മലയാളത്തിന്റെ താരരാജാവ് നടന വിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുകയാണ്. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ത്രീഡി ഫോർമാറ്റിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് ആരംഭിച്ചത്. വിദേശ താരങ്ങളും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന സിനിമയിൽ മോഹൻലാലിന് ഒപ്പം മലയാള സിനിമയുടെ യൂത്ത് ഐക്കൺ പൃഥ്വിരാജും എത്തുന്നുണ്ട്.
പ്രശസ്ത ക്യാമറമാൻ സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ബറോസ് ജിജോ പുന്നൂസിന്റെ തിരക്കഥയിലാണ് ഒരുങ്ങുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ മോഹൻലാൽ ചിത്രം നിർമ്മിക്കുന്നത്.
അതേ സമയം ബറോസിന്റെ ആദ്യ ഷെഡ്യൂൾ ഗോവയിൽ പൂർത്തിയായതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ബറോസിന്റെ ലൊക്കേഷനിൽ നിന്നുളള ചിത്രങ്ങളെല്ലാം മുൻപ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായിരുന്നു. സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹം ലാൽ സാറിന്റെ മനസിൽ മൊട്ടിട്ട് കുറച്ചുകാലമായെന്ന് വെളിപ്പെടുത്തുകയാണ് ആന്റണി പെരുമ്പാവൂർ ഇപ്പോൾ.
വെളളിനക്ഷത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ലാലേട്ടനെ കുറിച്ച് അദ്ദേഹം വാചാലനായത്. ഒരു കാര്യം വിചാരിച്ചാൽ അത് നടത്തിയടുക്കുന്ന ആളാണ് മോഹൻലാൽ സാറെന്നും അദ്ദേഹത്തിന്റെ ആ സ്വഭാവം തനിക്ക് നന്നായി അറിയാമെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. ഇടയ്ക്കൊക്കെ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് അദ്ദേഹം സംസാരിച്ചിരുന്നു. എന്നാൽ രണ്ടര വർഷത്തിന് മുൻപ് മാത്രമാണ് അത് കുറച്ചുകൂടി ഗൗരവമായി ലാൽ സാറ് എടുത്തത്.
ജിജോ സാറുമായി ഒരു മീറ്റിംഗ് കഴിഞ്ഞ ശേഷമാണ് സംവിധാനം ചെയ്യണമെന്ന തീരുമാനം ഗൗരവത്തിൽ എടുത്തത്. ആന്റണി എനിക്ക് ഒരു സിനിമ ചെയ്യണം കൂടെ നിൽക്കില്ലെ എന്നായിരുന്നു ലാൽസാർ ചോദിച്ചത് എന്നും ആന്റണി പെരുമ്പാവൂർ പറയുന്നു.
അദ്ദേഹം ഒരു കാര്യം വിചാരിച്ചാൽ അത് നടത്തിയെടുക്കും. അദ്ദേഹത്തിന്റെ സ്വഭാവം എനിക്ക് നന്നായി അറിയാം. സാറിന്റെ മനസുമുഴുവൻ ഈ സിനിമയിലാണെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ട് തന്നെ ഞാൻ പറഞ്ഞു. സാർ ധൈര്യമായി പോയ്ക്കോളൂ. ആശീർവാദ് ടീം ഒന്നടങ്കം പിന്നിലുണ്ടാകും.
എന്റെ ഈ വാക്കുകൾ സാറിന് ധാരാളമായിരുന്നു. ലാൽ സാറിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവിൽ ഏറെ നിർണായകമായ വ്യക്തിയാണ് ജിജോ സാർ. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത് നവോദയയുടെ സൂത്രധാരനായ ജിജോ സാർ ആയിരുന്നു. ജിജോ സാർ പറഞ്ഞ കഥ ലാൽ സാറിന് ഏറെ ഇഷ്ടമായി.
ആ കഥ വിഷ്വലൈസ് ചെയ്തുകൊണ്ട് തന്റെ ചലച്ചിത്ര ജീവിതത്തിന്റെ മറ്റൊരു മേഖലയിലേക്ക് അദ്ദേഹം കടന്നു എന്നു ആന്റണി പെരുമ്പാവൂർ വ്യക്തമാക്കുന്നു. അതേ സമയം ബറോസിന് പുറമെ മരക്കാർ അറബിക്കടലിന്റെ സിംഹവും മോഹൻലാൽ ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ടിൽ വരാനിരിക്കുന്ന ചിത്രമാണ്.
ദൃശ്യം 2 ആയിരുന്നു മോഹൻലാലിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം. ഒടിടി റിലീസായി എത്തിയ സിനിമ ആദ്യ ദിനം തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ദൃശ്യം 2 കണ്ട ശേഷം തിയ്യേറ്റർ അനുഭവം മിസ് ആയതിന്റെ നിരാശ പലരും പങ്കുവെച്ചിരുന്നു. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ സിനിമ സംവിധാനം ചെയ്തത് ജീത്തു ജോസഫ് ആയിരുന്നു.