മലയാളത്തിലെ മിനി സ്ക്രീൻ ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാക്ക അവരുടം പ്രിയ സീരിയൽ താരങ്ങളായ മൃദുല വിജയിയും യുവ കൃഷ്ണയും ഒന്നായി തീർന്നത് കഴിഞ്ഞ ദിവസം ആയിരുന്നു. ആരാധകർ കുറേ നാളുകളായി കാത്തിരുന്ന വിവാഹമായിരുന്നു ഇത്.
ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹത്തിൽ കൊവിഡ് പ്രതിസന്ധി മൂലം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. സീരിയൽ, സിനിമ രംഗത്ത് നിന്നുള്ള ചിലരും വിവാഹത്തിന് നേരിട്ടെത്തി താരദമ്പതിമാർക്ക് ആശംസകൾ നേർന്നിരുന്നു.
അതേ സമയം ടിവി അവതാരകയും ബിഗ് ബോസ് റിയാലിറ്റി ഷോ താരവുമായ എലീന പടിക്കലും മൃദുല യുവകൃഷ്ണ വിവാഹത്തിനെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹവുംം അടുത്ത മാസം നടക്കുമെന്ന സന്തോഷം ആരാധകരോടായി പങ്കുവെച്ചിരിക്കുകയാണ് എലീന.
എലീനയുടെ വാക്കുകൾ ഇങ്ങനെ:
മൃദുലയുടെയും യുവച്ചേട്ടന്റെയും കല്യാണത്തിന് ഒരുപാട് കാത്തിരുന്നതാണ്. അതിൽ ഒരുപാട് സന്തോഷമുണ്ട്. മറ്റൊരു കാര്യം എന്റെ എൻഗേജ്മെന്റ് നടന്ന അതേ സ്ഥലത്ത് വെച്ചാണ് ഇവരുടെ വിവാഹം നടത്തി എന്നതാണ്. അതിലൊരു പ്രത്യേക അനുഭൂതിയാണ് എനിക്കുള്ളത്. മൃദുലയ്ക്കും യുവച്ചേട്ടനും എല്ലാവിധ ആശംസകളും നേരുന്നു.
ഒപ്പം തന്നെ ഒരു കാര്യം കൂടി പറയുകയാണ്. നിങ്ങളെല്ലാവരെയും ഒരുതവണ ഇവിടെ വെച്ച് ഞാൻ കണ്ടതാണ്. ഇനിയും നിങ്ങളെ പ്രതീക്ഷിക്കുകയാണ് ഓഗസ്റ്റിലാണ് എന്റെ വിവാഹം. കോഴിക്കോട് വെച്ചാണ് ചടങ്ങുകൾ നടക്കുന്നത്. വിവാഹ തീയ്യതിയും മറ്റു വിവരങ്ങളുമൊക്കെ വൈകാതെ തന്നെ കൃത്യമായി എല്ലാവരെയും അറിയിക്കുന്നതാണ്.
ഒരുപാട് നന്ദിയുണ്ട് നിങ്ങൾ തന്ന ഹെൽപ്പിന്. നിങ്ങളെല്ലാവരും മൃദുലയെയും യുവയെയും സ്നേഹിക്കുന്നത് പോലെ തന്നെ ഞങ്ങളെയും സ്നഹിക്കുക. എല്ലാവർക്കും ആശംസകൾ എന്നുമാണ് എലീന പറഞ്ഞത്. ഇക്കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു എലീനയും കോഴിക്കോട് സ്വദേശിയായ രോഹിത്തും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്.
വർഷങ്ങളായി പ്രണയത്തിലായിരുന്ന എലീനയും കാമുകനും ആഗസ്റ്റിൽ വിവാഹിതർ ആവുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. ഹിന്ദു ക്രിസ്ത്യൻ രീതികളിലായാണ് വിവാഹം നടത്തുന്നത്. രാവിലെ ഹിന്ദു ആചാര പ്രകാരവും വൈകിട്ട് ക്രിസ്ത്യൻ ആചാരപ്രകാരവുമായിരിക്കും ചടങ്ങുകൾ.
അതേ സമയം ഇന്റർകാസ്റ്റ് വിവാഹമായതിനാൽ വീട്ടുകാരുടെ എതിർപ്പുണ്ടായിരുന്നു. അതുകൊണ്ടാണ് വിവാഹം ഇത്രയും നീണ്ട് പോയതെന്ന് മുൻപ് എലീന പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിൽ പങ്കെടുത്തപ്പോഴാണ് പ്രണയത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്.
ഒളിച്ചോടി വിവാഹം കഴിക്കാൻ താൽപര്യമില്ലെന്ന് മുൻപ് എലീന വ്യക്തമാക്കിയിട്ടുണ്ട്. വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ താൻ വിവാഹം കഴിക്കുകയുള്ളു എന്ന് എലീന ഉറപ്പിച്ച് പറഞ്ഞിരുന്നു. ഒടുവിൽ ഇരു വീട്ടുകാരും സമ്മതം മൂളിയതോടെയാണ് ജനുവരിയിൽ വിവാഹനിശ്ചയം നടത്തിയത്.