപ്പോൾ അവളുടെ പഠനത്തിൽ എന്റെ കരുതൽ വേണം എന്ന് തോന്നി. അതിനാലാണ് പരസ്പരത്തിന് ശേഷം ബ്രേക്ക് എടുത്തത്.
കുട്ടികൾ ഉള്ള ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം മുന്നോട്ട് പോകാൻ ഏറെ ബുദ്ധിമുട്ടുള്ള ഒരു മേഖലയാണ് സിനിമ. അത് സാധിക്കുന്നത് ഭർത്താവ് അരുൺ തരുന്ന ഉറച്ച പിന്തുണയുള്ളത് കൊണ്ട് മാത്രമാണ്. ഗ്യാപ് എടുത്ത് ഞാൻ വീട്ടിൽ ഇരിക്കുമ്പോൾ പോലും അഭിനയിക്കാനായി പ്രേരിപ്പിക്കുമായിരുന്നു അരുൺ. എന്നെക്കാൾ കുടുംബം വളർത്തി എടുക്കാനാണ് എന്റെ ശ്രദ്ധ. അരുണിന്റെ അച്ഛനും അമ്മയും സഹോദരിയും അവരുടെ ഭർത്താവും എല്ലാവരും എന്നെ പ്രോത്സാഹിപ്പിക്കുന്ന ആളുകളാണെന്നും ഗായത്രി വെളിപ്പെടുത്തുന്നു.