കുഞ്ചാക്കോ ബോബൻ നായകനായി എത്തി ഈ വർഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായ അഞ്ചാം പാതിരായിലെ ടീം വീണ്ടും ഒന്നിക്കുകയാണ്. മലയാളത്തിൽ ഏറെ പ്രശംസകളും, പ്രതികരണങ്ങളും സ്വന്തമാക്കിയ ത്രില്ലർ ചിത്രം ‘അഞ്ചാം പാതിര’ ടീം വീണ്ടും ഒന്നിക്കുന്നു.
മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ നായകനായെത്തിയ അഞ്ചാം പാതിര നിർമ്മിച്ചത് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസും മാനുവൽ മൂവി മേക്കേർസും ചേർന്നായിരുന്നു.
സംവിധായകൻ മിഥുൻ മാനുൽ തോമസ്, കുഞ്ചാക്കോ ബോബൻ, നിർമ്മാതാവ് ആഷിക് ഉസ്മാൻ, ഛായാഗ്രാഹകൻ ഷിജു ഖാലിദ്, സംഗീത സംവിധായകൻ സുഷിൻ ശ്യാം, എഡിറ്റർ സൈജു ശ്രീധരൻ എന്നിവർ പുതിയ ചിത്രത്തിനായി വീണ്ടും കൈകോർക്കുകയാണ്.
അതേസമയം അഞ്ചാം പാതിര എന്ന സിനിമയിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച സൈക്കോളജിസ്റ്റ് അൻവർ ഹുസൈൻ എന്ന കഥാപാത്രം പുതിയ ചിത്രത്തിലും ഉണ്ടാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. എന്നാൽ പുതിയ ചിത്രം അഞ്ചാം പാതിരയുടെ തുടർച്ചയല്ലെങ്കിലും കുഞ്ചാക്കോ ബോബന്റെ കഥാപാത്രമായ അൻവർ ഹുസൈൻ തിരിച്ചു വരുന്നു എന്നാണ് വിവരം.
തീർത്തും വ്യത്യസ്തമായ ഒരു ത്രില്ലർ ആയിരിക്കും ഇത്. ഒരു അന്വേഷണാത്മക ചിത്രം കൂടിയായിരിക്കും. കൊച്ചിയിൽ ചിത്രീകരിച്ച അഞ്ചാം പാതിരയിൽ നിന്ന് വ്യത്യസ്തമായി ഈ ചിത്രം ഒരു മലയോര പ്രദേശത്താണ് ചിത്രീകരിക്കുന്നതെന്നാണ് വിവരം.
2021ന്റെ പകുതിയോടെ ചിത്രീകരണം ആരംഭിച്ച് ക്രിസ്മസിന് റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.
ത്രില്ലറുകളിലുള്ള വിശ്വാസം മലയാള സിനിമയ്ക്ക് തിരികെ നേടിക്കൊടുത്ത ചിത്രമായിരുന്നു അഞ്ചാം പാതിര. ആട് പോലുള്ള കോമഡി ചിത്രങ്ങളുടെ അമരക്കാരനായ മിഥുൻ മാനുവൽ തോമസും കുഞ്ചാക്കോ ബോബനും കൈകോർത്ത ചിത്രം അപ്രതീക്ഷിത വിജയമാണ് സ്വന്തമാക്കിയത്. രണ്ടു പേരുടേയും ഇമേജുകൾ തകർക്കാനും അഞ്ചാം പാതിരയ്ക്ക് സാധിച്ചു.