മലയാള സിനിമയിലെ അഭിനയ കുലപതിയായിരുന്ന ഭരത് ഗോപിയുടെ മകനായ മുരളി ഗോപി ഇന്ന് മലയാളത്തിലെ സൂപ്പർ തിരക്കഥാകൃത്തും ശ്രദ്ധേയനായ നടനുമാണ്. മലയാളത്തിൽ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ഇൻഡസ്ട്രി ഹിറ്റായ ലൂസിഫർ എഴുതിയത് മുരളി ഗോപിയായിരുന്നു.
ഇപ്പോൾ ലോകമാകെ തരംഗമായി മുന്നേറുന്ന ദൃശ്യം 2 ലും മുരരളിഗോപി ശക്തമായ ഒരു വേഷം ചെയ്തിട്ടുണ്ട്. അതേ സമയം മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയേക്കുറിച്ചും മോഹൻലാലിനെ കുറിച്ചും വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുരളി ഗോപി ഇപ്പോൾ.
മോഹൻലാൽ ഒരു സഹോദരനെപോലെ ആണെന്നും എന്നാൽ മമ്മൂട്ടി ഒരു പ്രതാപിയാണെന്നമാണ് മുരളി ഗോപി പറയുന്നത്. ഇരുവരോടും വലിയ ബഹുമാനം ഉണ്ടെന്നും മുരളി ഗോപി പറയുന്നു. റിപ്പോർട്ടർ ചാനലിന്റെ ശേഷം വെള്ളിത്തിരയിൽ എന്ന പരിപാടിയിൽ ആയിരുന്നു മുരളിഗോപിയുടെ തുറന്നു പറച്ചിൽ.
ഒരു ചേട്ടനെപോലെയാണ് ലാലേട്ടനെ ഞാൻ കാണുന്നത്. മമ്മൂക്ക ഒരു പ്രതാപിയാണ്. രണ്ടുപേർക്കും രണ്ട് വ്യത്യസ്തമായ ഐഡന്റിറ്റിയാണ്. അഭിനയിക്കുന്ന സമയത്ത് രണ്ടുപേരും കഥാപാത്രങ്ങളാണ്. അല്ലാത്തപ്പോൾ നടന്മാരും. മമ്മൂട്ടിക്കൊപ്പവും മോഹൻലാലിനൊപ്പവും സിനിമകൾ ചെയ്യാൻ വളരെ ആഗ്രഹമുണ്ടെന്നും ഇരുവരെയും ഇഷ്ടമാണെന്നും മുരളി ഗോപി പറയുന്നു.
ഇപ്പോൾ മോഹൻലാലിന് വേണ്ടി ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാൻ ചെയ്യുക ആണെന്നും അതിനു ശേഷം മമ്മൂട്ടി ചിത്രം ചെയ്യുമെന്നും മുരളി ഗോപി വ്യക്തമാക്കി. രാഷ്ട്രീയത്തിൽ ഇറങ്ങുമോ എന്ന ചോദ്യത്തിന് രാഷ്ട്രീയമെന്ന് പറയുന്നത് കക്ഷി രാഷ്ട്രീയമല്ലെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നാണ് മുരളി ഗോപി പറയുന്നത്.
വോട്ട് ബാങ്ക് പൊളിറ്റിക്സ് യഥാർത്ഥത്തിൽ ശരിക്കുള്ള നയങ്ങളെയെല്ലാം വേണ്ട രീതിയിൽ അഭിമുഖീകരിക്കുന്നില്ല. അതിൽ ഞാൻ ഒരിക്കലും ഇറങ്ങാൻ താൽപര്യമുള്ള ആളല്ല. അതിനർഥം അരാഷ്ട്രീയം ആണെന്നല്ലെന്നും മുരളി ഗോപി വ്യക്തമാക്കി. പിണറായി സർക്കാരിന്റെ ഭരണത്തെ കുറിച്ച് ചോദിച്ചപ്പോൾ ആരുടേയും ഭരണത്തെ കുറിച്ച് പറയാൻ താൻ ആളല്ലെന്നാണ് മുരളി ഗോപി പറയുന്നത്.
ഒരു കലാകാരനായ തന്നോട് ചോദിക്കേണ്ട ചോദ്യമല്ല അതെന്നും മുരളി ഗോപി വ്യക്തമാക്കി. കേന്ദ്ര സർക്കാരിനെതിരെ നടക്കുന്ന കർഷക സമരത്തെ കുറിച്ചും തന്റെ അഭിപ്രായം താരം വ്യക്തമാക്കി. ഒരു സമരമുണ്ടാകുന്നത് അതിന് വ്യക്തമായൊരു കാരണമുള്ളതുകൊണ്ടാണ്. ആ കാരണമെന്താണെന്ന് മനസിലാക്കാൻ ഭരണകൂടങ്ങൾ തയ്യാറാവണം.
അതിന് അവർ തയ്യാറാവുന്നില്ലെങ്കിൽ അതിന്റെ കാരണമെന്താണെന്ന് അവർ സ്വയം ചോദിക്കേണ്ട ചോദ്യമാണ് എന്നാണ് മുരളി ഗോപി കർഷക സമരത്തെ കുറിച്ച് പറഞ്ഞത്. അതേ സമയം ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2ൽ മുരളി ഗോപി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.
പൃഥ്വിരാജിന്റെ നിർമ്മാണത്തിൽ ഒരുങ്ങിയ കുരുതിയാണ് ഇനി പുറത്തിറങ്ങാനുള്ള മുരളി ഗോപി അഭിനയിച്ച ചിത്രം. അതേസമയം പൃഥ്വിരാജും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രമായി എത്തുന്ന മുരളി ഗോപി ആദ്യമായി നിർമ്മാണ രംഗത്തേക്ക് ഇറങ്ങുന്ന ചിത്രം കൂടിയായ തീർപ്പ് എന്ന സിനിമയിട തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്.