ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ മലയാള സിനിമയ്ക്ക് അഭിമാന നേട്ടമായി മാറിയിരിക്കുകയാണ്. ഏറ്റവും മികച്ച ചിത്രത്തിനടക്കം നിരവധി പുരസ്‌കാരങ്ങളാണ് മലയാള സിനിമയ്ക്ക് ഇത്തവണ ദേശീയ തലത്തിൽ സ്വന്തമായത്.
മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത് താരരാജാവ് മോഹൻലാലിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ആയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തെകുറിച്ചും താൻ കണ്ട മറ്റ് സിനിമകളെ കുറിച്ചുമുള്ള അഭിപ്രായം പങ്കുവെയ്ക്കുകയാണ് ജൂറി അംഗമായ സന്ദീപ് പാമ്പള്ളി.
മലയാള സിനിമയുടെ ബാഹുബലിയാണ് മരക്കാർ എ ന്നാണ് സന്ദീപ് പറയുന്നത്. കോമേഷ്യൽ സിനിമ എന്ന നിലയിൽ പ്രേക്ഷകരെ 101 ശതമാനം എന്റർട്ടെയിൻ ചെയ്യിക്കുമെന്ന് ഉറപ്പുള്ള ചിത്രമാണ് മരക്കാർ. അന്തിമ ജൂറി അംഗങ്ങളുടെ തീരുമാനത്തോട് പൂർണ്ണമായും യോജിക്കുന്നു എന്നും സന്ദീപ് പറഞ്ഞു.
ദേശീയ പുരസ്‌കാരത്തിൽ സൗത്ത് വൺ പാനലിലെ മെമ്പറായിരുന്നു സന്ദീപ് പാമ്പള്ളി. മലയാളം, തമിഴ് സിനിമകളാണ് മത്സരത്തിന്റെ ഭാഗമായി അദ്ദേഹം കണ്ട് വിലയിരുത്തിയത്. അഞ്ച് പേർ അടങ്ങുന്ന പാനലാണ് ഫൈനൽ റൗണ്ടിലേക്കുള്ള മലയാളം, തമിഴ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്.
കൂടതെ ദേശീയ പുരസ്‌കാരത്തിലെ മറ്റ് പാനലുകൾ വെച്ച് നോക്കുമ്പാൾ സൗത്ത് പാനലിനാണ് ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ ലഭിച്ചിരിക്കുന്നതെന്നും സന്ദീപ് കൂട്ടിച്ചേർത്തു. ഇത്തവണ സൗത്ത് വൺ പാനലിലായിരുന്നു ഞാൻ മെമ്പറായിരുന്നത്. മലയാളം തമിഴ് ഭാഷകളിലെ എല്ലാ സിനിമകളും ഞങ്ങളാണ് തിരഞ്ഞെടുത്ത് അന്തിമ റൗണ്ടിലേക്ക് പറഞ്ഞയച്ചത്.
പ്രാഥമിക തിരഞ്ഞെടുപ്പിന് ശേഷം ഏകദേശം 110 സിനിമകളാണ് നമ്മുടെ മുന്നിൽ വന്നത്. 110 സിനിമകളും ഞങ്ങൾ പൂർണ്ണമായി കാണുകയും വിലയിരുത്തുകയും ചെയ്തു. ഞങ്ങൾ അഞ്ച് പേർ അടങ്ങുന്ന ഒരു ജൂറിയായിരുന്നു ഉണ്ടായിരുന്നത്. ദേശിയ പുരസ്‌കാരത്തിലെ മറ്റ് പാനലുകളിൽ വെച്ച് ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ ലഭിച്ചത് സൗത്ത് പാനലിനാണ്.
കണ്ട മലയാള സിനിമകളിൽ പകുതി എണ്ണം മാത്രമാണ് മത്സരത്തിനുള്ള നിലവാരം പുലർത്തിയിരുന്നത്. ബാക്കിയുള്ള സിനിമകളൊക്കെ വെറുതെ അയക്കുന്നതായിട്ടാണ് ഞങ്ങൾക്ക് തോന്നിയത്. അത് അവരുടെ ആഗ്രഹത്തിന് അവർ അയച്ചതായിരിക്കാം. തീർച്ചയായിട്ടും അവർക്ക് അയാക്കുവന്നതാണ്. ഇടക്കാലത്ത് അവാർഡ് സിനിമകൾ എന്ന് പറഞ്ഞ് ചില സിനിമകളെ മാറ്റി നിർത്തിയിരുന്നു.
എന്നാൽ ഇപ്പോൾ അങ്ങനെയൊന്നുമില്ല. കാരണം നല്ല വിഷയങ്ങൾ പ്രേക്ഷകർക്ക് മനസിലാകുന്ന രീതിയിലും, സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിലുള്ള എല്ലാ സിനിമകളും മത്സരത്തിന് അർഹമാണ്. ഫൈനൽ ജൂറി എടുത്തിരിക്കുന്ന തീരുമാനങ്ങളും നല്ലതായാണ് തോന്നിയത്. ഇപ്പോൾ മരക്കാർ എന്ന സിനിമ വളരെ നല്ല സിനിമയാണ്.
കോമേഷ്യലി 101 ശതമാനം ജനങ്ങളെ എന്റർട്ടെയിൻ ചെയ്യുന്ന വളരെ കലാ മൂല്യമുള്ള നല്ല സിനിമയാണ്. മലയാളത്തിലെ ബാഹുബലി എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന ചിത്രമാണ് മരക്കാർ.
മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കവെയായിരുന്നു സന്ദീപ് ഇക്കാര്യങ്ങൾ പറഞ്ഞത്.
അതേ സമയം മരക്കാർ മെയ് 13നാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. മോഹൻലാൽ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശൻ പറഞ്ഞിരുന്നു.
മഞ്ജു വാര്യർ, സുനിൽ ഷെട്ടി, പ്രഭു, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങൾ. അനിൽ ശശിയും പ്രിയദർശനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്.
തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.