നീണ്ട ഇരുപത്തിയൊന്ന് വർഷത്തിന് ശേഷം നടി ശാലിനി അഭിനയത്തിലേക്ക് മടങ്ങി വരുന്നു. തെന്നിന്ത്യൻ സൂപ്പർ ഡയറക്ടർ മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവനിൽ ശാലിനി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നാണ് സൂചന.
2000ത്തിലാണ് ശാലിനിയും തല അജിത്തും തമ്മിലുള്ള വിവാഹം നടക്കുന്നത്. അതിന് ശേഷം സിനിമ അഭിനയം പൂർണ്ണമായി നിർത്തുകയായിരുന്നു താരം. സിനിമയിൽ ബാലതാരമായി അഭിനയം തുടങ്ങിയ ശാലിനിയുടെ ആദ്യ ചിത്രം ഫാസിലിന്റെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ചിത്രമാണ്.
50 ൽ അധികം ചിത്രങ്ങളിലാണ് ശാലിനി ബാലതാരമായി വേഷമിട്ടത്. 1997ൽ ഫാസിലിന്റെ തന്നെ അനിയത്തി പ്രാവിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് ശാലിനി അഭിനയം തുടങ്ങിയത്. തുടർന്ന് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ നായികയായി.
ആദ്യ ചിത്രത്തിന് തന്നെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരം ശാലിനിക്ക് ലഭിച്ചിരുന്നു. അതേ സമയം ഇപ്പോൾ നടൻ മാധവന്റെയും മണിരത്നത്തിന്റെയും പ്രത്യേക അഭ്യർത്ഥനയെ തുടർന്നാണ് ശാലിനി അഭിനയിക്കുന്നത് എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മണിരത്നത്തിന്റെ അലൈപായുതെ, കമലിന്റെ പിരിയാതെ വര വേണ്ടും എന്നീ ചിത്രങ്ങളിലാണ് ശാലിനി അവസാനമായി അഭിനയിച്ചത്.
കൽക്കി കൃഷ്ണമൂർത്തിയുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് പൊന്നിയിൻ സെൽവത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള ചിത്രത്തിൽ വലിയ താരനിര തന്നെയുണ്ട്. വിക്രം, കാർഡത്തി, ജയം രവി, അമിതാബ് ബച്ചൻ, ജയറാം, ഐശ്വര്യ റായ് ബച്ചൻ, ത്രിഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, ശോബിത ധുലിപാല, ലാൽ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.
എ ആർ റഹ്മാൻ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ രവി വർമ്മനാണ്. മഡ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് പൊന്നിയിൻ സെൽവൻ നിർമ്മിക്കുന്നത്.