നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ് നയൻതാര. മലയാളത്തിന്റെ റൊമാന്റിക് നായകൻ കുഞ്ചാക്കോ ബോബനും തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറും 12 വർഷത്തിന് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്.
അമ്മ നിർമ്മിച്ച ട്വന്റി 20 എന്ന സിനിമയിലെ ഒരു ഗാനരംഗത്തായിരുന്നു അവസാനമായി ഇരുവരെയും ഒന്നിച്ച് കണ്ടത്. നിവിൻ പോളി നായകനായ ലവ് ആക്ഷനാണ് നയൻസ് അവസാനമായി മലയാളത്തിൽ അഭിനയിച്ച ചിത്രം.
നിഴൽ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കുഞ്ചാക്കോ ബേബനാണ് നായകൻ. ഒട്ടനവധി രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സർക്കാരിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്നതാണ് നിഴൽ.
അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴൽ അടിപൊളി ത്രില്ലർ ആയിരിക്കും എന്നാണ് സൂചന. ഇപ്പോഴിതാ ഈ സിനിമയ്ക്കായി നയൻതാര തന്റെ പ്രതിഫലം കുത്തനെ കുറച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം ചിത്രത്തിന്റെ ഷൂട്ടിംഗ് ഇക്കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.
എസ് സഞ്ജീവാണ് തിരക്കഥയൊരുക്കുന്നത്. ദീപക് ഡി മേനോൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി, ടെന്റ്പോൾ മൂവീസ്, മെയ്ലോഞ്ച് ഫിലിം ഹൗസ് എന്നിവയുടെ ബാനറുകളിൽ ആൻറോ ജോസഫ്, ബാദുഷ, ഫെല്ലിനി ടി പി, ജിനേഷ് ജോസ്, അഭിജിത്ത് എം പിള്ള എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.