മിമിക്രിയിലൂടെ സിനിമയിലെത്തി പിന്നീട് ശക്തനായ നടനും സംവിധായകനുമായി തീർന്ന കലാകാരനാണ് കലാഭവൻ ഷാജോൺ. കൊച്ചിൻ കലാഭവനിൽ മിമിക്രി പയറ്റിതെളിഞ്ഞ് മലയാളത്തിൽ ഹാസ്യതാരമായിട്ടാണ് കലാഭവൻ ഷാജോൺ എത്തിയത്. ആദ്യമാദ്യം ചെറിയ ചെറിയ വേഷങ്ങളും പിന്നീട് ഹാസ്യത്തിലേക്കും ഹാസ്യനടനിൽ നിന്നും സ്വഭാവവേഷങ്ങളിലേക്കും പിന്നീട് വില്ലൻ വേഷങ്ങളിലും ഷാജോൺ മലയാളികലെ അമ്പരപ്പിച്ചു.
താരരാജാവ് മോഹൻലാലിന്റെ ദൃശ്യം എന്ന സിനിമയിലെ വില്ലനായ കോൺസ്റ്റബിൾ സഹദേവനാണ് ഷാജോണിന്റെ കരിയർ ബ്രേക്കായ ചിത്രം. പിന്നീട് ലൂസിഫറിലും പഴയ ബോംബ് കഥ എന്ന ചിത്രത്തിലുമെല്ലാം വില്ലനായി ഷാജോൺ തിളങ്ങിയിരുന്നു. ബ്രദേഴ്സ് ഡേ എന്ന പൃഥ്വിരാജ് ചിത്രം സംവിധാനം ചെയ്തതും ഷാജോൺ ആയിരുന്നു. തൃശ്ശൂർ സ്വദേശിനിയായ ഡിനിയാണ് ഷാജോണിന്റെ ഭാര്യ. ഹന്ന എന്ന് പേരുള്ള മകളും യോഹാൻ എന്ന് പേരുള്ള മകനും ഷാജോണിനുണ്ട്.
തങ്ങളുടേത് പ്രണയ വിവാഹമായിരിന്നുവെന്ന് മുമ്പ് അഭിമുഖങ്ങളിൽ ഷാജോൺ വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരു ഗൾഫ് ഷോയുടെ ഇടയിലാണ് താൻ ഡിനിയോട് തന്റെ ഇഷ്ടം തുറന്നു പറഞ്ഞതെന്നാണ് ഷാജോൺ പറഞ്ഞിട്ടുള്ളത്. കോട്ടയം നസീറിനൊപ്പം ഒരു ഗൾഫ് ഷോയ്ക്ക് പോയപ്പോഴാണ് ഡാൻസർ ടീമിനൊപ്പമുള്ള ഡിനിയോട് ഷാജോൺ മനസ്സ് തുറന്നത്.
മിസ് തൃശൂർ പട്ടം ഉൾപ്പെടെ നേടിയിട്ടുള്ളയാളാണ് ഡിനി. ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ വീട്ടുകാർക്ക് ഇഷ്ടമാണേൽ തനിക്കും കുഴപ്പമില്ലെന്നുള്ള ഡിനിയുടെ മറുപടി തന്നെ ഞെട്ടിച്ചുവെന്ന് ഷാജോൺ പറഞ്ഞിട്ടുണ്ട്. മൂന്ന് മാസത്തോളം പ്രണയിച്ച ശേഷമാണ് ഇവർ വിവാഹിതരായത്. ഇപ്പോൾ ഭാര്യയ്ക്കൊപ്പമുള്ള ഷാജോണിന്റെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പതിനാറാം വിവാഹ വാർഷിക ദിനത്തിലാണ് ഷാജോൺ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘മനോഹരമായ 16 വർഷങ്ങൾക്ക് ദൈവത്തിന് നന്ദി’ എന്നാണ് അദ്ദേഹം ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. നിരവധിപേരാണ് ഷാജോൺ പങ്കുവെച്ച ചിത്രത്തിന് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.
2004 ൽ ആയിരുന്നു ഷാജോണും ഡിനിയും വിവാഹിതരായത്. 1999ൽ മൈഡിയർ കരടി എന് ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ ഷാജോൺ ഇതുവരെ നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
കോട്ടയം സ്വദേശിയായ റിട്ടയർഡ് എഎസ്‌ഐ ജോണിന്റേയും റിട്ടയർഡ് നഴ്സായ റെജീനയുടേയും മകനാണ് ഷാജോൺ ജനിച്ചത്. മിമിക്രി കലാകാരനായ ഷിബു ജോൺ എന്നൊരു സഹോദരനും ഷാജോണിന് ഉണ്ട്.