ഒരു കാലത്ത് മലയാള സിനിമയിൽ റൊമാന്റിക് നായകനായി പേരെടുത്ത നടനായിരുന്നു ശങ്കർ. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ ഫാസിലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നായികനായി ആയിരുന്നു ശങ്കർ മലയാള സിനിമയിൽ എത്തിത്.
തുടർന്ന് നിരവധി സിനിമകളിൽ പ്രണയ നായകനായും നിരാശാ കാമുകനായും ഒക്കെ അഭിനയിച്ച ശങ്കറിന് പക്ഷേ ഒരു സൂപ്പർതാരമായി ഉയരാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ വില്ലനായി എത്തിയ മോഹൻലാൽ താരരാജാവായി മാറുകയും ചെയ്തു.
അതേ സമയം മലയാള സിനിമയിൽ മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ വളർച്ച മറ്റൊരു നടന്റെ തളർച്ചയ്ക്ക് കാരണമായി എന്ന് പൊതുവേ പറയാറുണ്ട്. കരിയറിന്റെ തുടക്കകാലത്ത് മോഹൻലാൽ വില്ലൻ വേഷങ്ങൾ ചെയ്യുമ്പോൾ ആ സിനിമകളിലൊക്കെ നായകനായി തിളങ്ങിയിരുന്ന നടനായിരുന്നു ശങ്കർ.
പക്ഷേ ശങ്കർ എന്ന നടന് മലയാളത്തിലെ ഒരു സൂപ്പർ സ്റ്റാർ ആയി ഉയർന്നു വരാനുള്ള ഭാഗ്യം സിദ്ധിച്ചില്ല. തനിക്കൊപ്പം സിനിമയിലെത്തിയ മോഹൻലാൽ സൂപ്പർ താരമായി മുന്നേറുകയും തനിക്ക് സൂപ്പർതാര ഇമേജ് എന്തുകൊണ്ട് സൃഷ്ടിക്കാൻ കഴിയാതെ പോയി എന്നതിനെക്കുറിച്ചും തുറന്നു പറയുകയാണ് ശങ്കർ.
ഒരു ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു ശങ്കറിന്റെ തുറന്നു പറച്ചിൽ. ശങ്കറിന്റെ വാക്കുകൾ ഇങ്ങനെ:
മോഹൻലാൽ ചെയ്തത് പോലെ വ്യത്യസ്തമായ വേഷങ്ങൾ എനിക്ക് ലഭിച്ചില്ല. എന്റെ സ്ഥിരം ഇമേജിൽ നിന്ന് മാറാൻ വേണ്ടി ആക്ഷൻ സിനിമകൾ ഞാൻ സംവിധായകരോട് ചോദിച്ചു വാങ്ങിയിട്ടുണ്ട്. പ്രിയദർശന്റെ പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന സിനിമയൊക്കെ അങ്ങനെ ചെയ്തതാണ്.
ഞാനും മോഹൻലാലും തമ്മിൽ നിരവധി സംഘട്ടന രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ ആക്ഷൻ സിനിമ ചെയ്യുമ്പോൾ തന്നെ ഹ്യൂമറൊക്കെ അതി മനോഹരമായി ചെയ്യുമായിരുന്നു. മോഹൻലാലിന്റെ സിനിമകളൊക്കെ സൂപ്പർ ഹിറ്റാവുകയും ചെയ്തു.
ഞാൻ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ കണ്ട അതേ ലാലാണ് ഇത്രയും വർഷം സൂപ്പർ താരമായി എന്റെ മുന്നിൽ നിൽക്കുമ്പോഴും കാണുന്നത്. സ്വഭാവത്തിൽ യാതൊരു മാറ്റവുമില്ല. അന്നും ഇന്നും ഒരേ പോലെ പെരുമാറുന്ന വ്യക്തിത്വമാണ് മോഹൻലാലിന്റേതെന്നും ശങ്കർ വ്യക്തമാക്കുന്നു.