നിർമ്മാതാക്കളുടെ സംഘടനയുടെ നിലപാട് തള്ളി സൂപ്പർസ്റ്റാർ ചിത്രം, ദൃശ്യം രണ്ട് ഷൂട്ടിംഗ് അടുത്തമാസം ആരംഭിക്കും

32

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രം ദൃശ്യം രണ്ടിന്റെ ഷൂട്ടിംഗ് അടുത്തമാസം ആരംഭിക്കും. ആഗസ്റ്റ് പതിനേഴിന് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനാണ് നീക്കം.

പുതിയ സിനിമകളുടെ ഷൂട്ടിംഗ് പാടില്ലെന്ന് നിർമ്മാതാക്കളുടെ സംഘടനയുടെ നിലപാട് തള്ളിയാണ് മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. തന്റെ അറുപതാം പിറന്നാൾ ദിനത്തിലാണ് മോഹൻലാൽ ദൃശ്യത്തിന്റെ രണ്ടാംഭാഗം പ്രഖ്യാപിച്ചത്.

Advertisements

നിലവിലുള്ള കൊവിഡ് മാനദണ്ഡത്തിൽ മാറ്റം ഒന്നുമുണ്ടായില്ലെങ്കിൽ അടുത്ത മാസം ഷൂട്ടിംഗിനായി മോഹൻലാൽ എത്തും എന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. ദൃശ്യം രണ്ട് കൂടി ഷൂട്ടിംഗ് തുടങ്ങുന്നതോടെ നിർമ്മാതാക്കളുടെ സംഘടനയും ഫിലിം ചേംബറും സ്വീകരിക്കുന്ന നിലപാടാണ് ഇനി പ്രസക്തമാകുന്നത്.

തിയറ്ററുകൾ തുറക്കുമ്പോൾ ക്രൗഡ് പുള്ളറായുള്ള സിനിമകൾ വേണമെന്ന ചിന്ത താരസംഘടനയായ അമ്മയ്ക്കും ഫെഫ്കയ്ക്കുമുണ്ട്. സിനിമയുടെ ചെലവ് അമ്പത് ശതമാനം കുറച്ച് മാത്രം പുതിയ സിനിമകൾ മതിയെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നിലപാട്.

ഈ തീരുമാനത്തെ വെല്ലുവിളിച്ച് ഇതിനകം ഒട്ടനവധി ചിത്രങ്ങളുടെ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും പ്രതിഫലവും സിനിമയുടെ ചെലവും കുറയ്ക്കണമെന്ന നിർമാതാക്കളുടെ ആവശ്യത്തോട് അമ്മയ്ക്കും ഫെഫ്കയ്ക്കും യോജിപ്പുണ്ടെങ്കിലും പുതിയ സിനിമകൾ പാടില്ലെന്ന നിർമാതാക്കളുടെ തീരുമാനത്തോട് വിയോജിപ്പാണ്.

Advertisement