മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങിലെത്തിയ നടൻ മമ്മൂട്ടിയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ. സമൂഹമാധ്യമത്തിൽ മുഴുവൻ മമ്മൂട്ടിയുടെ സ്‌റ്റൈലൻ ചിത്രങ്ങൾ വൈറലാവുകയാണ്. അതിനിടയിൽ തന്റെ പുതിയ ലുക്കിൽ ഒരു ഫോട്ടോ മമ്മൂട്ടിയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നീല ഷർട്ടും നീട്ടി വളർത്തിയ മുടിയും താടിയും, കൂളിങ് ഗ്ലാസും വെച്ച മമ്മൂട്ടിയുടെ ഫോട്ടോ കണ്ട് ആരാധകർ സന്തോഷത്തിലാണ്. ഇനി മമ്മൂട്ടി ധരിച്ച പോലുള്ള ഷർട്ടും, ഗ്ലാസും എവിടെ നിന്നും കിട്ടുമെന്നാണ് പലരുടെയും സംശയം. ഫോട്ടോകൾക്കൊപ്പം അമ്മയുടെ ആസ്ഥാന മന്ദിരത്തിലേക്ക് മമ്മൂട്ടിയെത്തുന്ന ഒരു മാസ് വീഡിയോയും സമൂഹമാധ്യമത്തിൽ വൈറലായിട്ടുണ്ട്.
വോക്സ് വാഗൺ ജിടിഐ എന്ന കാറിലാണ് മമ്മൂട്ടി ചടങ്ങിനെത്തിയത്. പതിവ് പോലെ മമ്മൂട്ടി തന്നെയാണ് കാർ ഓടിച്ചിരുന്നത്. കൊവിഡിനെ തുടർന്ന് പുറത്തിറങ്ങിയിട്ടും ആർക്കും മമ്മൂട്ടി കൈ കൊടുത്തില്ല.
ചടങ്ങിനിടയിൽ മാസ്‌ക് മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ താൻ മാസ്‌ക്ക് ധരിക്കുന്നത് മറ്റുള്ളവരിൽ നിന്ന് രോഗം പകരാതിരിക്കാനല്ല.
മറിച്ച് തനിക്ക് രോഗമുണ്ടെങ്കിൽ മറ്റുള്ളവർക്ക് കൊടുക്കാതിരിക്കാനണെന്നാണ് മമ്മുട്ടി പറഞ്ഞത്. മമ്മൂട്ടിയുടെ വാക്കുകൾ കൈയ്യടികളോടെയാണ് കാണികൾ ഏറ്റെടുത്തത്. ഉദ്ഘാടന പ്രസംഗത്തിനായി വന്നപ്പോൾ നടൻ സിദ്ദിഖാണ് മമ്മൂട്ടിയോട് എല്ലാവർക്കും മുഖം കാണുന്നതിനായി മാസ്‌ക് മാറ്റാൻ ആവശ്യപ്പെട്ടത്.
മുഖം എല്ലാവരും ഒന്നു കണ്ടോട്ടെ, കുറച്ചുനേരത്തേക്കല്ലെ, എന്ന് സിദ്ദിഖ് വീണ്ടും പറഞ്ഞപ്പോഴാണ് മമ്മൂട്ടി മാസ്‌ക്ക് മാറ്റിയത്. മമ്മൂട്ടിയുടെ പുതിയ ലുക്ക് കണ്ടതോടെ ആരാധകർ ആവശേത്തിലായി. തുടർന്ന് സംസാരിക്കാൻ തുടങ്ങിയപ്പോൾ മാസ്‌ക്ക് കയ്യിലിരിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് താരം പ്രസംഗത്തിലേക്ക് കടന്നത്. ചടങ്ങിൽ പങ്കെടുത്ത എല്ലാവരിൽ നിന്നും മമ്മൂട്ടിയെ വ്യത്യസ്തനാക്കിയതും ഇക്കാര്യം തന്നെയാണ്.
മോഹൻലാൽ അടക്കമുള്ള താരങ്ങൾ മാസ്‌ക്ക് ധരിക്കാതെയാണ് ഉദ്ഘാടനത്തിലും തുടർന്നുള്ള ചടങ്ങിലും പങ്കെടുത്തത്. പക്ഷെ മമ്മൂട്ടി അപ്പോഴെല്ലാം മാസ്‌ക്ക് ധരിച്ച് തന്നെയാണ് വേദിയിൽ ഇരുന്നത്. താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരം മോഹൻലാലും മമ്മൂട്ടിയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.
10 കോടിയിലധികം ചിലവിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് മന്ദിരം നിർമിച്ചിരിക്കുന്നത്. രാവിലെ പത്തുമണിയോടെയായിരുന്നു. കലൂർ ദേശാഭിമാനി റോഡിലാണ് ആറ് നിലകളിലായുളള ആസ്ഥാന മന്ദിരം നിർമ്മിച്ചിരിക്കുന്നത്. 80ഓളം താരങ്ങളാണ് ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തത്. അമ്മയുടെ ഒരു സ്വപ്നമായിരുന്നു. അതാണ് ഇപ്പോൾ സാക്ഷാത്കരിച്ചത്.
എല്ലാവരുടെയും ഒരുമിച്ചുള്ള പ്രയത്നം കൊണ്ടാണ് ഇപ്പോൾ ഇത് സാധിച്ചതെന്ന് മോഹൻലാൽ ചടങ്ങിൽ പറഞ്ഞു. അമ്മ പിരിച്ചുവിടണമെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും എന്നാൽ അമ്മ ഒരിക്കലും പിരിച്ചുവിടാനുള്ള സംഘടനയല്ലെന്നും എന്നും നിലനിൽക്കാനുള്ളതാണെന്ന് മുകേഷ് അഭിപ്രായപ്പെട്ടു.അമ്മയുടെ പ്രവർത്തനം ആരംഭിച്ച് 25 വർഷങ്ങൾക്ക് ശേഷമാണ് ആസ്ഥാനമന്ദിരം പൂർത്തീകരിച്ചിരിക്കുന്നത്.