നാടകരംഗത്ത് നിന്നും സിനിമയിൽ നായകനായെത്തി ഇപ്പോൾ മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായി മാറിയ താരമാണ് സായ് കുമാർ. സിദ്ധീഖ് ലാലിന്റെ റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ ആയിരുന്നു സായ് കുമാർ മലയാള സിനിമയിലേക്ക് അരങ്ങേറിയത്.
പിന്നീട് നായകനായും വില്ലനായും സഹനടനായും മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു അദ്ദേഹം . നാടകത്തിൽ നിന്നും സിനിമയിലെത്തിയ അദ്ദേഹം ഏത് തരത്തിലുള്ള കഥാപാത്രവും ചെയ്ത് ഫലിപ്പിക്കാൻ സാധിക്കുന്ന അപൂർവ പ്രതിഭയുള്ള നടനാണ്.
ഇന്നും അഭിനയ രംഗത്ത് സജീവമാണ് സായ്കുമാർ. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും അദ്ദേഹം സജീവമാണ്. അതേ സമയം അടുത്തിടെ സായ്കുമാറിന്റെ മകൾ വൈഷ്ണവിയും അഭിനയ രംഗത്തേക്ക് എത്തിയിരുന്നു. എന്നാൽ മിനിസ്ക്രീനിലേക്കാണ് സായ് കുമാറിന് ആദ്യ ഭാര്യയിൽ ഉണ്ടായ മകളായ വൈഷ്ണവി എത്തിയത്. സീ കേരളയിലെ കൈയ്യെത്തും ദൂരത്ത് എന്ന പരമ്പരയിലൂടെയാണ് താരപുത്രിയായ വൈഷ്ണവി അഭിനയത്തിൽ അരങ്ങേറുന്നത്.
പരമ്പരയിലൂടെ വളരെ പെട്ടെന്നു തന്നെ ആരാധകരെ സമ്പാദിക്കാൻ വൈഷ്ണവിയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിലായിരുന്നു പരമ്പരയുടെ സംപ്രേക്ഷണം ആരംഭിച്ചത്. മികച്ച പ്രതികരണങ്ങളാണ് വൈഷ്ണവിയുടെ പ്രകടനത്തിന് ലഭിക്കുന്നത്. പരമ്പരയിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ പഴയൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് വൈഷ്ണവി.
അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള തന്റെ ചിത്രമാണ് വൈഷ്ണവി പങ്കുവച്ചിരിക്കുന്നത്. നമ്മുടെ കുടുംബത്തോട് ഒപ്പം സൃഷ്ടിക്കുന്ന ഓർമ്മകളാണ് എല്ലാം, ഒരു കുഞ്ഞ് സ്വീറ്റ് ഓർമ്മ എന്നു പറഞ്ഞാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
അതേ സമയം സായ്കുമാറിന്റേയും മുൻഭാര്യ പ്രസന്നകുമാരിയുടേയും മകളാണ് വൈഷ്ണവി. 2007ലാണ് ഇരുവരും വിവാഹമോചിതരാകുന്നത്. പിന്നീട് സായ്കുമാർ നടി ബിന്ദു പണിക്കരെ വിവാഹം കഴിക്കുകയായിരുന്നു.
ചെറുപ്പത്തിലേ തനിക്ക് അഭിനയത്തേക്കാൾ ഡബ്ബിങ് വലിയ ഇഷ്ടമായിരുന്നുവെന്നും എന്നാൽ അതേക്കുറിച്ച് അച്ഛനോട് പറഞ്ഞപ്പോൾ പഠിക്കൂ എന്നിട്ട് നോക്കാമെന്നായിരുന്നു മറുപടിയെന്നും താരപുത്രി പറഞ്ഞിരുന്നു. അച്ഛന്റെ മകൾ എന്ന് പറയുന്നതിൽ തനിക്ക് എന്നും അഭിമാനമേയുള്ളൂവെന്ന് വൈഷ്ണവി പറഞ്ഞിരുന്നു.