വമ്പൻ വിജയങ്ങൾ കൊണ്ടും അഭിനയം കൊണ്ടും സൗഹൃദം കൊണ്ടും ഇന്ത്യൻ സിനിമയാക്ക് തന്നെ മാതൃതയായി സൂപ്പർതാരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മലയാള സിനിമയുടെ താരരാജാക്കന്മാരായി മമ്മൂട്ടിയും മോഹൻലാലും വാഴാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. പലപ്പോഴും ഇവരിൽ ആരാണ് കേമൻ എന്ന് തർക്കമാണ് നടക്കാറുള്ളത്.
ഇന്നും ഉത്തരം കിട്ടാത്ത ആ ചോദ്യം അങ്ങനെ തുടരുമ്പോഴും സൂപ്പർ ഹിറ്റ് സിനിമകളുമായി താരങ്ങൾ മുന്നോട്ടുതന്നെ പൊയ്‌ക്കൊണ്ടിക്കുകയാണ്. ഇതിനിടെ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം വർഷങ്ങൾക്ക് മുൻപെടുത്ത ഒരു ഫോട്ടോ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ എംഎ നിഷാദ്.
ഫാസിലിന്റെ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായ ഹരികൃഷ്ണൻസിന്റെ ലൊക്കേഷനിൽ നിന്നെടുത്ത ചിത്രം പങ്കുവെച്ചതിനൊപ്പം താരരാജാക്കന്മാരെ കുറിച്ചുള്ള വിശദമായൊരു കുറിപ്പ് കൂടി എംഎ നിഷാജ് നൽകിയിരിക്കുകയാണ്.
എംഎ നിഷാദിന്റെ കുറിപ്പിന്റെ പൂർണരൂപം:
‘ഒരു ഫയൽ ചിത്രം’
കോവിഡ് വീണ്ടും കേരളത്തിൽ, പടർന്ന് പിടിക്കുന്ന വാർത്തകളാണെവിടേയും. ഭയം വേണ്ട ജാഗ്രത മതി, എന്ന ആപ്തവാക്യം ശിരസ്സാ വഹിക്കുന്നെണ്ടെങ്കിലും, ഒരു ex കോവിഡുകാരനായ എനിക്ക്, ആശങ്കയില്ലാതില്ല. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുന്നത് ഓരോ പൗരനും പാലിക്കേണ്ട മിനിമം മര്യാദയാണ്. അങ്ങനെയേ പാടുളളൂ.
അത് കൊണ്ട് തന്നെ വീട് ഒന്നുഷാറാക്കാൻ തീരുമാനിച്ച പ്രകാരം വാപ്പയുടെ ഓഫീസ് മുറിയിലെ അദ്ദേഹത്തിന്റെ പുസ്തക ശേഖരണത്തിനിടയിൽ നിന്ന് വീണ് കിട്ടിയതാണ് ഈ ചിത്രം. പണ്ടെങ്ങോ ഒരു ഷൂട്ടിംഗ് സെറ്റിൽ വെച്ച് രണ്ട് മഹാനടന്മാരുടെ ഇടയിൽ നിന്നെടുത്ത പടം. ഓർമ്മ ശരിയാണെങ്കിൽ ശ്രീ ഫാസിൽ സംവിധാനം ചെയ്ത ഹരികൃഷ്ണൻസ് എന്ന സിനിമയുടെ ലൊക്കേഷനിൽ.
ആലപ്പുഴയിലെ പാച്ചിക്കയുടെ വീട്ടിൽ. രണ്ട് മഹാരഥന്മാരുടെ കൂടെ നിന്നെടുത്ത ചിത്രത്തിന് വലിയ പ്രചാരം അന്ന് ലഭിച്ചില്ല. കാരണം അന്ന് സുക്കറണ്ണൻ മുഖപുസ്തകം തുടങ്ങിയിട്ടില്ല. മലയാള സിനിമയെ പുതിയ പാന്ഥാവിലേക്ക് അല്ലെങ്കിൽ ശരിയായ ദിശയിലേക്ക് നയിച്ചതിൽ ഈ രണ്ട് നടന്മാരുടെ പങ്ക് വളരെ വലുതാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
എത്ര ന്യൂ ജനറേഷൻ വന്നാലും ഇവരുടെ തട്ട് താഴ്ന്ന് തന്നെയിരിക്കും. അത് ആഴത്തിൽ പതിച്ചതാണ്. ഇവരിൽ ആരാണ് കേമൻ അല്ലെങ്കിൽ മികച്ചത് എന്ന തർക്കം മലയാളി സിനിമാ പ്രേക്ഷകരുടെ ഒരു ചർച്ചാ വിഷയമായിട്ട് നാളേറെയായി. ഇന്നും ആ തർക്കം അഭംഗുരം തുടരുന്നു. പണ്ട് തീയറ്ററുകളിലായിരുന്നെങ്കിൽ ഇന്ന് സമൂഹമാധ്യമങ്ങളിലായി തർക്കം. ഏട്ടൻ ഫാൻസും, ഇക്കാ ഫാൻസും, തങ്ങളുടെ ആരാധനാമൂർത്തികൾക്ക് വേണ്ടി കളം നിറഞ്ഞാടുന്നു.
കട്ടൗട്ടറുകളിൽ പാലഭിഷേകം പോലെയുളള കലാപരിപാടികൾ ഇക്കൂട്ടർ ഒഴിവാക്കിയത് വളരെ നല്ല കാര്യമാണ്. കൂടുതലും ജീവകാരുണ്യ പ്രവർത്തികളിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ തീരുമാനിച്ചു എന്നാണറിവ്. (ഫാൻസുകാരുടെ കാര്യമാണ്. എല്ലാ പ്രേക്ഷകരേയും അല്ല) ഈ രണ്ട് മഹാ നടന്മാരുടേയും മികച്ച വേഷങ്ങൾ ഇനിയും വെളളിത്തിരയിൽ എത്തിയിട്ടില്ല എന്ന അഭിപ്രായക്കാരനാണ് ഞാൻ.
മോഹൻലാലിനും മമ്മൂട്ടിക്കും ലഭിച്ച ഏറ്റവും വലിയ ഭാഗ്യങ്ങൾ പ്രതിഭാധനരായ എഴുത്തുകാരുടേയും സംവിധായകരുടേയും ചിത്രങ്ങളിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ അവസരം ലഭിച്ചു എന്നുളളതാണ്. വാനപ്രസ്ഥം, സദയം, കിരീടവും മോഹൻലാലിലെ നടൻ നമ്മളെ വിസ്മയിപ്പിച്ച കഥാപാത്രങ്ങളാണ്. ഒരു വടക്കൻ വീരഗാഥയും, വിധേയനും അമരവും, മമ്മൂട്ടി എന്ന നടനെ സ്ഫുടം ചെയ്തെടുത്തു.
അത്തരം കാമ്പുളള കഥാപാത്രങ്ങൾ അവതരിപ്പിച്ച് ഈ രണ്ട് നടന്മാരും നമ്മളെ വിസ്മയിപ്പിക്കുമെന്ന പ്രതീക്ഷയോടെ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. NB: എഴുതാൻ ഇനിയുമുണ്ട്. തൽക്കാലം വിവാദത്തിനില്ല. എന്തിന്?