ദിലീഷ് പോത്തന്റെ സംവിധാനത്തിൽ 2017 ൽ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും
എന്ന ആദ്യ സിനിമയിലൂടെ തന്നെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നിമിഷ സജയൻ.
ഫഹദ് ഫാസിലിനും സൂരജ് വെഞ്ഞാറമ്മൂടിനും ഒപ്പം തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ വെള്ളിത്തിരയിലേക്ക് എത്തിയത്.
പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായ താരം തന്റെ കാഴ്ചപ്പാടുകൾ മുഖം നോക്കാതെ തുറന്ന് പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ സിനിമയിൽ മേക്കപ്പിടാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നിമിഷ സജയൻ.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ സിനിമ മേഖലയിൽ ഇഷ്ടമല്ലാത്തതിനെ കുറിച്ചും താരം മനസ്സ് തുറക്കുന്നു. സിനിമയിൽ മേക്കപ്പ് വേണമെന്നത് നമ്മൾ കണ്ടു വന്ന ഒരു രീതിയാണ്. അത് തന്നെ പിന്തുടരണമെന്നില്ലല്ലോ. ഞാൻ ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും അടുത്ത വീട്ടിലെ പെൺകുട്ടി എന്ന ഇമേജുള്ളവയാണ്.
നമ്മുടെ ചുറ്റുമുള്ള എത്രപേരാണ് നിത്യ ജീവിതത്തിൽ മേക്കപ്പ് ഉപയോഗിക്കുന്നത്. കൂടിപ്പോയാൽ ലിപ്സ്റ്റിക് ഇടുന്നവരെയല്ലേ നമുക്ക് കാണാൻ കഴിയു. കേരളത്തിലെ സ്ത്രീകളുടെ ധൈര്യത്തെ കുറിച്ചും മിടുക്കിനെ കുറിച്ചുമെല്ലാം അച്ഛൻ പറയുന്നത് കേട്ടാണ് ഞാൻ വളർന്നത്. അതായിരിക്കാം എന്നിലെ സ്വഭാവത്തെ രൂപപ്പെടുത്തിയതെന്നും നിമിഷ പറഞ്ഞു.
ഒരു മലയാളി പെൺകുട്ടി ഏതൊരു മേഖലയിലായാലും മുൻപന്തിയിൽ ഉണ്ടാകും. കൂടാതെ കുട്ടിക്കാലം മുതൽ അച്ഛനും അമ്മയും എന്നെ പറഞ്ഞ് പഠിപ്പിച്ചത് മലയാളി പെൺകുട്ടിയുടെ ശീലങ്ങളുമാണ്. സിനിമയ്ക്കുള്ളിലെ അടുക്കള രാഷ്ട്രീയത്തിനോട് തീരെ യോജിപ്പില്ലെന്നും നിമിഷ വെളിപ്പെടുത്തി.
സിനിമ ഒരു കലാരൂപമാണ്. അത് എപ്പോഴും സംശുദ്ധമായിരിക്കണം. അതിൽ ഒരിക്കലും വ്യക്തി താത്പര്യങ്ങളോ ഗ്രൂപ്പിസമോ കടന്നു വരാൻ പാടില്ല. കണ്ണുകൾ കൊണ്ടുള്ള ഭാവങ്ങളാണ് അഭിനയിക്കാൻ ഏറ്റവും ഇഷ്ടം. ഈ അടുത്ത ഇടയിൽ ഞാൻ ഏറ്റവും കൂടുതൽ ചെയ്തിട്ടുള്ളതും അതാണെന്നും നിമിഷ വ്യക്തമാക്കി.
നോട്ടം കൊണ്ടുള്ള റൊമാൻസ്, റൊമാൻസിൽ മുൻപരിചയമൊന്നുമില്ല. എന്നാലും എനിയ്ക്ക് ഏറ്റവും കൂടുതൽ വഴങ്ങുന്നതും അതാണെന്ന് തോന്നുന്നുണ്ട്. സ്ത്രീകൾക്ക് പ്രധാന്യം നൽകുന്ന സൈക്കോളജിക്കൽ ത്രില്ലറിനോടാണ് കൂടുതൽ ഇഷ്ടം. കൂടാതെ ഒരു സൈക്കോ കില്ലറായി അഭിനയിക്കുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹമെന്നും താരം പറഞ്ഞു നിർത്തി