വളരെ വേഗത്തിൽ തന്നെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മലയാളത്തിന്റെ യുവ നടി രജിഷ വിജയൻ. ആദ്യ ചിത്രമായ അനുരാഗ കരിക്കിൻവെള്ളത്തിലെ ഏലി എന്ന കഥാപാത്രം തന്നെ താരത്തിനെ ഏറെ ശ്രദ്ധേയയാക്കിയിരുന്നു.
ഇപ്പോഴിതാ തമിഴകത്തിന്റെ യുവസൂപ്പർതാരം ധനുഷിന് ഒപ്പം അഭിനയിച്ച കർണൻ എന്ന ചിത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് രജിഷ വിജയൻ. തന്റെ ജൂൺ കണ്ടിട്ടാണ് തന്നെ കർണനിലേക്ക് മാരി ശെൽവരാജ് വിളിക്കുന്നതെന്നും അദ്ദേഹത്തെ കണ്ട് കഥ കേട്ടപ്പോൾ അധികം ചിന്തിക്കാനുണ്ടായിരുന്നില്ലെന്നും രജിഷ പറയുന്നു. മാതൃഭൂമി ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.
അന്യഭാഷയായത് കൊണ്ട് തന്നെ ആദ്യമായി അഭിനയിക്കുന്നതിന്റെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്നാലും നന്നായി ചെയ്യാൻ പറ്റി എന്നാണ് വിശ്വാസം. മാരി ശെൽവരാജ് ധനുഷ് കോംബോ തന്നെ ആരെയും ആകർഷിക്കുന്നതാണെന്നും വളരെ മികച്ചൊരു ഷൂട്ടിങ് അനുഭവമായിരുന്നും കർണന്റേതെന്നും രജിഷ പറയുന്നു.
കർണന് പിന്നാലെ വേറെയും തമിഴ് ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. അതിനാൽ ഇപ്പോൾ തമിഴ് ഭാഷ പഠിക്കുന്നുണ്ട്. ഭാഷയെ അറിഞ്ഞ് അഭിനയിച്ചാൽ അതുഗുണം ചെയ്യുമെന്നാണ് കരുതുന്നതെന്നും താരം പറയുന്നു. പല കഥകളുമായി ഒരുപാട് പേർ സമീപിക്കുമ്പോൾ അതിൽ ഏറ്റവും നല്ലതെന്ന് തോന്നുന്നവയാണ് താൻ തെരഞ്ഞെടുക്കുന്നത്.
അതേ സമയം നായിക പ്രധാന്യമുള്ള സിനിമ ചെയ്യണം എന്നൊരു പിടിവാശിയൊന്നും തനിക്കില്ലെന്നും അഭിമുഖത്തിൽ രജിഷ പറയുന്നുണ്ട്. നല്ല തിരക്കഥകളുമായി ഒരുപാട് പേർ വരാറുണ്ട്, പക്ഷേ പലതിലും ഞാൻ ചെയ്തതിന് സമാന കഥാപാത്രങ്ങളുണ്ടാകും. ഉദാഹരണത്തിന് ജൂൺ ചെയ്തതിന് പിന്നാലെ അതിന് സമാനമായ ഒരുപാട് കഥകൾ വന്നു.
നമ്മളെ തന്നെ വീണ്ടും ആവർത്തിക്കേണ്ട ആവശ്യമില്ലാത്തത് കൊണ്ട് അത്തരം സിനിമകളോട് നോ പറഞ്ഞു. അങ്ങനെ സിനിമകൾ തെരഞ്ഞെടുക്കാൻ പറ്റുന്നു എന്നത് ഭാഗ്യമായാണ് കാണുന്നത്. ഓരോ സിനിമയും എന്റെ ശരിയായ തെരഞ്ഞെടുപ്പുകൾ തന്നെയാണ്.
പിന്നെ കഥാപാത്രങ്ങൾക്ക് വേണ്ടി അത്യാവശ്യം ഹോം വർക്ക് ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. ഒരു സിനിമ ചെയ്യാൻ വാക്കുകൊടുത്താൽ ആ കഥാപാത്രത്തിന് ആവശ്യമായ എന്തും ചെയ്യാൻ തയ്യാറാണെന്നും രജിഷ വ്യക്തമാക്കുന്നു.