ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചന്ദനമഴ എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ വില്ലത്തി വർഷയായി പ്രേക്ഷക മനസുകളിൽ ഇടം നേടിയ താരമാണ് ശാലു കുര്യൻ. ഒരു വില്ലത്തിയെ ജനങ്ങൾ ഇത്രത്തോളം സ്നേഹിക്കുന്നതും ശാലുവിന്റെ വർഷ എന്ന കഥാപാത്രം വന്നതോടെയാണ്.
പത്തനംതിട്ടയിലെ റാന്നിയാണ് ശാലുവിന്റെ സ്വദേശം. ഒരു പ്രമുഖ ഹോട്ടലിൽ പിആർ മാനേജരായ മെൽവിൻ ആണ് ശാലുവിന്റെ ഭർത്താവ്. അടുത്തിടെയാണ് ശാലു അമ്മ ആയത്. ക്രിസ്തുമസ് ദിനത്തിൽ മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശാലു രംഗത്തെത്തിയിരുന്നു.
ഇപ്പോളിതാ ഗർഭകാലത്തെക്കുറിച്ചും മകനെക്കുറിച്ചും തുറന്നുപറയുകയാണ് താരം. കല്യാണം കഴിഞ്ഞിട്ട് 3 വർഷമായി. ഇതുവരെയുള്ള ജീവിതരീതി ഇപ്പോൾ പൂർണമായും മാറി. കൊറോണയുടെ പ്രശ്‌നങ്ങൾ തുടങ്ങും മുമ്പേ പ്രഗ്‌നന്റായിരുന്നു. അപ്പോഴും അഭിനയിക്കുന്നുണ്ടായിരുന്നു.
അധികം ആരോടും പറഞ്ഞതുമില്ല. ഒന്നാമത് ഗർഭകാലവുമായി ബന്ധപ്പെട്ട ഫോട്ടോസോ വാർത്തകളോ ഒന്നും പുറത്തു വിടുന്നതിൽ തീരെ താൽപര്യമുണ്ടായിരുന്നില്ല. അല്ലു എന്ന അലിസറ്ററിന് രണ്ട് മാസമായി ഇപ്പോൾ ഒന്നിനും സമയം തികയുന്നില്ല. മോനോടൊപ്പമുള്ള ഓരോ നിമിഷവും ഞങ്ങൾ രണ്ടാളും ഏറെ ആസ്വദിക്കുകയാണ്.
നേരത്തെയാണെങ്കിൽ ഫോണിൽ നോക്കാനും ടി.വി കാണാനും വായിക്കാനുമൊക്കെ ഏറെ സമയം കിട്ടിയിരുന്നു. ഇപ്പോൾ മോനൊപ്പമാണ് എപ്പോഴും. അവന്റെ കാര്യങ്ങൾ ശ്രദ്ധിച്ചും ഒപ്പം കളിച്ചും രസിച്ചും വർത്തമാനം പറഞ്ഞുമൊക്കെ ജീവിതം മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുന്നുവെന്നും ശാലു പറയുന്നു.
അടുത്തിടെയാണ് അഭിനയത്തിൽ നിന്നും ശാലു ഇടവേള എടുക്കുന്നത്. തട്ടീം മുട്ടീം പരമ്പരയിൽ ഇനി ഉണ്ടാകില്ലേ എന്ന സംശയത്തിന് ഉടൻ തന്നെ അഭിനയത്തിലേക്ക് ഉണ്ടാകും എന്നും ശാലു വ്യക്തമാക്കിയിരുന്നു.
സീരിയലിൽ മാത്രമല്ല സിനിമയിലും താരം വേഷമിട്ടിട്ടുണ്ട്. റോമൻസ് എന്ന ചിത്രത്തിൽ ശാലുവും വളരെ പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്തിരുന്നു.