ദളപതി 65 തുപ്പാക്കിയുടെ രണ്ടാം ഭാഗം തന്നെയോ: അഭ്യൂഹങ്ങൾക്ക് കൃത്യമായ മറുപടിയുമായി സംവിധായകൻ എആർ മുരുഗദോസ്സ്

35

തമിഴകത്തിന്റെ ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ദളപതി 65 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമ. തുപ്പാക്കി, കത്തി, സർക്കാർ എന്നീ ചിത്രങ്ങൾക്ക് ശേഷം എആർ മുരുഗദോസ് വിജയിയെ നായകനാക്കി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രം കൂടിയാണ് ദളപതി 65.

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഒഫീഷ്യൽ അനൗൺസ്‌മെന്റ് ഈ ആഴ്ച തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിലെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. ദളപതി 65 വിജയ് മുരുഗദോസ്സ് കൂട്ടുകെട്ടിൽ പിറന്ന ബംബർ ഹിറ്റ് തുപ്പാക്കിയുടെ രണ്ടാം ഭാഗമാണെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു.

Advertisements

തപ്പാക്കിക്ക് ശേഷം വീണ്ടുമൊരു വിജയ് പടത്തിൽ സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു എന്ന പ്രത്യേക ഈ ചിത്രത്തിനുണ്ട്. അതുകൊണ്ടുതന്നെ ഈ ചിത്രം തുപ്പാക്കിയുടെ രണ്ടാം ഭാഗം ആണെന്ന അഭ്യൂഹങ്ങളും ശക്തമായി നിലനിന്നിരുന്നു.

കഴിഞ്ഞ വർഷം തുപ്പാക്കി 2 വരാൻ സാധ്യതയുണ്ട് എന്ന സൂചനകൾ സന്തോഷ് ശിവൻ തന്നെ ട്വിറ്ററിൽ നൽകിയിരുന്നു. ഇതുകൊണ്ടു കൂടിയാണ് തുപ്പാക്കി 2 അഭ്യൂഹങ്ങൾ ശക്തമായി നില നിൽക്കുന്നത്. എന്നാൽ
ഇപ്പോഴിതാ ദളപതി 65 നെ കുറിച്ച് കൃത്യമായി പറഞ്ഞ് സംവിധായകൻ മുരുകദോസ്സ് രംഗത്തെത്തിയിരിക്കുകയാണ്.

ദളപതി 65 ഒരു പുതിയ തിരക്കഥ ആണെന്നും ഒരു ചിത്രത്തിന്റെയും രണ്ടാം ഭാഗം ആയിരിക്കില്ല എന്നും മുരുഗദോസ് അറിയിച്ചു. ഒരു തമിഴ് മാധ്യമത്തിന് വേണ്ടി നൽകിയ അഭിമുഖത്തിൽ ആണ് മുരുഗദോസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേ സമയം ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കാൻ പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മഡോണ സെബാസ്റ്റ്യനെ അണിയറക്കാർ സമീപിച്ചു എന്നാണ് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിതീകരണം വരുന്ന ദിവസങ്ങളിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രശസ്ത സംഗീത സംവിധായകൻ എസ്എസ് തമൻ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. ചിത്രത്തിൽ പ്രവർത്തിക്കുന്ന മറ്റ് അണിയറക്കാരുടെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. 2021 ആദ്യത്തോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറക്കാർ പദ്ധതിയിടുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റർ ആണ് വിജയ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. കൈതി എന്ന കാർത്തി ചിത്രമൊരുക്കിയതും ലോകേഷ് കനകരാജ് ആയിരുന്നു. വിജയ് സേതുപതി വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ മാളവിക മോഹനനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അർജുൻ ദാസ്, ആൻഡ്രിയ ജെർമിയ, ശന്തനു ഭാഗ്യരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിൽ പുറത്തിറങ്ങേണ്ടിയിരുന്ന മാസ്റ്റർ കോവിഡ് ലോക്‌ഡൊൺ മുലം മാറ്റിവെക്കുകയായിരുന്നു. ഇനി അടുത്തവർഷം പൊങ്കൽ റിലീസായി തീയേറ്ററുകളിലെത്തും എന്നാണ് ലഭിക്കുന്ന അനൗദ്യോഗിക വിവരം.

Advertisement