കഴിഞ്ഞ ദിവസം ആയിരുന്നു ബന്ധവൈരികളായ ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന കോപ്പ അമേരിക്ക കിരീടം നേടിയത്. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന ബ്രസീലിനെ കീഴടക്കിയത്.
എന്നാൽ അർജന്റീനയുടെ ക്യാപ്റ്റനും ലോക ഫുഡ്‌ബോളിലെ സൂപ്പർ താരവുമാ ലയണൽ മെസ്സി ഫൈനലിൽ ഗോൾ നേടിയിരുന്നില്ല. അതുമാത്രമല്ല ബ്രസീലിന്റെ ഗോൾ കീപ്പർ മാത്രം മുന്നിലുള്ളപ്പോൾ കിട്ടിയ കിടിലൻ അവസരം അദ്ദേഹം പാഴാക്കുകയും ചെയ്തിരുന്നു.
എന്നാൽ അതിന് ഒരു കാരണം ഉണ്ടെന്ന് വെളിപ്പെടുത്തുകയാണ് അർജന്റൈൻ പരിശീലകൻ ലയണൽ സ്‌കലോണി. കോപ്പ അമേരിക്ക ഫുഡ്‌ബോൾ ടൂർണമെന്റിൻരെ സെമിഫൈനലും ഫൈനലും കളിച്ചത് പരുക്കേറ്റ കാലുമായി ആയിരുന്നു എന്നാണ് സ്‌കലോളി പറയുന്നത്. ബ്രസീലിനെതിരായ വിജയത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് സ്‌കലോണി ഇക്കാര്യം വെളിപ്പെടുത്തിയത്.
കോപ്പയിൽ അദ്ദേഹം എങ്ങനെ കളിച്ചു എന്നറിഞ്ഞാൽ നിങ്ങൾ മെസിയെ കൂടുതൽ ഇഷ്ടപ്പെടും. അദ്ദേഹത്തെപ്പോലൊരു താരമില്ലാതെ ഇത് നടക്കില്ല. ഈ കളിയിലും മുൻപത്തെ കളിയിലും അദ്ദേഹം പൂർണമായി ഫിറ്റായിരുന്നില്ലെന്ന് സ്‌കലോണി പറഞ്ഞു. അതേസമയം, മെസിക്ക് ഏത് തരത്തിലുള്ള പരുക്കാണ് പറ്റിയതെന്ന് സ്‌കലോണി വെളിപ്പെടുത്തിയില്ല.
കൊളംബിയക്കെതിരായ സെമി ഫൈനലിൽ ടാക്കിൾ ചെയ്യപ്പെട്ട് അദ്ദേഹത്തിന്റെ കാലിനു പരുക്കേറ്റിരുന്നു. രക്തമൊഴുകുന്ന കാലുമായാണ് മെസി അവസാന 30 മിനിട്ടുകൾ കളിച്ചത്. ഈ പരുക്കാണോ സ്‌കലോണി ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. ചിരവൈരികളായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെസിയും കൂട്ടരും തോല്പിച്ചത്.
22ാം മിനിട്ടിൽ ഏഞ്ചൽ ഡി മരിയ നേടിയ ഗോളിലാണ് അർജന്റീനയുടെ ജയം. റോഡ്രിഗോ ഡി പോൾ ആണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. ഒരു ലോംഗ് ബോൾ ക്ലിയർ ചെയ്യാൻ ബ്രസീൽ പ്രതിരോധം പരാജയപ്പെട്ടപ്പോൾ പന്ത് ലോബ് ചെയ്ത് ഡി മരിയ ബ്രസീൽ ഗോൾവല തുളയ്ക്കുകയായിരുന്നു. 28 വർഷത്തിനു ശേഷമാണ് കോപ്പയിൽ അർജന്റീനയുടെ കിരീടധാരണം.
1993ലായിരുന്നു അവർ അവസാനമായി കോപ്പ നേടിയത്. മത്സരത്തിൽ ആദ്യാവസാനം കളം നിറഞ്ഞുകളിച്ച റോഡ്രിഗോ ഡിപോൾ ആണ് അർജന്റീനയ്ക്ക് ജയമൊരുക്കിയത്. വിജയ ഗോൾ നേടിയ ഏഞ്ചൽ ഡി മരിയ ആണ് കളിയിലെ താരം.