മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 3 മലയാളം ഏഷ്യാനെറ്റ് ചാനലിൽ സംഭവ ബഹുലമായി മുന്നോട്ട് പോകുകയാണ്. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ 85 ദിവസം പിന്നിട്ട് കഴിഞ്ഞു. 18പേരുണ്ടായിരുന്ന ഷോയിൽ ഇപ്പോൾ 9 പേരാണ് ഉളളത്. ഇവർ ബിഗ് ബോസ് സീസൺ 3 ലെ ശക്തരായ മത്സരാർഥികളാണ്.
ഒരോ ദിവസം കഴിയുംതോറും മത്സരവും മുറുകി വരുകയാണ്. 100 ദിവസം പൂർത്തിയാക്കാൻ ഇനി അധികം ദിവസങ്ങൾ ഇല്ല. ഫൈനൽ ഫൈവിൽ ഇടം നേടണമെന്നാണ് മത്സരാർഥികളുടെ ആഗ്രഹം. പോയ വാരം വളരെ ശാന്തമായിട്ടായിരുന്നു ബിഗ് ബോസ് ഹൗസ് മുന്നോട്ട് പോയത്. അധികം വഴക്കുകളും പ്രശ്‌നങ്ങളും ഹൗസിൽ ഉണ്ടായിരുന്നില്ല.
എന്നാൽ കഴിഞ്ഞ ആഴ്ചകളിൽ സമാധാനപരമായി പോവുകയായിരുന്ന ബിഗ് ബോസ് വീട് വീണ്ടും വാക്ക് തർക്കത്തിലും വഴക്കിലേക്കും എത്തിയിരിക്കുകയാണ്. ആദ്യം റംസാനും മണിക്കുട്ടനും തമ്മിൽ മോണിങ് ടാസ്‌കിൽ കയർത്ത് സംസാരിച്ചിരുന്നു. കിടിലം ഫിറോസും ഇതേറ്റ് പിടിച്ചു.
പിന്നീട് റിതുവും രമ്യയും തമ്മിലാണ് മറ്റൊരു പ്രശ്നത്തിന് തുടക്കം കുറിച്ചത്. കിച്ചണിൽ നിൽക്കുമ്പോഴാണ് റിതുവും രമ്യയും തമ്മിൽ തർക്കം ആരംഭിക്കുന്നത്. രമ്യയാണ് ചർച്ചയ്ക്ക് തുടക്കം കുറിച്ചതെങ്കിലും റിതു ആദ്യം ഒഴിഞ്ഞ് മാറി. പിന്നാലെ കൂടിയ രമ്യ റിതുവിനെ കൊണ്ട് സംസാരിപ്പിച്ചു.
പല തവണ പറഞ്ഞ് അവസാനിപ്പിച്ച കാര്യങ്ങളാണ് രമ്യ വീണ്ടും എടുത്തിടുന്നതെന്ന് ആരോപിച്ച റിതു ഒരു കാര്യം നടന്ന് കഴിഞ്ഞാൽ അത് അപ്പോൾ പറയണം. അല്ലെങ്കിൽ ആ ദിവസം പറയണമെന്ന് സൂചിപ്പിച്ചു. അതല്ലാതെ രണ്ട് ദിവസം മുൻപ് നടന്ന കാര്യം ഇപ്പോഴല്ല വന്ന് പറയേണ്ടത്.
ഇതിനിടെ റിതു തന്നെ മുൻപും പുച്ഛിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് രമ്യ എത്തിയത്. വഴക്ക് കൂടണമെങ്കിൽ ഇഷ്ടം പോലെ സ്പെയ്സ് ഉണ്ട് അവിടെ നിന്ന് വഴക്ക് ഉണ്ടാക്കിക്കോളുവെന്നും റിതു പറയുന്നു. പല തവണ റിതു ഒഴിഞ്ഞ് മാറാൻ ശ്രമിച്ചെങ്കിലും രമ്യ പിന്തുടർന്ന് സംസാരിക്കുകയായിരുന്നു.
എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് നോമിനേഷനിൽ പറഞ്ഞോളൂ എന്ന് പറഞ്ഞ് റിതു പിന്മാറി. ഇടയ്ക്ക് താനിവിടെ നിന്ന് പോയത് ആറ്റിറ്റിയൂഡ് മാറ്റനല്ലെന്ന് രമ്യയും തിരിച്ച് പറയുന്നു. നിങ്ങളുടെ നിലപാടിനെ പുച്ഛിക്കുന്നു എന്നാണ് ഞാൻ പറഞ്ഞത്. അല്ലാതെ നിങ്ങൾ പുച്ഛിച്ചു എന്നില്ലെന്ന് റിതു സൂചിപ്പിച്ചു.