ഏറെ ആശങ്കകൾക്കും കാത്തിരിപ്പുകൾക്കും ഒടുവിൽ താരരാജാവ് മോഹൻലാൽ നായകനായ ദൃശ്യം 2 പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
മലയാള സിനിമയുടെ ചരിത്രത്തെ തന്നെ തിരുത്തിയെഴുതിയ ഒന്നാം ഭാഗത്തിന് ശേഷം ജീത്തു ജോസഫും മോഹൻലാലും വീണ്ടുമെത്തുമ്പോൾ പ്രതീക്ഷകളോടൊപ്പം തന്നെ ധാരാളം ആശങ്കകളുമുണ്ടായിരുന്നു. എന്നാൽ എല്ലാ ആശങ്കകളേയും ജീത്തു കാറ്റിൽപ്പറത്തിയെന്നാണ് ആദ്യ പ്രതികരണങ്ങൾ പറയുന്നത്.
ദൃശ്യത്തിന് ലഭിക്കാവുന്ന ഏറ്റവും മികച്ച രണ്ടാം ഭാഗം തന്നെയാണ് ചിത്രമെന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ നൽകുന്ന സൂചന. ജീത്തു ജോസഫിന്റെ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ലായി വിലയിരുത്തപ്പെടുന്നത്. ദൃശ്യത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമയും തിരക്കഥയുമാണ് ദൃശ്യം 2 എന്ന് ആരാധകർ പറയുന്നു.
ഗംഭീര ട്വിസ്റ്റുകളും കഥാ സന്ദർഭങ്ങളുമായി പിടിച്ചിരുത്തുന്ന സിനിമയാണെന്നും പ്രേക്ഷകർ പറയുന്നു.
മോഹൻലാലിന്റെ അഭിനയ മികവിനെ കുറിച്ചു പ്രേക്ഷകർ ചർച്ച ചെയ്യുന്നുണ്ട്. മോഹൻലാലിലെ നടനെ തിരികെ ലഭിച്ച സിനിമയായാണ് ചിത്രത്തെ ആരാധകർ വിലയിരുത്തുന്നത്. ഈ സിനിമ ഒടിടി പ്ലാറ്റ്ഫോമിലല്ലായിരുന്നു റിലീസ് ചെയ്യേണ്ടിയിരുന്നതെന്നും തീയേറ്ററിൽ തന്നെ ഇറങ്ങേണ്ടിയിരുന്ന സിനിമയായിരുന്നുവെന്നും ആരാധകർ പറയുന്നു.
അങ്ങനെ ആയിരുന്നെങ്കിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്താൻ സാധിക്കുമായിരുന്നുവെന്നാണ് അവരുടെ അഭിപ്രായം. ആറ് വർഷങ്ങൾക്ക് ശേഷം ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും ജീവിതത്തിലേക്ക് കടന്നു ചെല്ലുകയാണ് ദൃശ്യം 2. ആദ്യ ഭാഗത്തിലുണ്ടായിരുന്ന പ്രധാന താരങ്ങളെല്ലാം ഈ ഭാഗത്തിലുമുണ്ട്. മുരളി ഗോപി, സായ്കുമാർ, ഗണേഷ്‌കുമാർ തുടങ്ങിയവരും ഇത്തവണ ചിത്രത്തിലുണ്ട്. ചിത്രത്തിന് എങ്ങും കയ്യടികളാണ് ലഭിക്കുന്നത്.
വളരെ വൈകാരികമായ തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ഫാമിലി ഡ്രാമ എന്ന് വിശേഷിപ്പിക്കുമ്പോൾ തന്നെ വളരെ ബുദ്ധിപരമായി, വളരെ ഗംഭീരമായി രചിക്കപ്പെട്ട ഒരു ഫാമിലി ത്രില്ലർ എന്ന് കൂടി ഈ ചിത്രത്തെ നമ്മുക്ക് വിശേഷിപ്പിക്കാം. രസച്ചരട് പൊട്ടാതെ പ്രേക്ഷകരെ വൈകാരികതയുടേയും ആകാംഷയുടെയും ആവേശത്തിന്റെയും ലോകത്തേക്ക് കൊണ്ട് പോകാൻ ജീത്തു ജോസഫിന് സാധിച്ചിട്ടുണ്ട് എന്നതാണ് ഈ ചിത്രത്തെ ഗംഭീരമാക്കി മാറ്റുന്നത്.
മോഹൻലാൽ എന്ന നടൻ കാഴ്ചവെച്ച അതിമനോഹരമായ പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ശ്കതി. ഏഴു വർഷം മുൻപ് എവിടെ നിർത്തിയോ, അവിടെ നിന്ന് തന്നെ ജോർജുകുട്ടിയെ ഒരിക്കൽ കൂടി അനായാസമായി മുന്നോട്ടു കൊണ്ട് വരാൻ മോഹൻലാലിന് സാധിച്ചു. തന്റെ അനായാസമായ അഭിനയ ശൈലിയുടെ മാസ്മരികത ഒരിക്കൽ കൂടി മോഹൻലാൽ കാണിച്ചു തരുന്ന കാഴ്ച കൂടിയാണ് ദൃശ്യം 2 നമ്മുക്ക് സമ്മാനിക്കുന്നത് എന്ന് പറയാം.
ഓരോ വാക്കിലും നോട്ടത്തിലും ചലനത്തിലും പോലും ജോർജ്കുട്ടിയായി മോഹൻലാൽ ജീവിച്ചപ്പോൾ, വൈകാരിക രംഗങ്ങളിലും മറ്റും ഈ നടൻ കാഴ്ച വെച്ച സൂക്ഷ്മാഭിനയത്തെ അത്ഭുതകരമെന്നു മാത്രമേ വിശേഷിപ്പിക്കാൻ സാധിക്കു. മോഹൻലാലിനൊപ്പം തന്നെ ഗംഭീര പ്രകടനം കാഴ്ച വെച്ചവരാണ് പോലീസ് ഓഫീസർ ആയി എത്തിയ മുരളി ഗോപി, ജോർജ്ജുകുട്ടിയുടെ ഭാര്യ റാണിയായി എത്തിയ മീന എന്നിവർ.
ഇവർക്കൊപ്പം എസ്തർ, അൻസിബ ഹസൻ, ഗണേഷ് കുമാർ, സായി കുമാർ, കൃഷ്ണ, ആന്റണി പെരുമ്പാവൂർ, അഞ്ജലി നായർ തുടങ്ങി ഒട്ടേറെ പേര് വളരെ മികച്ച പ്രകടനമാണ് നൽകിയത്. ആദ്യ ഭാഗത്തോട് ആ കാര്യത്തിൽ നൂറു ശതമാനവും നീതി പുലർത്താൻ ഈ രണ്ടാം ഭാഗത്തിന് സാധിച്ചിട്ടുണ്ട്.