പ്രമുഖ നടി പാർവ്വതി തിരുവോത്ത് താരസംഘടനയിൽ നിന്നും രാജിവെച്ചു. സംഘടനയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു നടി ഭാവനക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ തുറന്നടിച്ചു കൊണ്ടാണ് പാർവ്വതിയുടെ രാജി പ്രഖ്യാപനം.
അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ നിന്ന് സംഘടനയിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പാർവതി തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല.
ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്’, പാർവതി പറഞ്ഞു. താൻ രാജിവെക്കുന്നതിനൊപ്പം ഇടവേള ബാബുവും രാജിവെക്കണമെന്ന് പാർവ്വതി ആവശ്യപ്പെട്ടു.
നേരത്തെ ഇടവേള ബാബുവിനെ പരിഹസിച്ച് പാർവതി തിരുവോത്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടിരുന്നു. ഒരു വിഡ്ഢിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു, നാണം കെട്ട പരാമർശം എന്ന കാപ്ഷനോടെ അമ്മ ജനറൽ സെക്രട്ടറി കൂടിയായ ഇടവേള ബാബുവിന്റെ പ്രതികരണവും പാർവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. നേരത്തെ അമ്മയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന പുതിയ മൾട്ടിസ്റ്റാർ ചിത്രത്തിൽ നടി ഭാവന അംഗമാവില്ലെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. നിലവിൽ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചു പോയ ആളുകൾ തിരിച്ച് വരില്ലല്ലോ. അതുപോലെ ആണ് ഇതെന്നും ഇടവേള ബാബു റിപ്പോർട്ടർ ചാനലിലെ പരിപാടിയിൽ പറഞ്ഞിരുന്നു.
അമ്മയുടെ ദിലീപ് മുൻപ് നിർമ്മിച്ച മൾട്ടി സ്റ്റാർ ചിത്രം ട്വന്റി ട്വന്റിയിൽ പ്രധാന കഥാപാത്രമായി ഭാവനയുണ്ടായിരുന്നു. എന്നാൽ പുതിയ ചിത്രത്തിൽ നിലവിലെ സാഹചര്യത്തിൽ ഭാവനയുണ്ടാകില്ലെന്നും അംഗത്വമില്ലാത്തതാണ് ഇതിന് കാരണമെന്നുമാണ് ഇടവേള ബാബു പറഞ്ഞിരുന്നത്. നേരത്തെ സംഘടനയിൽ റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ എന്നിവർ രാജിവെച്ചിരുന്നു.
പാർവ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
2018 ൽ എന്റെ സുഹൃത്തുക്കൾ A.M.M.A-യിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ A.M.M.A- ജനറൽസെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു.
ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് ങൃ ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്.
അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങൾ ഈ പരാമർശം ചർച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതൽ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങൾ കൈകാര്യം ചെയ്ത അതേമോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്.
ഞാൻ A.M.M.A-യിൽ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാൻ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാൻ നോക്കി കാണുന്നു.
പാർവതി തിരുവോത്ത്.