എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നില്ല, ഒരു പാർട്ടിയും എന്നെ സമീപിച്ചിട്ടില്ല, ഇത്തരം വാർത്തകൾ നൽകുന്നത് ലജ്ജാവഹം: തുറന്നടിച്ച് പാർവതി തിരുവോത്ത്

83

കേരളത്തിൽ ഉടൻ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്. എൽഡിഎഫ് സീറ്റിൽ താരം മത്സരിക്കും എന്നായിരുന്നു വാർത്തകൾ. എന്നാൽ ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തന്നെ ഒരു പാർട്ടിയും സമീപിച്ചിട്ടില്ലെന്നും പാർവതി വ്യക്തമാക്കി.

നടിയുമായി പാർട്ടിക്കാർ കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യവുമായി സിപിഐഎം ഉൾപ്പെടെ ഒരു പാർട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും മത്സരിക്കുന്ന കാര്യം എവിടെയും താൻ പറഞ്ഞിട്ടില്ലെന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ വ്യാജമാണെന്ന് നടി തുറന്നടിച്ചു.

Advertisements

നടിയെ മത്സരിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനോടാണ് പാർവ്വതി പ്രതികരിച്ചത്. തെരഞ്ഞെടുപ്പിൽ പാർവ്വതിയെ മത്സരിപ്പിക്കാൻ ചില ഇടതുപക്ഷ സിനിമ പ്രവർത്തകർ ശ്രമം നടത്തുന്നുവെന്നാണ് റിപ്പോർട്ടിലുണ്ടായിരുന്നത്.

വാസ്തവവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഇത്തരം വാർത്തകൾ നൽകുന്നത് ലജ്ജാവഹമാണ്. ഒരു പാർട്ടിയും എന്നെ സമീപിച്ചിട്ടുമില്ല, മത്സരത്തെക്കുറിച്ച് ഞാൻ ഒരിക്കലും ഒന്നും പറഞ്ഞിട്ടുമില്ല. ഇതിൽ ഒരു തിരുത്തൽ ആവശ്യപ്പെടുന്നുവെന്ന് പാർവ്വതി പറഞ്ഞു. ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തെക്കുറിച്ച് ഈയിടെ പാർവതി നടത്തിയ പ്രതികരണം സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

കർഷകർ ചോദിക്കുന്നത് അവരുടെ ജീവിതത്തിന്റെ അടിസ്ഥാനകാര്യങ്ങളാണെന്നും ആ ജീവനമാർഗ്ഗം അവരിൽ നിന്ന് കട്ടെടുക്കരുതെന്നും പാർവ്വതി തിരുവോത്ത് പറഞ്ഞു. മറ്റ് രാഷ്ട്രീയ പ്രശ്‌നങ്ങളിൽ നിന്നെല്ലാം ഭിന്നമായി അവരുടെ ജീവിതത്തിന് വേണ്ടിയാണ് കർഷകർ സമരം ചെയ്യുന്നതെന്ന സവിശേഷത കൂടി ഈ പ്രക്ഷോഭത്തിനുണ്ടെന്നും പാർവ്വതി കൂട്ടിച്ചേർത്തു.

ഇങ്ങനെയൊരു സമരം ഗൂഢാലോചനയാണെന്ന് പറഞ്ഞ് അടിച്ചമർത്താൻ ശ്രമിക്കുന്നത് ഒരു സ്ഥിരം തന്ത്രമാണെന്ന് വിമർശിച്ചുകൊണ്ട് പാർവ്വതി കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ചു. ഭയപ്പെടുത്തി പിന്തിരിപ്പിക്കുന്ന സ്ഥിരം തന്ത്രം തന്നെയാണ് ഈ സമരത്തിലും പ്രകടമാകുന്നതെന്ന് പാർവ്വതി കൂട്ടിച്ചേർത്തു.

റിപ്പോർട്ടർ ടിവിയുടെ ശേഷം വെള്ളിത്തിരയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പാർവ്വതി. കർഷകസമരത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയ വിദേശ സെലിബ്രിറ്റികൾക്കെതിരെ വിമർശനമുയർത്തിയ താരങ്ങളെ പാർവ്വതി രൂക്ഷഭാഷയിൽ വിമർശിച്ചു.

അതേസമയം സിനിമ തിരക്കുകളിലാണ് നടി. വർത്തമാനം എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പാർവതി. സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 12 ന് തിയേറ്ററുകളിലെത്തും.

റോഷൻ മാത്യു, സിദ്ദിഖ്, നിർമ്മൽ പാലാഴി, ഡെയ്ൻ ഡേവിസ്, സുധീഷ് എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്. ബിജുമേനോന് ഒപ്പം ‘ആർക്കറിയാം’ എന്ന ചിത്രവും ഇനി വരാനിരിക്കുന്നുണ്ട്. പാർവതിയെ കൂടാതെ ഷറഫുദ്ദീനും ഈ സിനിമയിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Advertisement