പടുകൂറ്റൻ ലാഭം നേടി ഡബിൾ ബ്ലോക്ക്ബസ്റ്ററായി ദൃശ്യം 2, കണക്കുകൾ പുറത്ത്

162

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ സൂപ്പർഡയറക്ടർ ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം 2 വമ്പൻ വിജയമാണ് നേടിയിരിക്കുന്നത്. ആമസോൺ പ്രൈമിൽ ഒടിടിയായി റീലീസ് ചെയ്ത ചിത്രം മലയാളികൾക്ക് പുറമെ മറ്റ് ഭാഷകളിലെ പ്രേക്ഷകരും ഏറ്റെടുത്തിരുന്നു.

പാൻ ഇന്ത്യൻ ലെവലിൽ വരെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് മോഹൻലാൽ ചിത്രം. ഒടിടി പ്ലാറ്റ്ഫോം വഴി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രത്തിന് ആദ്യ ദിനം മുതൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതേ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആദ്യഭാഗം ദൃശ്യത്തിന് ഏഴ് വർഷത്തിന് ശേഷമാണ് ജീത്തു ജോസഫ് രണ്ടാം ഭാഗവുമായി എത്തിയത്.

Advertisements

എന്നാൽ കളക്ഷന്റെ കാര്യത്തിലും ദൃശ്യം 2 നേട്ടമുണ്ടാക്കിയതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുപത് കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം 40 കോടി കളക്ഷൻ നേടിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ ആമസോൺ പ്രൈം റിലീസിലൂടെ 20 കോടി പ്രോഫിറ്റ് ചിത്രം നേടിയതായും റിപ്പോർട്ടുകൾ പറയുന്നു.

25 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് വിറ്റുപോയിരിക്കുന്നത് എന്നാണ് അറിയുന്നത്.
ഡബിൾ ബ്ലോക്ക്ബസ്റ്ററായാണ് ദൃശ്യം 2 വിലയിരുത്തപ്പെടുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 19നാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. 2013ലാണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. അന്ന് മലയാളത്തിൽ എറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി ദൃശ്യം മാറിയിരുന്നു.

പിന്നീടാണ് മറ്റ് ചിത്രങ്ങൾ ദൃശ്യത്തിന്റെ കളക്ഷനെ മറികടന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ചൈനീസ്, സിംഹളീസ് ഭാഷകളിലെല്ലാം ദൃശ്യത്തിന് റീമേക്ക് ചിത്രങ്ങൾ വന്നിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് ദൃശ്യത്തിന്റെ രണ്ട് ഭാഗങ്ങളും നിർമ്മിച്ചിരിക്കുന്നത്.

ദൃശ്യം 2ന് പിന്നാലെ തെലുങ്കിലാണ് ചിത്രത്തിന്റെ റീമേക്ക് പതിപ്പ് വരുന്നത്. ജീത്തു ജോസഫ് തന്നെ ഒരുക്കുന്ന ചിത്രത്തിൽ വെങ്കിടേഷ് ആണ് നായകൻ. ബോളിവുഡിലും ദൃശ്യം 2 റീമേക്ക് ചെയ്യും എന്നാണറിയുന്നത്.

Advertisement