മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ ഷാജി കൈലാസ് താരരാജാവ് മോഹൻലാലിനെ നായകനാക്കി ചെയ്ത സൂപ്പർഹിറ്റ് സിനിമയായിരുന്നു ആറാം തമ്പുരാൻ. ഇന്നും മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് മോഹൻലാലും മഞ്ജു വാര്യരും ഒന്നിച്ചഭിനയിച്ച ആറാം തമ്പുരാൻ.
ആറാം തമ്പുരാനിൽ ഏറ്റവും മനോഹരമായ രംഗമാണ് മോഹൻലാലും മഞ്ജുവാര്യരും ആദ്യമായി കണ്ടുമുട്ടുന്ന രംഗം. ചുവന്ന സാരിയും കൈയിൽ പൂക്കളുമായി അമ്ബലത്തിൽ നിന്ന് ഇറങ്ങിവരുന്ന മഞ്ജു വാര്യരെ കണ്ട് ‘ഇതാര്, കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ’ എന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം.
മഞ്ജുവിനോട് ഇന്നും പലരും ഈ ചോദ്യം ചോദിക്കാറുണ്ട്. ഇപ്പോൾ ഈ രംഗവും തന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു രഹസ്യം തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഈ സീനിൽ അഭിനയിക്കുന്ന ദിവസമാണ് തനിക്ക് 18 വയസ് തികഞ്ഞതെന്നാണ് മഞ്ജു വാര്യർ പറയുന്നത്.
ഒരു എഫ്എം റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആറാം തമ്പുരാനുമായി ബന്ധപ്പെട്ട വിശേഷം പങ്കുവെച്ചത്. 18 വയസായ ദിവസമാണ് ആ സീനിൽ അഭിനയിച്ചത്. പക്ഷേ, അന്ന് ആർക്കും തന്റെ ജന്മദിനമാണെന്ന് അറിയില്ലായിരുന്നു. ആരോടും പറഞ്ഞില്ല. അതുകൊണ്ട് തന്നെ സെറ്റിൽ ആഘോഷമൊന്നും ഉണ്ടായിരുന്നില്ലെന്നും മഞ്ജു വാരിയർ പറഞ്ഞു.
മഞ്ജുവാര്യരും മോഹൻലാലും ഒന്നിച്ചപ്പോൾ നിരവധി ഹിറ്റുകളാണ് മലയാളത്തിൽ പിറന്നത്. മഞ്ജുവിന്റെ രണ്ടാം വരവിന് ശേഷവും ഇരുവരും ഒന്നിച്ച് നിരവധി ചിത്രങ്ങളിൽ എത്തി. ഇപ്പോൾ മമ്മൂട്ടിയ്ക്കൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് താരം. തന്റെ ഏറെ നാളായുള്ള സ്വപ്നം പൂവണിയുന്നുവെന്നാണ് മമ്മൂക്കയ്ക്ക് ഞാൻ മെസേജ് അയച്ചത് എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്.