മലയാളത്തിലെ സുപ്പർ സംവിധായകൻ റോഷൻ ആൻഡ്രൂസ് തന്റെ പുതിയ ചിത്രവുമായി എത്തുകയാണ്.
പൃഥ്വിരാജ് നായകനായ മുംബൈ പോലീസ് എന്ന ചിത്രത്തിന് ശേഷം ബോബിസഞ്ജയ് ടീമിന്റെ തിരക്കഥയിൽ മറ്റൊരു ത്രില്ലർ സിനിമയുമായാണ് റോഷൻ ആൻഡ്രൂസ് എത്തുന്നത്.
മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രം നിർമ്മിക്കുന്നത് ദുൽഖറിന്റെ തന്നെ നിർമ്മാണക്കമ്പനിയായ വേഫറർ ഫിലിംസ് ആണ്. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ത്രില്ലർ ചിത്രത്തിലൂടെ ദുൽഖർ സൽമാൻ തന്റെ ആക്ടിങ് കരിയറിൽ ആദ്യമായ് ഒരു മുഴുനീള പോലീസ് കഥാപാത്രമാകാൻ ഒരുങ്ങുന്നുവെന്ന പ്രത്യേകതയുണ്ട്.
നേരത്തെ ലാൽ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ എന്ന ചിത്രത്തിൽ ദുൽഖർ ഒരു പോലീസുകാരനാകുന്നുണ്ടെങ്കിലും പോലീസ് യൂണിഫോമിൽ ദുൽഖറിനെ കാണാൻ പ്രേക്ഷകർക്കിതുവരെ അവസരം ലഭിച്ചിരുന്നില്ല. അതേ സമയം പുതിയ പോലീസ് ചിത്രത്തിന്റെ തിരക്കഥ തനിക്ക് വളരെയേറെ ഇഷ്ടമായെന്നും, എത്രയും വേഗം ചിത്രീകരണം ആരംഭിക്കാനുള്ള കാത്തിരിപ്പിലാണ് താനെന്നും ദുൽഖർ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
മലയാളത്തിന്റെ ലേഡി സൂപ്പർതാരം മഞ്ജു വാര്യരെ നായികയാക്കി ഒരുക്കിയ പ്രതി പൂവൻകോഴി ആയിരുന്നു റോഷൻ ആൻഡ്രൂസിന്റെതായ് അവസാനം പുറത്ത് വന്ന ചിത്രം. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത് ദുൾഖർ തന്നെ നായകനായ കുറുപ്പ്, മമ്മൂട്ടി ചിത്രം വൺ എന്നിവയാണ് യഥാക്രമം ബോബി സഞ്ജയ് ടീമിന്റെറിലീസിന് തയ്യാറായിരിക്കുന്ന ചിത്രങ്ങൾ.
കോവിഡ് വ്യാപനം തടയാനായി നടപ്പിലാക്കി വരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ചാൽ ഉടൻ ദുൽഖർ സൽമാൻ ആദ്യം അഭിനയിച്ച് തീർക്കുക കോവിഡ് പ്രതിസന്ധിയിൽ ചിത്രീകരണം നിർത്തിവെച്ച തമിഴ് ചിത്രം ഹേയ് സിനാമിക ആയിരിക്കും. പ്രശസ്ത നൃത്തസംവിധായകയായ ബൃന്ദാമാസ്റ്റർ ആദ്യമായ് സംവിധാനം ചെയ്യുന്നസിനിമയാണ് ഇത്. ഒരു പ്രണയ കഥയായ് ഒരുങ്ങുന്ന ഹേയ് സിനാമികയിൽ തെന്നിന്ത്യൻ നടിമാരായ കാജൽ അഗർവാളും, അദിതി റാവു ഹൈദരിയുമാണ് നായികമാരായി എത്തുന്നത്.
ഈ ചിത്രം പൂർത്തിയാക്കതിനാ ശേഷമാകും ദുൽഖർ റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ജോയിൻ ചെയ്യുക. ഈ സിനിമയിൽ നായികയായി എത്തുന്നത് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ആയിരുക്കും എന്ന് ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.