മലയാളി സീരിയൽ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട സീരിയൽ താരമാണ് നടൻ നിരഞ്ജൻ നായർ. നിരവധി
സീരിയലുകളിൽ വ്യത്സ്തമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരത്തിന് ടെലിവിഷൻ രംഗത്ത് ആരാധകരും ഏറെയുണ്ട്.
ഇപ്പോൾ സീകേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് പരമ്പരയായ പൂക്കാലം വരവായ് എന്ന സീരിയലിലെ ഹർഷനായി തിളങ്ങി നിൽക്കുകയാണ് നിരഞ്ജൻ നായർ. ലോക്ഡൗൺ കാലത്ത് ഭാര്യയ്ക്കൊപ്പമുള്ള പ്രിയനിമിഷങ്ങളായിരുന്നു താരം പങ്കുവെച്ചത്. ഇപ്പോഴിതാ താനൊരു അച്ഛനാവാൻ പോവുകയാണെന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് വീട്ടിലെ പുതിയ സന്തോഷം നടൻ തന്നെ പുറംലോകത്തെ അറിയിച്ചത്. നിരഞ്ജൻ നായരുടെ വാക്കുകൾ ഇങ്ങനെ:
ഞാൻ ഷൂട്ടിങ്ങിന് വേണ്ടി പോയതായിരുന്നു. അപ്പോഴാണ് താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്ത എന്റെ ഭാര്യ അറിയിച്ചത്. എന്റെ റിയാക്ഷൻ എന്ത് എന്ന് ചോദിച്ച് കൊണ്ടായിരുന്നു. കാരണം ഞങ്ങളത് പ്രതീക്ഷിച്ചിരുന്നില്ല. സന്തോഷ വാർത്ത കേട്ട ഉടനെ ഞാൻ അവളെ വീഡിയോ കോളിൽ വിളിച്ചു. ഞങ്ങൾ രണ്ട് പേരും കരഞ്ഞ് പോയ നിമിഷമാണത്. ഈ സമയത്ത് അവൾക്കൊപ്പം ആയിരിക്കാൻ കഴിയാത്തതിൽ എനിക്ക് വിഷമം തോന്നി.
എന്നിരുന്നാലും അന്ന് രാത്രി തന്നെ ഞാൻ തൃശൂരിലെ വീട്ടിലെത്തി. സ്‌ക്രീനിൽ കാണുന്നത് പോലെ ഗർഭകാലം അത്ര എളുപ്പമുള്ളതല്ല. സിനിമയിൽ ഒരു പാട്ടോട് കൂടി എല്ലാം തീർന്നു. പക്ഷേ യഥാർഥ ജീവിതത്തിൽ ഇത് വലിയ ബുദ്ധിമുട്ടാണ്. അവൾക്ക് ആദ്യ നാല് ആഴ്ച ആയപ്പോഴെക്കും അവൾക്ക് ഓക്കാനം വന്ന് തുടങ്ങി.
കൃത്യസമയത്തും കൃത്യമായ ഇടവേളകളിൽ അവൾക്ക് ഭക്ഷണം കൊടുക്കാൻ ഇപ്പോൾ ഞാനൊരു ചൂരലും കൊണ്ട് പുറകേ നടക്കുകയാണ്. ഇപ്പോൾ കുഞ്ഞുമായി സംസാരിക്കാറുണ്ട്. അച്ഛനാകാനുള്ള എല്ലാ ഘട്ടങ്ങളും ഞാൻ ആസ്വദിക്കുകയാണ്. കൊവിഡ് പോലൊരു പകർച്ചവ്യാധി കഠിനമായ ഈ സാഹചര്യത്തിൽ കുഞ്ഞിനെ സ്വാഗതം ചെയ്യാനിരിക്കുന്നത് ലേശം ആശങ്ക ഉണർത്തുന്നുണ്ടെന്ന് കൂടി നിരഞ്ജൻ പറയുന്നു.
ചുറ്റിലും ധാരാളം അനിശ്ചിതത്വമുണ്ട്. സീരിയൽ ഷൂട്ടിങ്ങുകളടക്കം നിർത്തിയതോടെ സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടാവും. പണം സമ്പാദിക്കുക എന്നതാണ് ആദ്യ തയ്യാറെടുപ്പ്. പിന്നെ എന്തൊക്കെയാണ് വേണ്ടതെന്ന് ഞങ്ങൾക്ക് പോലും അറിയില്ല. അതുകൊണ്ട് നേരത്തെ തന്നെ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു എന്നും നിരഞ്ജൻ പറയുന്നു.