മലയാള സിനിമയിൽ നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു ഷാജി കൈലാസ് രൺജി പണിക്കർ ടീം. ഡോക്ടർ പശുപതി എന്ന തമാശ സിനിയിലൂടെയാണ് ഈ കൂട്ടുകെട്ട് തിടങ്ങിയതെങ്കിലും പിന്നീട് മലയാളത്തിലെ വമ്പൻ മാസ്സ് പടങ്ങളുടെ അമരക്കാരായി ഈ ടീംമാറി.
രാഷ്ട്രീയവും സമകാലീക സംഭവങ്ങളും കോർത്തിണക്കി രൺജി പണിക്കരുടെ രചനയിൽ ഷാജി കൈലാസ് ഒരുക്കിയതെല്ലാം ഒന്നിനൊന്ന് ഹിറ്റുകൾ. മമ്മൂട്ടിയും, മോഹൻലാലും, സുരേഷ്‌ഗോപിയും, ജഗദീഷും, ജയറാമും എല്ലാം ഈ കൂട്ടുകെട്ടിൽ നായകൻമാരായെത്തിയിട്ടുണ്ട്.
സുരേഷ് ഗോപി സൂപ്പർതാര പദവിയിലേക്ക് ഉയർന്നത് പോലും ഷാജി കൈലാസ് രൺജി പണിക്കർ ചിത്രത്തിലൂടെ ആയിരുന്നു. അത്തരത്തിൽ സുരേഷ് ഗോപിയെ സൂപ്പർ താരപദവിക്ക് അടിത്തറയിട്ട സിനിമയായിരുന്നു ഏകലവ്യൻ. എന്നാൽ ഈ സിനിമയിൽ നായകനാവേണ്ടിയിരുന്നത് സാക്ഷാൽ മമ്മൂട്ടിയായിരുന്നു. പക്ഷേ മമ്മൂട്ടി ആ വേഷത്തിലേക്ക് സുരേഷ് ഗോപിയെ നിർദ്ദേശിക്കുകയായിരുന്നു. ആ കഥ ഇങ്ങനെ:
കേരളത്തിൽ ഡ്രഗ് മാഫിയ പിടിമുറുക്കുന്നു എന്ന വാർത്തകൾ പുറത്തുവരുന്ന കാലം. അതിനെതിരെ ആകട്ടെ തങ്ങളുടെ അടുത്ത സിനിമയെന്ന് ഷാജി കൈലാസും രൺജി പണിക്കരും തീരുമാനിച്ചു. ഒപ്പം, കപടസ്വാമിമാരുടെ മുഖംമൂടി പൊളിച്ചുകാട്ടണമെന്നും ആലോചിച്ചു. അതിന്റെ ഫലമായിരുന്നു ഏകലവ്യൻ.
ആന്റി നാർക്കോട്ടിക് വിംഗ് തലവൻ മാധവൻ എന്ന കഥാപാത്രമാകാൻ മമ്മൂട്ടിയെ ആയിരുന്നു ഷാജി ആദ്യം സമീപിച്ചത്. എന്നാൽ തിരക്കഥ വായിച്ചിട്ട് മമ്മൂട്ടി ഇത് സുരേഷ് ഗോപി ചെയ്താൽ നന്നായിരിക്കും എന്ന നിർദ്ദേശം വച്ചു. താൻ അഭിനയിക്കുന്നില്ലെന്നും അറിയിച്ചു.
എന്താണ് ആ തിരക്കഥ വേണ്ടെന്ന് വയ്ക്കാൻ മമ്മൂട്ടിയെ പ്രേരിപ്പിച്ച ഘടകം എന്ന് ഇന്നും ആർക്കും വ്യക്തമല്ല. മമ്മൂട്ടി പറഞ്ഞതുപോലെ ഷാജി കൈലാസും രൺജിയും ഏകലവ്യന്റെ തിരക്കഥയുമായി സുരേഷ് ഗോപിയുടെ അടുത്തേക്കെത്തി. ഈ സിനിമയോടെ മമ്മൂട്ടിക്കും, മോഹൻലാലിനുമൊപ്പം മൂന്നാമത്തെ സൂപ്പർതാരമായി സുരേഷ്‌ഗോപി മാറി.
മാധവനായി സുരേഷ്‌ഗോപി ജ്വലിച്ചു. സ്വാമി അമൂർത്താനന്ദ എന്ന കഥാപാത്രത്തെ നരേന്ദ്രപ്രസാദ് അനശ്വരമാക്കി. എടോ, ഒരു സന്യാസിക്ക് തെമ്മാടിയാകാം. തെമ്മാടിക്ക് ഒരിക്കലും ഒരു സന്യാസിയാകാനാവില്ല. കണ്ണിമേരാ മാർക്കറ്റിലും സെക്രട്ടേറിയറ്റിന്റെ പിന്നിലും ഒന്നരയണയ്ക്ക് കഞ്ചാവ് വിറ്റുനടന്ന ഒരു ചരിത്രമില്ലേ തനിക്ക്?
അതെല്ലാം തെളിയിച്ചിട്ടേ മാധവൻ പോകൂ. ആയുഷ്മാൻ ഭവഃഏകലവ്യനിലെ ഡയലോഗുകൾ തിയേറ്ററുകളിൽ ഇടിമുഴക്കം സൃഷ്ടിച്ചു. ഒരു ആൾദൈവത്തെ വില്ലനായി ചിത്രീകരിച്ചതിന്റെ ഭവിഷ്യത്തുകൾ ഏകലവ്യന്റെ റിലീസിന് ശേഷം ഷാജി കൈലാസും രൺജി പണിക്കരും അനുഭവിച്ചു. ഇരുവരുടെയും വീടുകൾ ആക്രമിക്കപ്പെട്ടു. സിനിമയുടെ പ്രദർശനം തടയാനും ശ്രമമുണ്ടായി.
150 ദിവസമാണ് കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഏകലവ്യൻ പ്രദർശിപ്പിക്കപ്പെട്ടത്. ആ കാലഘട്ടത്തിൽ ഇന്ത്യയിലെ ഭരണം നിയന്ത്രിച്ചിരുന്നതു കുപ്രസിദ്ധനായ ഒരു സ്വാമിയായിരുന്നു. ആ സ്വാമിയെയാണ് നരേന്ദ്രപ്രസാദിലൂടെ ഞങ്ങൾ ചിത്രീകരിച്ചത് എന്ന് ഷാജി കൈലാസ് പിന്നീട് ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.