ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് സൂപ്പർതാരമാണ് സൽമാൻ ഖാൻ. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ നായകനായിട്ടുള്ള സൽമാൻ ബോളിവുഡിന്റെ മസിൽ ഖാൻ എന്നാണ് അറിയപ്പെടുന്നത്. ഇപ്പോഴിതാ ഇന്തയയിൽ കൊവിഡ് രണ്ടാം വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സിനിമ പ്രവർത്തകർക്ക് ധനസഹായവുമായി എത്തിയിരിക്കുകയാണ് സൽമാൻ ഖാൻ.
ദിവസ വേതനം അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സിനിമാ മേഖലയിലെ ജീവനക്കാർക്കാണ് ധനസഹായം നൽകുമെന്ന് സൽമാൻ അറിയിച്ചത്. മേക്കപ്പ് ആർട്ടിസ്റ്റുകൾ, ജൂനിയർ ആർട്ടിസ്റ്റുകൾ, ലൈറ്റ്ബോയ്സ്, തുടങ്ങിയ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന 25,000 പേർക്ക് ധനസഹായം നൽകുമെന്ന് സൽമാൻ പറഞ്ഞു.
ആദ്യഗഡുവായി 1,500 രൂപ വീതം നൽകുമെന്ന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യൻ സിനി എംപ്ലോയിസ് (എഫ്ഡബ്ല്യുഐസിഇ) പ്രസിഡന്റ് ബിഎൻ തിവാരി അറിയിച്ചു. അർഹതപ്പെട്ട ജീവനക്കാരുട പട്ടികയും അക്കൗണ്ട് നമ്പരും സൽമാൻ ഖാന് കൈമാറിയെന്നും പണം എത്രയും പെട്ടെന്ന് തന്നെ നിക്ഷേപിക്കുമെന്ന് അദ്ദേഹം അറിയിച്ചതായും ബിഎൻ തിവാരി പറഞ്ഞു.
മുമ്പ് ശിവസേനയുടെ യുവജനവിഭാഗവുമായി സഹകരിച്ച് മുംബൈയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പൊലീസുകാർക്കും ആരോഗ്യപ്രവർത്തകർക്കും ഭക്ഷണമെത്തിക്കാനും സൽമാൻ രംഗത്തെത്തിയിരുന്നു.
കോവിഡ് മുൻനിര പോരാളികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സൽമാന്റെ വീഡിയോയും വൈറൽ ആയിരുന്നു. 5000 ഭക്ഷണ പൊതികളാണ് മുംബൈയിലെ ആരോഗ്യ പ്രവർത്തകർക്കും പൊലീസുകാർക്കും ആയി സൽമാൻ വിതരണം ചെയ്തത്.
അതേസമയം, സിനിമാരംഗത്തെ 35000 മുതിർന്ന പൗരൻമാർക്ക് 5000 രൂപ വീതം നൽകാൻ യഷ്രാജ് ഫിലിംസുമായി ധാരണയായതായി എഫ്ഡബ്ല്യുഐസിഇ അറിയിച്ചു. നാല് പേരുള്ള കുടുംബത്തിന് പ്രതിമാസ റേഷനും യഷ്രാജ് ഫിലിംസ് വിതരണം ചെയ്യും.