പ്രശസ്ത സംവിധായകൻ പ്രശാന്ത് നീലും സൂപ്പർതാരം പ്രഭാസും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകരിൽ വലിയ ആവേശമുണ്ടാക്കിയിരുന്നു. കെജിഎഫ് 2വിന് പിന്നാലെ പ്രശാന്ത് നീൽ ഒരുക്കുന്ന സലാർ എന്ന് പേരിട്ട ചിത്രത്തിന്റെ പോസ്റ്റർ അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങിയത്.
കെജിഎഫിന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിൽ വമ്പൻ താരനിര അണിനിരക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ചിത്രത്തിൽ പ്രഭാസിന്റ ഗോഡ്ഫാദറായി മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെയാണ് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്.
പ്രമുഖ തെലുങ്ക് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടത്. സലാർ എന്ന വാമൊഴി പ്രയോഗം പേരാക്കിയതിനെ കുറിച്ചുളള ചോദ്യത്തിന് കമാൻഡർ ഇൻ ചീഫ്, ഒരു രാജാവിന്റെ വലംകൈ എന്നാണ് പ്രശാന്ത് നീൽ അർത്ഥം പറഞ്ഞത്.
പിന്നാലെ അധോലോക നായകനായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ എത്തുകയെന്നും ഈ കഥാപാത്രത്തിന്റെ വലംകൈ ആയി പ്രഭാസ് അഭിനയിക്കുന്നതെന്നും ആയിരുന്നു റിപ്പോർട്ടുകൾ. 20 കോടിയാണ് ചിത്രത്തിനായി മോഹൻലാൽ വാങ്ങുന്നതെന്നും അറിയുന്നു. ഒരു മിനിറ്റിന് ഒരു കോടി എന്ന നിലയിൽ ഇരുപത് മിനിറ്റിന് ഇരുപത് കോടി രൂപയാണ് ലാലേട്ടന്റെ പ്രതിഫലമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ ഇതേകുറിച്ചൊന്നും അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നും സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. മോഹൻലാലിന് പുറമെ റാണ ദഗുബതിയുടെ പേരും ചിത്രത്തിനായി പറഞ്ഞുകേൾക്കുന്നുണ്ട്. സലാറിൽ പ്രഭാസിന്റെ വില്ലനായിട്ടാണ് റാണയെ പരിഗണിക്കുന്നത്. അതേസമയം കെജിഎഫ് 2 പൂർത്തിയായ ശേഷമാണ് സംവിധായകൻ പ്രശാന്ത് നീൽ പ്രഭാസ് ചിത്രത്തിലേക്ക് കടക്കുന്നത്.
അടുത്ത വർഷം ജനുവരിയിൽ ബിഗ് ബഡ്ജറ്റ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ രാധേശ്യാം എന്ന ചിത്രമാണ് പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ജയറാമും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.