മലയാളത്തിലെ മണ്ണിന്റെ മണമുള്ള ജീവിതഗന്ധികളായ സിനിമകൾ ഒരുക്കുന്നതിൽ മുൻപന്തിയിലുള്ള ആളാണ് സൂപ്പർ സംവിധായകനായ സത്യൻ അന്തിക്കാട്. സാധാരണയായി അദ്ദേഹം ആക്ഷൻ ചിത്രങ്ങൾ ചെയ്യാത്ത ഒരു സംവിധായകനാണ്.
എങ്കിലും അദ്ദേഹത്തിന്റെ കരിയറിൽ ആക്ഷന് പ്രാധാന്യം നൽകുന്ന ചില ചിത്രങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. താരരാജാവ് മോഹൻലാൽ നായകനായ പിൻഗാമി, മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കനൽക്കാറ്റ്, ഒരാൾ മാത്രം, അർത്ഥം തുടങ്ങിയ സിനിമകൾ ആക്ഷന് പ്രാധാന്യമുള്ള ഫാമിലി ത്രില്ലറുകളായിരുന്നു.
ഇതിൽ കനൽക്കാറ്റിന് തിരക്കഥയെഴുതിയത് ലോഹിതദാസാണ്. നത്തുനാരായണൻ എന്ന ഗുണ്ടാ കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയിൽ അവതരിപ്പിച്ചത്. ഉർവശി നായികയായ ചിത്രത്തിൽ ജയറാം, മുരളി, ശാരി, മാമുക്കോയ, മോഹൻരാജ്, കെപിഎസി ലളിത തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
കൻകാറ്റിന്റെ ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവമുണ്ടായി. കൊച്ചി ഗാന്ധിനഗർ കോളനിയിലെ ഒരു ചായക്കടയിലായിരുന്നു അന്ന് ഷൂട്ടിംഗ് പ്ലാൻ ചെയ്തിരുന്നത്. കൊട്ടേഷന് ലഭിച്ച പണവുമായി ചെറിയ ഹോട്ടലിൽ കയറി നത്തുനാരായണൻ ഊണുകഴിക്കുന്ന രംഗമായിരുന്നു ചിത്രീകരിക്കേണ്ടത്.
സാധാരണയായി ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ പ്രൊഡക്ഷൻ ഭക്ഷണം തന്നെയാകും വിളമ്പുക.
എന്നാൽ ആ ചെറിയ ഹോട്ടലും അവിടത്തെ ഭക്ഷണപദാർത്ഥങ്ങളും കണ്ടപ്പോൾ അവിടത്തെ ഫുഡ് തന്നെ മതിയെന്ന് മമ്മൂട്ടി പറഞ്ഞു. വൃത്തിയുണ്ടാകില്ല എന്നൊക്കെ സത്യൻ അന്തിക്കാട് പറഞ്ഞുനോക്കിയെങ്കിലും അവിടത്തെ ആഹാരം തന്നെ ഉപയോഗിക്കാമെന്ന് മമ്മൂട്ടി നിർബന്ധം പിടിച്ചു.
അഭിനയിച്ചുതുടങ്ങിയ മമ്മൂട്ടി എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു. ബീഫ് കറിയുടെ സ്വാദ് ആസ്വദിച്ച് ചോറുണ്ടുതുടങ്ങിയ മമ്മൂട്ടി ആ ചെറിയ ഹോട്ടലിലെ കറികൾ കഴിയുന്നതുവരെ ഊണ് കഴിച്ചത്രേ.
മമ്മൂട്ടി ഇഷ്ടത്തോടെ ആഹാരം കഴിക്കുന്നത് കണ്ട ഹോട്ടലുടമയ്ക്കും മനസ് നിറഞ്ഞു.
1991 ജൂലൈ നാലിന് പ്രദർശനത്തിനെത്തിയ കനൽക്കാറ്റ് പക്ഷേ ശരാശരി വിജയം മാത്രമാണ് നേടിയത്.
എങ്കിലും ചിത്രത്തിലെ നത്തുനാരായണൻ എന്ന കഥാപാത്രം ഇപ്പോഴും പ്രേക്ഷകരുടെ മനസിൽ ജീവിക്കുന്ന ഒന്നു തന്നെയാണ്.