സിദ്ധിഖ്‌ലാൽ എന്ന സംവിധാന കൂട്ടുകെട്ടിലൂടെ എത്തി മലയാള സിനിമയിൽ സംവിധായകനായും നടനായും നിർമ്മാതാവായും വെന്നിക്കൊടി പാറിച്ച താരമാണ് ലാൽ. സംവിധാന രംഗത്ത് ഹിറ്റ് മേക്കർ എന്ന സ്ഥാനം നേടിയെടുത്ത വ്യക്തി കൂടിയാണ് ലാൽ.
സിദ്ധിഖിനൊപ്പം ചേർന്ന് നിരവധി ഹിറ്റ് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ലാൽ നടനെന്ന നിലയിലും പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. എന്നാൽ രണ്ടു സംസ്ഥാന അവാർഡുകൾ ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ സ്വന്തം പേരിലാക്കിയ ലാലിന് ലാൽ എന്ന നടനോട് വലിയ മമതയില്ലെന്നതാണ് ഏറെ കൗതുകം.
മോഹൻലാലിനൊപ്പം മത്സരിച്ച് അഭിനയിച്ച കന്മദം എന്ന ചിത്രത്തിലെ അഭിനയത്തെ പ്രേക്ഷകർ പ്രശംസിച്ചു എങ്കിലും തന്റെ അഭിനയം ആ സിനിമയിൽ തീരെ നന്നായില്ലെന്ന് തുറന്നു പറയുകയാണ് ലാൽ. ലോഹിതദാസ് സംവിധാനം ചെയ്ത കന്മദത്തിൽ ജോണി എന്ന കഥാപാത്രത്തെയാണ് ലാൽ അവതരിപ്പിച്ചത്.
നായകനോളം പ്രധാന്യമുള്ള ഈ കഥാപാത്രം ചിത്രത്തിന്റെ പല ഘട്ടങ്ങളിലും പ്രതിനായക സ്വഭാവങ്ങളിലേക്കും വഴിമാറുന്നുണ്ട്. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെന്ന പോലെ ലാലിന്റെറ അഭിനയ ജീവിതത്തിലെയും ഏറ്റവും മികച്ച കഥാപാത്രമായി കന്മദത്തിലെ ജോണിയെ പ്രേക്ഷകർ വിലയിരുത്തുന്നു.
രണ്ടു ലാൽ മാർ മത്സരിച്ചു അഭിനയിച്ച ചിത്രത്തിൽ മഞ്ജു വാര്യരും ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ലോഹിതദാസിന്റെ മനോഹര രചന കൊണ്ടും, മോഹൻലാൽ എന്ന അതുല്യ പ്രതിഭയുടെ അഭിനയ മികവു കൊണ്ടും എവിടെയോ എത്തി നിൽക്കുന്ന ചിത്രമായിരുന്നു കന്മദം എന്ന് ലാൽ പറയുന്നു.
അതിൽ എന്റെ അഭിനയത്തെ ഇത്രയും വാഴ്ത്തപ്പെടുന്നതിനു കാരണം കൂടെ നിന്ന് അഭിനയിച്ച മോഹൻലാലും അതിലുപരി ലോഹിതദാസ് എഴുതി വച്ച തിരക്കഥയും ആണെന്നും ലാൽ ഒരു അഭിമുഖത്തിൽ സംസാരിക്കവേ തുറന്നു പറയുന്നു.
മോഹൻലാലിന്റെ അഭിനയത്തെക്കാൾ ഗംഭീരമായിരുന്നു എന്നൊക്കെ ചിലർ അന്ന് പറഞ്ഞെങ്കിലും ഞാൻ നന്നായി അഭിനയിച്ചിട്ടില്ലെന്ന് അത് കാണുമ്പോൾ എനിക്ക് തന്നെ തോന്നാറുണ്ട് ലാൽ പറയുന്നു. ഭൂതക്കണ്ണാടി, ജോക്കർ, കസ്തൂരിമാൻ, കന്മദം തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത ലോഹിതദാസ് മലയാള സിനിമയിലെ ഹിറ്റ് തിരക്കഥാകൃത്തിനു പുറമേ മലയാള സിനിമയിലെ ഹിറ്റ് സംവിധായകനെന്ന പേരും സ്വന്തമാക്കുകയായിരുന്നു.