സുരേഷ് ഗോപിയും മുരളിയും പ്രധാന വേഷത്തിലെത്തി മോഹന്റെ സംവിധാനത്തിൽ 1995ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ അഭിനയരംഗത്തേക്ക് എത്തി പിന്നീട് മലയാള സിനിമയിലെ ലേഡി സൂപ്പർതാരമായി മാറിയ നടിയാണ് മഞ്ജു വാര്യർ. ലോഹിതദാസിന്റെ രചനയിൽ സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തിലാണ് മഞ്ജു വാര്യർ ആദ്യമായി നായികയായി എത്തിയത്.
അതിന് ശേഷം ശക്തമായ ഒരു പിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച് മികച്ച നടി എന്ന പേര് മഞ്ജുവാര്യർ നേടിയെടുത്തു. എന്നാൽ നടൻ ദിലീപിനെ പ്രണയിച്ച് വിവാഹം കഴിച്ച മഞ്ജു അഭിനയ രംഗം വിട്ടു. പിന്നീട് ദിലീപുമായി വിവാഹ മോചനം നേടിയ മഞ്ജു 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചു വരികയായിരുന്നു.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർയു എന്ന ക്ലാസ്സിക് ഹിറ്റിലൂടെ ശക്തമായ തിരിച്ചു വരവായിരുന്നു മഞ്ജു വാര്യർ നടത്തിയത്. ആദ്യ വരവിലേത് പോലെ തന്നെ ഇടവേളയക്ക് ശേഷമുള്ള തിരിച്ചുവരവിലും കേരളക്കര മുഴുവൻ മഞ്ജു വാര്യരെ ഏറ്റെടുക്കുക ആയിരുന്നു.
രണ്ടാംവരവിലും മികച്ച കഥാപാത്രങ്ങൾ ചെയ്ത് മുന്നേറുകയാണ് താരം. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കും യുവതാരങ്ങൾക്കും ഒപ്പം ഒരേപോലെ അഭിനയിക്കുന്ന താരത്തിന് കൈനിറയെ സിനിമകളാണ്. തമിഴകത്തും അരങ്ങേറിയ താരം ധനുഷിന്റെ നായികയായി അസുരൻ എന്ന സിനിമയിൽ എത്തിയിരുന്നു.
അതേ സമയം സ്വപ്നങ്ങളെ പിന്തുടരുന്ന ഒരാളല്ല താനെന്ന് വെളിപ്പെടുത്തുകയാണ് മഞ്ജു വാര്യർ ഇപ്പോൾ. ഒന്നും നേരത്തെ പ്ലാൻ ചെയ്തിട്ടോ ഇങ്ങനെ ചെയ്താൽ അതിന് മറ്റൊരു ഗുണം ഉണ്ടാവുമെന്ന് മുൻകൂട്ടി ചിന്തിച്ചിട്ടോ തനിക്കൊന്നും ജീവിതത്തിൽ ചെയ്യാൻ പറ്റിയിട്ടില്ലെന്നും മഞ്ജു വാര്യർ പറയുന്നു.
അതൊരു പക്ഷേ തന്റെ കുറവായിരിക്കാമെന്നും പക്ഷേ എവിടെയൊക്കെയോ തളർന്നു പോകാതെ ഏതൊക്കെയോ ശക്തികൾ തന്നെ കാത്തിട്ടുണ്ടെന്നും മഞ്ജു വാര്യർ വെളിപ്പെടുത്തുന്നു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
മഞ്ജു വാര്യരുടെ വാക്കുകൾ ഇങ്ങനെ:
ആളുകളുടെ സ്നേഹത്തിൽ നിന്നാണ് ഞാൻ പ്രചോദനം ഉൾക്കൊള്ളുന്നത്. നമ്മളോട് ആളുകൾ വന്ന് സ്നേഹത്തിൽ പെരുമാറുന്നതിൽ നിന്ന്. ആ ഒരു പോസിറ്റിവിറ്റിയിൽ നിന്നാണ് ഞാൻ എനിക്കുള്ള ശക്തി എടുക്കാറ്. മലയാളികൾക്ക് എന്തുകൊണ്ടാണ് എന്നോട് സ്നേഹം എന്നറിയില്ല. എന്തിനാണ് ആ സ്നേഹം എന്നന്വേഷിച്ച്, അതിന്റെ കാരണം തിരഞ്ഞുപോകാൻ എനിക്ക് ധൈര്യമില്ല.
ആഹ്ലാദവും സമാധാനാവും തീർച്ചയായും ഉണ്ട്, സന്തോഷം ഉണ്ട് പക്ഷേ അത് ഇന്ന ഒരു പ്രത്യേക കാര്യം കൊണ്ടാണ് എന്ന് പറയാൻ ആവുമോ എന്നറിയില്ല. അത് ഏതെങ്കിലും ഒരു വസ്തുവിലോ എന്റെ ഏതെങ്കിലും ഒരു നേട്ടത്തിലോ അധിഷ്ഠിതമായി എനിക്ക് തോന്നിയിട്ടില്ല.
ഇപ്പോൾ ഉള്ള ഒന്നും എന്റെ ജീവിതത്തിൽ ഇല്ലെങ്കിലും ഞാൻ ഒരുപക്ഷേ സന്തോഷമായി തന്നെ ഇരിക്കുമായിരിക്കും. എന്റെ സന്തോഷം, അത് എന്റെ ഉള്ളിന്റെ ഉള്ളിൽ തന്നെയുണ്ട്. ഒരുപാട് പേർക്ക് പ്രചോദനമാണ് ഞാനെന്ന് ചിലർ എന്റെയടുത്ത് തന്നെ പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലൊക്കെ ഞാൻ വായിക്കുന്നുണ്ട്.
പക്ഷേ ഇതൊന്നും ബോധപൂർവം ചെയ്തതല്ല. അവരവരുടെ ഉള്ളിലുള്ള ശക്തി തന്നെയാണ് ഓരോരുത്തരേയും മോട്ടിവേറ്റ് ചെയ്യുന്നത്. അതിന് എന്റെ ഒരു ഫോട്ടോയോ എന്തെങ്കിലും ഒരു കാര്യമോ ഒക്കെ നിമിത്തമാവുന്നു എന്നേയുള്ളു.
അവനവനെ മോട്ടിവേറ്റ് ചെയ്യാൻ അവനവന് മാത്രമേ പറ്റൂ. അതല്ലാതെ എന്നിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു എന്നത് എന്നോടുള്ള സ്നേഹം കൊണ്ട് തോന്നുന്നതായിരിക്കും എന്നും മഞ്ജു വാര്യർ വ്യക്തമാക്കുന്നു.