പറ്റിക്കരുതെന്ന് ആദ്യമേ പറഞ്ഞ ശേഷമാണ് ഞാൻ ആ സീരിയൽ ഏറ്റെടുത്തത്, പക്ഷേ: കസ്തൂരി മാൻ സീരിയലിൽ നിന്ന് പിൻമാറിയതിനെ പറ്റി വെളിപ്പെടുത്തലുമായി നടി പ്രവീണ

1645

നടി പ്രവീണ കൊലുസിന്റെ കിലുക്കം പോലെയുള്ള ചിരിയുമായാണ് മലയാള സിനിമയിലേക്കെത്തിയത്. ഭാര്യയായും കാമുകിയായും അനിയത്തിയയും അമ്മയായും എങ്ങനെ വന്നാലും പ്രവീണ എപ്പോഴും നമുക്ക് വീട്ടിലെ ഒരംഗമാണ്.

കസ്തൂരിമാൻ എന്ന സീരിയലിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്ന പ്രവീണ എന്നാലിപ്പോൾ കസ്തൂരിമാനിൽ നിന്നും പിന്മാറിയിരിക്കയാണ്. ഇപ്പോളിതാ സീരിയലിൽ നിന്നും പിന്മാറിയതിന്റെ കാരണത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.

Advertisements

മലയാള സിനിമ സീരിയൽ രംഗത്ത് സുപരിചിതമായ മുഖവും ശബ്ദവുമാണ് നടി പ്രവീണയുടേത്. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് നിരവധി ശ്രദ്ധേയ റോളുകളിൽ താരം തിളങ്ങി. മലയാളത്തിലും അന്യഭാഷകളിൽ അഭിനയത്തിൽ സജീവയാണ് പ്രവീണ.

ഭർത്താവും ഒരു മകളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. അഭിനയത്തിലും ഡബ്ബിങ്ങിലും സജീവമായ താരം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാൻ സീരിയലിൽ മൂന്ന് പെൺമക്കളുടെ അമ്മയായി എത്തിയിരുന്നു. ഇരുകയ്യും നീട്ടിയാണ് ആരാധകർ താരത്തെ കസ്തൂരിമാനിൽ ഏറ്റെടുത്തെത്. എന്നാൽ കഥാഗതിക്കനുസരിച്ച് സീരിയലിൽ നിന്നും പ്രവീണ അപ്രത്യക്ഷ ആവുകയായിരുന്നു.

ക്ലാസ്സിക്കൽ നൃത്തരംഗത്തും ഗായികയായും പ്രവീണ കഴിവ് തെളിയിച്ചിട്ടുണ്ട്. വിവാഹത്തിനുശേഷവും അഭിനയ രംഗത്ത് സജീവമായിരുന്ന പ്രവീണ ഇപ്പോൾ ടെലിവിഷൻ പരമ്പരകളിൽ നിന്നും വിട്ടു നിൽക്കുകയാണ്.അതിനൊരു കാരണം ഉണ്ട്. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

ഒരുപാട് ഒരുപാട് വേഷങ്ങൾ ചെയ്യുന്നതിൽ അല്ല കാര്യം. ഒരു സമൂഹത്തിന് നന്മ വരുന്ന കാര്യങ്ങൾ പറയുന്ന വേഷങ്ങൾ ചെയ്യുന്നതിലാണ് എനിക്ക് താത്പര്യം. ഒരുപാടൊന്നും വേണം എന്നുള്ള ആഗ്രഹം ഒന്നും എനിക്കില്ല. കിട്ടുന്ന കാര്യങ്ങൾ മനസ്സിന് സംതൃപ്തി നല്കുന്നതാകണം. അല്ലാതെ അമ്മ വേഷങ്ങൾ, അമ്മൂമ്മ വേഷങ്ങൾ ഒന്നും ചെയ്യില്ല എന്ന് ഞാൻ ഒരിക്കലും പറയില്ല.

കഴിഞ്ഞ എട്ടുവർഷമായി ഞാൻ പരമ്പരകൾ വേണ്ട എന്ന് മാത്രമാണ് ചിന്തിച്ചത്. അതിനൊരു കാരണമുണ്ട്, ജനമനസ്സുകളിൽ അത്രയും സ്വാധീനിക്കുന്ന എന്തെങ്കിലും കഥാപാത്രങ്ങൾ, അല്ലെങ്കിൽ ചലഞ്ചിങ് ആയ വേഷങ്ങൾ അങ്ങിനെ ഉള്ളതൊക്കെ ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ വരുന്നത് എല്ലാം പതിവ് പോലെയുള്ള കഥാപാത്രങ്ങൾ ആയിരുന്നു.

എല്ലാവരും ചെയ്തു പഴകിയ അല്ലെങ്കിൽ ഞാൻ തന്നെ ചെയ്തു മടുത്ത കഥാപാത്രങ്ങൾ മാത്രം വന്നു തുടങ്ങിയതോടെ ഇനി പരമ്പരകൾ തന്നെ വേണ്ട എന്ന തീരുമാനത്തിൽ എത്തി. പരമ്പരകൾ ചെയ്യുന്നില്ല എന്ന തീരുമാനത്തിൽ ഇരുന്നപ്പോഴാണ് കസ്തൂരിമാനിലേക്ക് ഉള്ള ക്ഷണം ലഭിച്ചത്. അമ്മയും മൂന്നുമക്കളുടെയും കഥ പറയുന്ന ഒരു പരമ്പര.

അവരോട് ഞാൻ ആദ്യമേ തന്നെ പറഞ്ഞിരുന്നു വ്യത്യസ്തമായത് മാത്രം ചെയ്യാൻ ആണ് ആഗ്രഹം എന്ന്. അവരത് സമ്മതിക്കുകയും ചെയ്തു. കഥ കേട്ടപ്പോൾ അൽപ്പം വ്യത്യസ്തമായി തോന്നി. മാത്രവുമല്ല, പ്രവീണയുടെ കഥാപാത്രം ആണ് അതിലെ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് എന്ന് അവർ പറയുകയും ചെയ്തു.

എല്ലാവരും ഇങ്ങനെയാണ് ആദ്യമൊക്കെ പറയുന്നത്, പറ്റിക്കരുത് എന്ന് പറഞ്ഞ ശേഷമാണ് ഞാൻ ആ പരമ്പര ഏറ്റെടുക്കുന്നത്. അമ്മ വേഷങ്ങൾ ചെയ്യാൻ എനിക്ക് യാതൊരു മടിയും ഇല്ല. കാരണം ഞാനും ഒരു അമ്മയാണ്. എന്റെ മകൾക്ക് പതിനെട്ട് വയസ്സായി. സിനിമയിൽ നിരവധി താരങ്ങളുടെ അമ്മ വേഷത്തിൽ ഞാൻ എത്തിയിട്ടുണ്ട്. അമ്മ കഥാപാത്രങ്ങൾ ചെയ്യുന്നതിൽ അഭിമാനം മാത്രമേ തോന്നിയിട്ടൊള്ളൂ.

പക്ഷെ ആ അമ്മ ജന മനസ്സുകളിൽ തങ്ങി നിൽക്കുന്ന ഒരു അമ്മ ആയിരിക്കണം. കാരണം അമ്മയാണ് സകലതും, ഒരു കുട്ടിയെ നല്ലൊരു പൗരൻ ആക്കുന്നത് ഒരമ്മയാണ്. അപ്പോൾ അമ്മ കഥാപാത്രങ്ങൾ ഏറ്റെടുക്കുമ്പോൾ ഈ കാലഘട്ടത്തിനു യോജിക്കുന്ന ഒരു അമ്മ ആകണം എന്ന് എനിക്ക് നിർബന്ധം ഉണ്ട്. കാരണം ജന മനസ്സുകളിൽ നിറയണം എങ്കിൽ കഴിച്ചോ, ഉണ്ടോ ഉറങ്ങിയോ എന്ന് മാത്രം തിരക്കുന്ന ഒരു അമ്മ ആകരുത് എന്റെ കഥാപാത്രം എന്നും എനിക്ക് നിർബന്ധം ഉണ്ട്.

കസ്തൂരിമാനിൽ സംഭവിച്ചതും അതാണ്. സേതുലക്ഷ്മിയുടെയും മൂന്നു പെൺകുട്ടികളുടെയും കഥ പറഞ്ഞു തുടങ്ങി. പിന്നെ ഒരു പെൺകുട്ടിയുടെ മാത്രം കഥ ആയി അതങ്ങു ഒതുങ്ങി പോവുകയും ചെയ്തു. അത് നല്ല രീതിയിൽ തന്നെയാണ് ഇപ്പോഴും പോകുന്നത്. അവരുടെ ഭാഗത്ത് തെറ്റില്ല. പക്ഷെ എനിക്ക് സംതൃപ്തി ലഭിക്കാത്തത് കൊണ്ട് മാത്രമാണ് അത് വിടേണ്ടി വന്നതെന്നും പ്രവീണ പറയുന്നു.

ഇടക്ക് തമിഴിലും ഒരു സീരിയൽ ചെയ്തു. പ്രിയമാനവൾ എന്ന പരമ്പരയാണ് ഏറ്റവും ഒടുവിൽ ചെയ്തതത്. അതിപ്പോൾ അവസാനിച്ചു. അതിലും ഒരു അമ്മ കഥാപാത്രം ആയിരുന്നു. കഥാപാത്രങ്ങൾ ഇപ്പോൾ തമിഴിൽ ആണെങ്കിലും മലയാളത്തിൽ ആണെങ്കിലും എല്ലാം ഒരേ പോലെയാണ്. ഒരുപാട് ഓഫറുകൾ സീരിയലിൽ നിന്നും വരുന്നുണ്ട്.

പക്ഷെ കഥ കേൾക്കുമ്പോൾത്തന്നെ മുൻപ് ഞാൻ ചെയ്ത കഥാപാത്രങ്ങളെ പോലെ തന്നെ തോന്നാറുണ്ട്. അങ്ങനെയാണ് പലതും ഉപക്ഷിക്കേണ്ടി വരുന്നത്. എന്ന് വച്ച് പരമ്ബരകളിലേക്ക് ഇല്ല എന്നൊന്നും പറയില്ല. നല്ലത് വന്നാൽ തീർച്ചയായും ഞാൻ തിരികെ എത്തുമെന്നും പ്രവീണ പറയുന്നു. 13 വർഷത്തിലേറെയായി കലാരംഗത്ത് പ്രവീണ സജീവമാണ്.

രണ്ടു തവണ സംസ്ഥാന സർക്കാരിന്റെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ താരമാണ് പ്രവീണ.ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്‌നിസാക്ഷി,അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത രണ്ടു പെണ്ണും ഒരാണും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് പ്രവീണയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത്. പത്മനാഭന്റെ ഗൗരി എന്ന ചിത്രത്തിൽ പാർവതിയുടെ കുട്ടിക്കാലം അവതരിപ്പിച്ചാണ് പ്രവീണ അഭിനയരംഗത്തേക്ക് എത്തിയത്.

Advertisement