മലയാളത്തിന്റെ താരരാജാവ് നടനവിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ആറാട്ട് എന്ന പുതിയ സിനിമയുടെ ടീസർ പുറത്തിറങ്ങി. വിഷു ദിനത്തിൽ ടീസർ പുറത്തിറങ്ങിയതോടെ തീയേറ്ററുകൾ പൂരപ്പറമ്പാകുമെന്ന് ഉറപ്പുമായിരിക്കുകയാണ്.
ബി ഉണ്ണികൃഷ്ണനാണ് സിനിമയുടെ സംവിധായകൻ. ആകെ മൊത്തം അടിയും ഇടിയുമായാണ് ടീസർ എത്തിയിരിക്കുന്നത്. മോഹൻലാലിന്റെ മാസ് ആക്ഷനാണ് ടീസറിലുള്ളത്. കെഎൽവി 2255 എന്ന നമ്പറിലുള്ള പഴയ ബെൻസ് കാറിൽ വന്നിറങ്ങുന്ന മോഹൻലാലിന്റെ രംഗത്തോടെ ആരംഭിക്കുന്ന ടീസർ പിന്നീട് മാസ് ഫൈറ്റ് സീനുകളാണ് കാണിച്ചിരിക്കുന്നത്.
ഒപ്പം നേനു വാലനി ചെമ്പൈ സാലു എന്നുള്ള മോഹൻലാലിന്റെ ഒരു ഡയലോഗും. അമ്പോ രോമാഞ്ചം എന്നാണ് ടീസറിന് താഴെ വരുന്ന കമന്റുകളധികവും. തീയേറ്ററിൽ തീപ്പൊരി പറക്കുമെന്നും കൊറോണയുടെ ഇടവേള കഴിഞ്ഞു തീയേറ്റർ പൂരപ്പറമ്പാക്കാൻ ലാലേട്ടൻ എന്നും ഒരു തെലുങ്ക് സിനിമ ടീസർ പോലെ തോന്നുവെന്നും ലാലേട്ടാ ഇത് ഒരു ഒന്നൊന്നര വിഷു കൈനീട്ടം എന്നൊക്കെ നിരവധി കമൻറുകളാണ് ടീസറിന് ലഭിച്ചിരിക്കുന്നത്.
ടീസർ ഇറങ്ങി മിനിറ്റുകൾക്കകം ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് നേടിയിരിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ടിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ മോഹൻലാലിന് വേണ്ടിയൊരുക്കിയിരിക്കുന്ന തിരക്കഥ കൂടിയാണിത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ വേഷമിടുന്നതാണ് ചിത്രം.
മാടമ്പി, മിസ്റ്റർ ഫ്രോഡ്, ഗ്രാൻഡ് മാസ്റ്റർ, വില്ലൻ എന്നീ സിനിമകൾക്ക് ശേഷം മോഹൻലാലും ബി ഉണ്ണികൃഷ്ണനും ഒരുമിക്കുന്ന ചിത്രമാണിത്. ശ്രദ്ദ ശ്രീനാഥാണ് നായിക. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് സിനിമയുടെ മുഴുവൻ പേര്. സംഗീത വിസ്മയം എ ആർ റഹ്മാൻ ഒരു ഗാനരംഗത്തിൽ സിനിമയിൽ മോഹൻലാലിനൊപ്പം എത്തുന്നുമുണ്ട്.
നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആൻറണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി, നേഹ സക്‌സേന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ക്യാമറ വിജയ് ഉലകനാഥ്, എഡിറ്റർ സമീർ മുഹമ്മദ്, സംഗീതം രാഹുൽ രാജ്, കലാസംവിധാനം ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ തുടങ്ങിയവർ നിർവ്വഹിക്കുന്നു.
പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ നെയ്യാറ്റിൻകരയിൽനിന്നു പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നു; തുടർന്നുള്ള സംഭവങ്ങളാണ് ആറാട്ട്. മോഹൻലാൽ ഉപയോഗിക്കുന്ന കറുത്ത ബെൻസ് കാറും ചിത്രത്തിലെ ഹൈലൈറ്റാണ്. മൈ ഫോൺ നമ്പർ ഈസ് 2255 എന്ന രാജാവിന്റെ മകനിലെ ഡയലോഗ് ഓർമിപ്പിക്കാനായി കാറിനും 2255 എന്ന നമ്പറാണു നൽകിയിരിക്കുന്നത്.