സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരമായി മാറിയ ആറ് വയസുകാരിയാണ് ഫാത്തിമ നെഷ്വ. പ്രായം ആറേ ആയിട്ടുള്ളുവെങ്കിലും റേസിംഗ് ട്രാക്കിൽ ഫാത്തിമ പറക്കുന്നത് കണ്ടാൽ ആരും അമ്പരക്കും. ബൈക്ക് സ്റ്റണ്ടിംഗിൽ ഒരു അത്ഭുതമായി മാറുകയാണ് ഫാത്തിമ.
ആലുവ സ്വദേശിയായ ഫാത്തിമയുടെ വീഡിയോകൾ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഫാത്തിമയുടെ ഒരു ആഗ്രഹം സാധ്യമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിൽ ഫാത്തിമ തന്റെ വലിയൊരു ആഗ്രഹം പങ്കുവച്ചിരുന്നു. താൻ മമ്മൂട്ടിയുടേയും മഞ്ജു വാര്യരുടേയും ആരാധികയാണെന്നും മഞ്ജു വാര്യരെ കാണണമെന്നും ആയിരുന്നു ഫാത്തിമ പറഞ്ഞന്നത്.
ആ ആഗ്രഹമിതാ സാധ്യമായിരിക്കുകയാണ്. വാർത്ത കണ്ട് മഞ്ജു തന്നെ ഫാത്തിമയെ വിളിച്ചിരിക്കുകയാണ്. രണ്ടാം ക്ലാസിൽ പഠിക്കുന്നയാളാണോ ഈ ബൈക്ക് ഒക്കെ ഓടിച്ച് നടക്കുന്നതെന്നായിരുന്നു മഞ്ജു വാര്യർ ചോദിച്ചത്. ഫാത്തിമയെ കാണണമെന്ന് തനിക്കും തോന്നിയെന്നും അതുകൊണ്ടാണ് വിളിച്ചതെന്നും മഞ്ജു വാര്യർ പറഞ്ഞു.
മഞ്ജു ചേച്ചി ഭയങ്കര സുന്ദരിയാണെന്നും ഫോട്ടോ ഞാനും കണ്ടിരുന്നുവെന്നും ചെറിയ കുട്ടികളെ പോലെയുണ്ടെന്നും ഫാത്തിമ താരത്തോട് പറഞ്ഞു. നേരിൽ കാണാമെന്ന് മഞ്ജു വാര്യർ ഫാത്തിമയ്ക്ക് ഉറപ്പും കൊടുത്തു.
അതേ സമയം മഞ്ജു വാര്യർ തന്നെ വിളിച്ചുവെന്നത് വിശ്വസിക്കാനാകുന്നില്ലെന്നാണ് ഫാത്തിമ പറഞ്ഞത്.
പിതാവ് അബ്ദുൾ കലാം ആസാദ് തന്നെയാണ് ഫാത്തിമയുടെ പരിശീലകൻ. ഡൽഹിയിൽ നിന്നുമാണ് ഫാത്തിമയുടെ ബൈക്ക് വരുത്തിച്ചത്. വീടിന് അടുത്തുള്ള പുരയിടത്തിലാണ് പരിശീലനം. ഫാത്തിമയുടെ സ്റ്റണ്ടിംഗ് വീഡിയോകൾ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഇങ്ങനെയാണ് താരമായി മാറുന്നത്. കൊയമ്പത്തൂരിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുകയാണ് ഫാത്തിമയുടെ ലക്ഷ്യം.