മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ദൃശ്യം 2ന്റെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തി. മോഹൻലാൽ തന്നെയാണ് താൻ ദൃശ്യം 2 ടീമിനൊപ്പം ജോയിൻ ചെയ്ത വിവരം ആരാധകരെ അറിയിച്ചത്.
സംവിധായകൻ ജിത്തു ജോഫിനും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനുമൊപ്പം ജോർജ്ജു കുട്ടിയുടെ വേഷത്തിൽ നിൽക്കുന്നതിന്റെ ചിത്രം മോഹൻലാൽ ട്വിറ്ററിൽ പങ്കുവെച്ചു. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ഷൂട്ടിങ്ങിന് എത്തിയത് എന്നും മോഹൻലാൽ കുറിച്ചു.
സെപ്തംബർ 21നാണ് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ദൃശ്യം 2 ന്റെ ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്തിൽ പ്രവർത്തിക്കുന്ന അഭിനേതാക്കളും അണിയറ പ്രവർത്തകരും കൊവിഡ് പരിശോധന നടത്തിയതിന് ശേഷമാണ് ഷൂട്ടിന് തുടക്കമായത്.
ചിത്രീകരണം തീരുന്നതുവരെ എല്ലാവരേയും ക്വാറന്റീൻ ചെയ്യും. കൊച്ചിയിലെ ചിത്രീകരണം പൂർത്തിയായതിന് ശേഷമാകും തൊടുപുഴയിലേക്ക് ഷൂട്ടിങ് ഷിഫ്റ്റ് ചെയ്യുക. ദൃശ്യം 2 ൽ ആദ്യഭാഗത്തിൽ ഒന്നിച്ച അതേ ടീം തന്നെയാണ് അണിനിരക്കുക. പുതിയതയാി മൂന്ന് പ്രധാന താരങ്ങൾ കൂടി ദൃശ്യം 2 ൽ ഉണ്ട്.
ആർക്കും ചിത്രീകരണം കഴിയുന്നതുവരെ പുറത്തുപോകാൻ അനുവാദമുണ്ടാകില്ല. മോഹൻലാൽ അടക്കം ചിത്രത്തിലെ മുഴുവൻ പേരും ഷെഡ്യൂൾ തീരുന്നതുവരെ ഒറ്റ ഹോട്ടലിൽ തന്നെയായിരിക്കും താമസം. സെറ്റിലേക്ക് ഭക്ഷണത്തിനടക്കമുള്ള സാധനങ്ങൾ വാങ്ങുന്നവർക്കും ഷൂട്ടിങ് സ്ഥലത്തേക്കുള്ള സുരക്ഷ ഒരുക്കുന്ന ടീമിനും പുറത്തു നിന്നുള്ളവർക്കുമോ ഇവരുമായി ബന്ധപ്പെടാൻ സാഹചര്യമുണ്ടാകില്ല.
ഷൂട്ടിങ് തീരുന്നതുവരെ സംഘത്തിലുള്ള ആർക്കും പുറത്തു പോകാനും അനുവാദമുണ്ടാകില്ല.
സിനിമയുടെ ചിത്രീകരണം ആലുവയിലാണ് പുരോഗമിക്കുന്നത്. മോഹൻലാൽ, മീന, അൻസിബ, എസ്തർ, എന്നീ താരങ്ങളെ കൂടാതെ സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം എന്നീ വൻ താരനിരതന്നെ ചിത്രത്തിലുണ്ട്.
സതീഷ് കുറുപ്പ് ചായാഗ്രഹണവും വിനായകൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. സംഗീതം അനിൽ ജോൺസൺ. ദൃശ്യം ആദ്യഭാഗത്തേക്കാളും ഞെട്ടിക്കുന്ന ത്രില്ലറാണ് രണ്ടാം ഭാഗമെന്നാണ് സൂചന. എന്നാൽ ജീത്തു ജോസഫ് അക്കാര്യം തുറന്നുപറയുന്നില്ല. ഒരു കുടുംബചിത്രം എന്നാണ് ദൃശ്യം 2നെ അദ്ദേഹം വിശേഷിപ്പിക്കുന്നത്.
Joined at the sets of #Drishyam2 by adhering to all safety protocols set for Covid 19.#Drishyam pic.twitter.com/95BE9D5PZR
— Mohanlal (@Mohanlal) September 25, 2020