മുഖത്തെ പാടുകളും കുരുക്കളും പോകുന്നതിന് നൂറുകണക്കിന് ക്രീമുകൾ ഞാനും പരീക്ഷിച്ചിട്ടുണ്ട്, പക്ഷേ: രണ്ടു കോടിയുടെ പരസ്യം വേണ്ടെന്ന് വെച്ചതിനെ പറ്റി സായ് പല്ലവി

286

നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമമെന്ന ചിത്രത്തിലെ മലർ മിസ്സായി എത്തി മലയാളികളുടെ ഹൃദയം കവർന്ന നടിയാണ് സായ് പല്ലവി. പ്രേമത്തിലെ മലർ മിസ്സായുള്ള സായിയുടെ വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.

ഇപ്പോൾ തെന്നിന്ത്യൻ സിനിമകളിലെല്ലാമായി തിളങ്ങി നിൽക്കുകയാണ് താരം. സിനിമ സ്വീകരിക്കുന്ന കാര്യത്തിൽ കൃത്യമായ നിലപാടുകളുണ്ട് താരത്തിന്. നരത്തെ രണ്ടുകോടിയുടെ പരസ്യം സായ് പല്ലവി വേണ്ടെന്ന് വെച്ചിരുന്നു.

Advertisements

അതിന് പിന്നിലെ കാരണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി ഇപ്പോൾ. ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങൾ പങ്കുവെച്ചത്. സായ്പല്ലവിയുടെ വാക്കുകൾ ഇങ്ങനെ:

ഞാൻ എല്ലായ്‌പ്പോഴും ലളിത ജീവിതം ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. പണം എന്നെ വല്ലാതെ മോഹിപ്പിച്ചിട്ടില്ല. ഇതെന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. അങ്ങനെയല്ലാത്തവരും ഉണ്ട്. എനിക്കവരെ കുറ്റപ്പെടുത്താൻ കഴിയില്ല. ഓരോരുത്തർക്കും അവരുടേതായ ചോയ്‌സുകളുണ്ട്.

എന്നാൽ നമ്മുടെ ഒരു ചോയ്‌സ് നിരവധി പേരെ ബാധിക്കുന്നുണ്ടെങ്കിൽ ഒരു നിലപാട് എടുക്കാൻ നമ്മൾ നിർബന്ധിതരാകും. സമൂഹം സൃഷ്ടിച്ച സൗന്ദര്യത്തിന്റെ അഴകളവുകൾ വച്ച് സ്വന്തം നിറത്തിന്റെ പേരിലും മറ്റും സ്വയം താഴ്ന്നവരാണെന്ന അപകർഷതാബോധം കൊണ്ടുനടക്കുന്നവർ ഏറെയുണ്ട്.

ഞാനെന്തിന് മറ്റുള്ളവരെക്കുറിച്ച് പറയണം ഞാൻ സ്വയം അങ്ങനെയായിരുന്നല്ലോ. പ്രേമത്തിന് മുൻപ് എന്റെ മുഖത്തെ പാടുകളും കുരുക്കളും പോകുന്നതിന് നൂറുകണക്കിന് ക്രീമുകൾ ഞാനും പരീക്ഷിച്ചിട്ടുണ്ട്. എനിക്ക് വീടിന് പുറത്തു പോകാൻ പോലും മടിയായിരുന്നു.

ഞാൻ വീട്ടിൽ തന്നെ ഇരിക്കും. എന്റെ വിചാരം ആളുകൾ എന്റെ മുഖക്കുരു നോക്കിയായിരിക്കും സംസാരിക്കുക. എന്റെ കണ്ണിൽ നോക്കി സംസാരിക്കില്ല. അങ്ങനെ ഗുരുതരമായ പ്രശ്‌നങ്ങൾ എനിക്കുണ്ടായിരുന്നു. എന്നാൽ പ്രേമത്തിനു ശേഷം ആളുകൾ എന്നെ മുഖക്കുരുവുള്ള മുഖത്തോടെ സ്വീകരിച്ചു. അവർക്ക് എന്നെ കൂടുതൽ ഇഷ്ടമായി.

കൗമാരപ്രായത്തിലുള്ള കുട്ടികളെ ആ കഥാപാത്രം എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അത് എന്നെ കൂടുതൽ കരുത്തയാക്കി. അവരുടെ സ്‌നേഹത്തിന് പകരമായി എനിക്ക് എന്തെങ്കിലും അവർക്ക് കൊടുക്കണമായിരുന്നു. അവരാണ് എനിക്ക് ആത്മവിശ്വാസം നൽകിയത്.

അവർ ഒറ്റയ്ക്കല്ല എന്ന് അവരെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്. ഇതൊന്നും പ്ലാൻ ചെയ്തല്ല ഞാൻ ഇൻഡസ്ട്രിയിലേക്ക് വന്നത്. എല്ലാം സംഭവിച്ചു പോയതാണ്. എന്റെ വീട്ടിൽ പോലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.

എന്നേക്കാളും ഡാർക്ക് ആണ് എന്റെ അനുജത്തി. അവൾ ചില പച്ചക്കറി കഴിക്കാതിരിക്കുമ്‌ബോൾ അമ്മ പറയും, ചേച്ചിയെ പോലെ നിറം വയ്ക്കണമെങ്കിൽ ഇതെല്ലാം കഴിക്കണമെന്ന്. പാവം കുട്ടി. ഇഷ്ടമല്ലെങ്കിലും അവൾ അതെല്ലാം കഴിക്കും. ഇതെല്ലാം കണ്ടാണ് ഞാൻ വളർന്നത്. നിറത്തിന്റെ പേരിൽ ഒരാളുടെ മനസിനുണ്ടാകുന്ന മുറിവുകളെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്.

അവർക്കൊപ്പം നിൽക്കണമെന്ന് എനിക്ക് തോന്നി. മറ്റാർക്കും വേണ്ടിയല്ല. എന്റെ സ്വന്തം സഹോദരിക്കു വേണ്ടിയെങ്കിലും എനിക്കിത് ചെയ്യണമായിരുന്നു. അതു ചെയ്യാതെ ഇത്രയും പണം കിട്ടിയിട്ട് എന്തു കാര്യം? അതെന്റെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്നുമായിരുന്നു സായ് പല്ലവി പറഞ്ഞത്.

Advertisement