മലയാളി പ്രേക്ഷകർക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് സിനിമാ സീരിയൽ നടിയായ ചന്ദ്രാ ലക്ഷ്മൺ.
സിനിമയേക്കാൾ ഉപരി ജനപ്രിയ സീരിയലുകളിലെ പ്രകടനം ചന്ദ്രാ ലക്ഷ്മണിന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയിരുന്നു. സ്വന്തം എന്ന പരമ്പരയിലെ സാന്ദ്രാ ലക്ഷ്മൺ എന്ന കഥാപാത്രത്തിലൂടെ ആയിരുന്നു നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്.
സീരിയലുകൾക്കൊപ്പം സിനിമകളിലും അഭിനയിച്ച താരം പത്തിലധികം ചിത്രങ്ങളിൽ മലയാളത്തിലും തമിഴിലുമായി അഭിനയിച്ചിരുന്നു. സിനിമകളേക്കാൾ സീരിയൽ രംഗത്താണ് നടി കൂടുതൽ സജീവമായിരുന്നത്. അതേസമയം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇരുപതിലധികം സീരിയലുകളിൽ അഭിനയിച്ച താരമാണ് ചന്ദ്രാ ലക്ഷ്മൺ.
പൃഥ്വിരാജ് നായകനായ സ്റ്റോപ്പ് വയലൻസ്, കാക്കി, പായുംപുലി, പച്ചക്കുതിര, ബൽറാം വേഴ്സ് താരാദാസ്, ബോയ്ഫ്രണ്ട്, കല്യാണകുറിമാനം തുടങ്ങിയവയെല്ലാം ചന്ദ്രാ ലക്ഷ്മൺ അഭിനയിച്ച മലയാള സിനിമകളാണ്. തമിഴിൽ ജയം രവി നായകനായ തില്ലാലങ്കിടി എന്ന ചിത്രമാണ് നടിയുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
അതേസമയം ഒരിടവേളയ്ക്ക് ശേഷം മലയാളം മിനിസ്‌ക്രീൻ രംഗത്ത് വീണ്ടും സജീവമാവുകയാണ് ചന്ദ്രാ ലക്ഷ്മൺ. സ്വന്തം സുജാത എന്ന പരമ്പരയിലൂടെയാണ് ചന്ദ്രാ ലക്ഷ്മണിന്റെ തിരിച്ചുവരവ്. ഇപ്പോഴിതാ മലയാളത്തിൽ നീണ്ട ഇടവേള വന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നടി.
വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് നടി മനസ്സു തുറന്നത്. ചന്ദ്രാ ലക്ഷ്മണിന്റെ വാക്കുകൾ ഇങ്ങനെ:
നല്ല കഥയോ കഥാപാത്രമോ വന്നില്ല എന്നതാണ് ഈ നീണ്ട ഇടവേളയ്ക്ക് കാരണമെന്ന് ചന്ദ്രാ ലക്ഷ്മൺ പറയുന്നു. പതിനൊന്ന് വർഷത്തിന് ശേഷമാണ് ഞാൻ മലയാളത്തിൽ വീണ്ടും ഒരു സീരിയലിൽ അഭിനയിക്കുന്നത്. കഴിഞ്ഞ 3 വർഷത്തോളം പൂർണമായും അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.
തമിഴിലും തെലുങ്കിലും ഒന്നും ഈ കാലത്ത് അഭിനയിച്ചിരുന്നില്ല. കുറെക്കാലമായി ഈ രംഗത്ത് നിൽക്കുകയല്ലേ. മറ്റെന്തെങ്കിലും കൂടി ശ്രമിക്കാം എന്ന് കരുതി ബിസിനസിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ചു. തിരിച്ചുവരവിനെ കുറിച്ച് കഴിഞ്ഞ വർഷമാണ് വീണ്ടും ആലോചിച്ചതെന്നും നടി പറഞ്ഞു. അപ്പോഴും മലയാളം മനസിലുണ്ടായിരുന്നില്ല.
ചെന്നൈയിൽ ആയതുകൊണ്ട് തമിഴോ, തെലുങ്കോ ആണ് പരിഗണിച്ചത്. പിന്നീട് മലയാളത്തിൽ ഒരു സിനിമ വന്നെങ്കിലും കോവിഡിന്റെ പ്രശ്നങ്ങൾ വന്നതോടെ പൂർത്തിയായില്ല. പിന്നാലെ തമിഴിൽ ഒന്ന് രണ്ട് തിരക്കഥകൾ കേട്ടശേഷമാണ് സ്വന്തം സുജാതയിലേക്ക് വിളിച്ചതെന്നും നടി പറഞ്ഞു. സംഗീത മോഹനാണ് സീരിയലിന്റെ തിരക്കഥ എഴുതുന്നത്.
ഇതിനെക്കാൾ വലിയ ഒരു തിരിച്ചുവരവ് കിട്ടാനില്ല എന്ന് സംഗീതചേച്ചി കഥ പറയുമ്പോൾ എനിക്ക് തോന്നി.
മഞ്ജു ചേച്ചിക്ക് ഹൗ ഓൾഡ് ആർയൂ എങ്ങനെ ഒരു വൻ തിരിച്ചുവരവായി വന്നോ, അതേ പോലെയാണ് എനിക്ക് ഈ കഥ എന്ന് മനസിലായി എന്നുമ ചന്ദ്രാ ലക്ഷ്മൺ വ്യക്തമാക്കുന്നു.