മലയാള സിനിമയുടെ താരാരാജാവ് മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ രചിച്ച പുസ്തകം വാലന്റൈൻസ് ഡേയിലായിരുന്നു പുറത്തിറക്കിയത്. കഴിഞ്ഞ ഫെബ്രുവരി 14നാണ് മായയുടെ പുസ്തകം പുറത്തിറങ്ങിയത്. ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിൽ വിസ്മയ പലപ്പോഴായി എഴുതിയ കവിതകളും ചിത്രങ്ങളുമാണ് ഉൾപ്പെടുന്നത്.
പെൻഗ്വിൻ ബുക്സാണ് ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ പുറത്തിറക്കുന്നത്. ഇപ്പോഴിതാ വിസ്മയക്ക് ആശംസകളുമായി നടനും മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനുമായ ദുൽഖർ സൽമാൻ രംഗത്തെത്തിയിരിക്കുകയാണ്.
മായയുടെ (വിസ്മയ) പുസ്തകത്തിന് ആശംസകൾ നേർന്ന ദുൽഖർ സൽമാൻ തനിക്ക് മായയുമായിട്ടുള്ള ഓർമ്മകളും പങ്കുവെച്ചു. വിസ്മയക്ക് ഒരു വയസുള്ളപ്പോൾ നടത്തിയ ജന്മദിനാഘോഷമാണ് തന്റെ ഓർമ്മയിലുള്ള ഏറ്റവും പഴയ ഓർമ്മയെന്ന് ദുൽഖർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
മായയുടെജന്മദിനാഘോഷത്തിനിടയ്ക്ക് പിറന്നാളുകാരിയെ പെട്ടന്ന് കാണാതായെന്നും അത് നേരത്തെ മായ ഉറങ്ങിയത് കൊണ്ടാണെന്നും ദുൽഖർ സൽമാൻ കുറിക്കുന്നു. പുസ്തകത്തിന്റെ വിജയ പാർട്ടിയിലെങ്കിലും നേരത്തെ കിടന്ന് ഉറങ്ങരുതെന്നും ദുൽഖർ സൽമാൻ തമാശയായി പറയുന്നുണ്ട്.
ദുൽഖർ സൽമാന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ
മായയുമായിട്ടുള്ള എന്റെ ഏറ്റവും പഴയ ഓർമ്മ, ചെന്നൈയിലെ താജ് കോരമാണ്ടലിൽ അവളുടെ ആദ്യത്തെ ജന്മദിനമാണ്. അവളുടെ മാതാപിതാക്കൾ അവൾക്കായി ഒരുക്കി വലിയ ഒരു പാർട്ടിയായിരുന്നു അത്. അതിൽ അവൾ ഏറ്റവും മനോഹരമായ സ്വർണ്ണ വസ്ത്രം ധരിച്ചായിരുന്നു എത്തിയത്.
ഞങ്ങൾ കണ്ട ഏറ്റവും മനോഹരമായ ഒരു വയസുകാരിയായിരുന്നു അത്. ജന്മദിനത്തിന്റെ അന്ന് രാത്രി പെട്ടന്ന് പെൺകുട്ടിയെ കാണാതായി. അവൾ ഉറങ്ങുകയാണെന്ന് അവളുടെ അമ്മ ഞങ്ങളെ അറിയിച്ചു. ജന്മദിന പെൺകുട്ടി നേരത്തെ ഉറങ്ങിയ ഏറ്റവും വലിയ പാർട്ടി എന്ന നിലയിൽ ഞാൻ എപ്പോഴും അത് ഓർക്കും. ഇപ്പോൾ എല്ലാവരും വളർന്നു.
അവൾ സ്വന്തം പാത വെട്ടിയൊരുക്കുകയാണ്. ആ ചെറുപ്രായത്തിൽ ചെറുപ്പത്തിൽ അവൾ ഒരു പുസ്തകം പ്രസിദ്ധീകരിച്ച എഴുത്തുകാരിയാണ്, അവളുടെ കവിതകൾ, ചിന്തകൾ, ഡൂഡിലുകൾ, കല എന്നിവയാണത്.
അവളുടെ മനസ്സിനെക്കുറിച്ചും വളർന്നുവരുന്നതിനെക്കുറിച്ചും അവളുടെ ജീവിതാനുഭവങ്ങളെക്കുറിച്ചും അവ നിങ്ങൾക്ക് ഒരു അത്ഭുതകരമായ ഉൾക്കാഴ്ച നൽകുന്നു.
ഞാൻ പുസ്തകത്തിൽ നിന്ന് എന്റെ പ്രിയപ്പെട്ട ഒന്ന് കൂടെ ചേർക്കുന്നു. നിനക്ക് എല്ലാവിധ ആശംസകളും നേരുന്നു! നിന്നെ അറിയുന്ന എല്ലാവരും വളരെ അഭിമാനമാണിത്.
ഒത്തിരി സ്നേഹം
ചാലു ചേട്ടൻ
PS: നിങ്ങളുടെ കന്നി പുസ്തകത്തിന്റെ വിജയ പാർട്ടിയിൽ ദയവായി നേരത്തെ ഉറങ്ങരുത്.