മലയാളത്തിലെ മുൻകാല സൂപ്പർ നായിക നടി മേനകയുടേയും നിർമ്മാതാവ് ജി സുരേഷ് കുമാറിന്റേയും മകളും നടി കീർത്തി സുരേഷിന്റെ സഹോദരിയുമാണ് രേവതി സുരേഷ്. സുരേഷ് കുമാർ തന്റെ സിനിമാ നിർമ്മാണ കമ്പനിക്ക് നൽകിയുന്ന പേരും രേവതിയുടേത് ആയിരുന്നു. രേവതി കലാമന്ദിർ എന്നായിരുന്നു പ്രൊഡക്ഷൻ ഹൗസിന്റെ പേര്.
ഇപ്പോഴിതാ ശരീര ഭാരത്തിന്റെ പേരിൽ താൻ കടന്നു പോയ പരിഹാസങ്ങളേയും കുത്തുവാക്കുകളെയും കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് രേവതി സുരേഷ്. ശരീരഭാരം കൂടിയതിനാൽ ഏറ്റ അപമാനത്തെക്കുറിച്ചും 20 കിലോ കുറഞ്ഞതിനെക്കുറിച്ചുമാണ് കുറിപ്പിൽ പറയുന്നത്.
ചിലർ അമ്മയോടും സഹോദരിയോടും താരതമ്യപ്പെടുത്തിക്കൊണ്ട് പരിഹസിച്ചിട്ടുണ്ട്. കൗമാരപ്രായത്തിൽ പോലും തനിക്ക് ശരീരത്തിൽ ആത്മവിശ്വാസം തോന്നിയിട്ടില്ലെന്ന് രേവതി പറയുന്നു. 20 കിലോയിൽ അധികം ശരീര ഭാരം കുറച്ച് വൻ മേക്കോവർ നടത്തിയതിന് പിന്നാലെയാണ് ബോഡി ഷെയ്മിങ്ങനെക്കുറിച്ച് വെളിപ്പെടുത്തിയത്.
അമ്മ മേനകയേയും കീർത്തിയേയും താരതമ്യം ചെയ്ത് ആളുകൾ തന്നെ പരിഹസിക്കുമായിരുന്നു. ബോഡി ഷെയ്മിങ്ങനെ തുടർന്ന് തന്റെ ആത്മവിശ്വാസം ഇല്ലാതായെന്നും രേവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. ശരീര ഭാരം കൂടുതലുള്ളപ്പോഴത്തേയും നിലവിലേയും ചിത്രങ്ങൾക്കൊപ്പമാണ് താരപുത്രിയുടെ കുറിപ്പ്.
യോഗ ചെയ്തതിലൂടെയാണ് രേവതി ശരീര ഭാരം കുറച്ചത്. തന്റെ അനുഭവം പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് രേവതിയെ പ്രശംസിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. അപ്പടി പോട്, ലവ് ലവ് ലവ്, നിന്നെക്കുറിച്ച് അഭിമാനിക്കുന്നു എന്നാണ് കീർത്തി കുറിച്ചത്. ഗായിക ജ്യോത്സന ഉൾപ്പടെ നിരവധി പേരാണ് പോസ്റ്റിൽ കമന്റ് ചെയ്തിരിക്കുന്നത്.
രേവതി സുരേഷിന്റെ കുറിപ്പ് വായിക്കാം
എന്റെ ജീവിതകാലം മുഴുവൻ ശരീരഭാരം നിയന്ത്രിക്കുന്നതിന് വേണ്ടി ഞാൻ കഷ്ടപ്പെട്ടു. എന്റെ ശരീരഭാരത്തെ അമ്മയോടും സഹോദരിയോടും താരതമ്യപ്പെടുത്തി എന്നെ പലരും പരിഹസിച്ചു. കൗമാരപ്രായത്തിൽ എന്റെ ശരീരത്തിൽ ആത്മവിശ്വാസം തോന്നിയിട്ടില്ല. ഞാൻ ഇങ്ങനെയാണെന്ന് സ്വയം ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
അവരെപ്പോലെ കാണാൻ അത്ര ഭംഗിയല്ല. ഞാൻ സാധാരണക്കാരെപ്പോലെ അല്ലെന്നും എന്തോ കുഴപ്പമുണ്ടെന്നും എനിക്ക് എല്ലായ്‌പ്പോഴും തോന്നി. പലരും എന്നെ അങ്ങനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്റെ ഭർത്താവ് എന്നെ പ്രൊപ്പോസ് ചെയ്തപ്പോഴും എന്നിലെന്താണ് അദ്ദേഹം കണ്ടതെന്ന് ഞാൻ അതിശയിച്ചു.
ഫ്രീയായി ഉപദേശിക്കുന്നതിനും കമന്റുകൾ പാസ് ചെയ്യുന്നതിനും, അവരുടെ ഡയറ്റ് പ്ലാനുകൾ പോലും പറഞ്ഞുതരാനും ആളുകൾക്ക് ഒരു പ്രശ്‌നവുമില്ല. അപരിചിതർ പോലും ശരീര ഭാരം കുറയ്ക്കാൻ ഇങ്ങനെ ചെയ്യാമെന്ന് എന്നോട് പറയാറുണ്ട്. ഒരു സ്ത്രീ എന്റെ സഹോദരിയും അമ്മയും എത്ര സുന്ദരിമാരാണെന്ന് എന്നോട് പറഞ്ഞു. അവരുടെ വാക്കുകൾക്ക് ഞാൻ അന്ന് നന്ദി പറഞ്ഞു.
എനിക്ക് എന്താണ് പറ്റിയതെന്ന് അവരെന്നോട് ചോദിച്ചു. ഞാൻ എങ്ങനെയാണെന്നതിനെക്കുറിച്ച് എനിക്ക് ബോധ്യമുണ്ടായിരുന്നു. പക്ഷേ എന്റെ ലുക്കിനെക്കുറിച്ച് നിരന്തരം ജഡ്ജ് ചെയ്യുന്നത് ഞാൻ ഇഷ്ടപ്പെട്ടില്ല.
എനിക്ക് എന്താണ് കുഴപ്പമെന്ന് ചിന്തിച്ച് മണിക്കൂറുകൾ കണ്ണാടിക്കു മുന്നിൽ ഞാൻ ചെലവിട്ടു. എന്തുകൊണ്ടാണ് എന്നിലെ സൗന്ദര്യത്തെ എനിക്ക് തിരിച്ചറിയാനാവാത്തത്.
ഒരു സമയത്ത് ഞാൻ എന്നെതന്നെ വെറുത്തു. പക്ഷേ ജോലിയും ഉത്തരവാദിത്തവും മൂലം ഞാൻ തിരക്കിലായി. ഞാൻ സുന്ദരിയാണെന്ന് എനിക്കൊരിക്കലും തോന്നിയിരുന്നില്ല. പക്ഷേ എന്റെ സഹോദരി എപ്പോഴും ഇത്തരം പരിഹാസങ്ങളിൽനിന്നും എന്നെ സംരക്ഷിച്ചിരുന്നു. അവളെക്കാളും ഞാനാണ് സുന്ദരിയെന്ന് അവളുടെ സുഹൃത്തുക്കൾ പറയാറുണ്ടെന്ന് എന്നോട് പറഞ്ഞു. അവളുടെ തമാശ കേട്ട് ഞാനും ചിരിക്കും.
താൻ കണ്ടതിൽവച്ച് വളരെ കഴിവുളളതും ശക്തയും സുന്ദരിയുമായ പെൺകുട്ടിയാണ് ഞാനെന്ന് അമ്മ പറയും. എന്റെ ഭർത്താവും ഇതേ വാക്കുകൾ പറഞ്ഞപ്പോൾ ഞാൻ അതിശയിച്ചു. എന്നാൽ എനിക്കെന്തോ കുഴപ്പമുണ്ടെന്നു തന്നെ വർഷങ്ങളോളം ഞാൻ വിശ്വസിച്ചു. പക്ഷേ താരാ ആന്റി ഈ ചട്ടക്കൂടിൽനിന്നും എന്നെ പുറത്തേക്ക് കൊണ്ടുവന്നു. എന്റെ യോഗ ഗുരുവായ താര സുദർശൻ എന്നിൽ ആത്മവിശ്വാസമുണ്ടാക്കി.
എന്റെ ഉളളിലെ ശക്തി എന്തെന്ന് എനിക്ക് കാണിച്ചു തന്നു, എന്നിലെ നല്ല വശങ്ങൾ ചൂണ്ടിക്കാണിച്ചു, ഞാൻ സുന്ദരിയാണെന്ന് അവസാനം അവർ എന്നെ വിശ്വസിപ്പിച്ചു. അതിന് എനിക്ക് മറ്റാരുടെയും സമ്മതപത്രം വേണ്ട. ആദ്യമായി ഞാൻ 20 ലധികം കിലോ ശരീരഭാരം കുറച്ചതിന്റെ മുഴുവൻ ക്രൈഡിറ്റും എന്റെ യോഗ ആചാര്യയും ഗുരുവുമായ താര സുദർശന് സമർപ്പിക്കുന്നു എന്നായിരുന്നു രേവതിയുടെ കുറിപ്പ്.