മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന്റെ സിനിമാ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത സ്വരമാണ് ഗായതൻ എംജി ശ്രീകുമാറിന്റേത്. മോഹൻ ലാലിന്റെ മിക്ക സിനിമകളിലും പാടിയിട്ടുള്ളത് എംജി ശ്രീകുമാറാണ്. അതേസമയം മോഹൻലാലും പ്രിയദർശനും എംജി ശ്രീകുമാറും തമ്മിലുള്ള കൂട്ടുകെട്ടും പ്രസിദ്ധമാണ്.
കോളജ് പഠന കാലത്ത് തുടങ്ങിയ ആ സൗഹൃദം ഇന്നും തുടരുന്നു എന്നാണ് ശ്രീകുമാർ വ്യക്തമാക്കുന്നത്. എന്നാൽ, തങ്ങളുടെ സൗഹൃദം തുടങ്ങുന്നത് ഒരു സംഘർഷത്തിലൂടെയാണ് എന്ന് ശ്രീകുമാർ ഓർത്തെടുക്കുന്നു. കലാലയകാലത്ത് തലസ്ഥാന നഗരിയിൽ നടന്ന പുഷ്പ പ്രദർശനത്തിനിടെയിലാണ് ലാലും ശ്രീകുമാറും തമ്മിൽ കൊമ്പുകോർത്തത്.
എംജി ശ്രീകുമാർ പഠിക്കുന്ന ആർട്‌സ് കോളജിലെ ഒരു പയ്യൻ മോഹൻലാലിന്റെ എംജി കോളജിലെ ഒരു പെൺകുട്ടിയെ കമന്റടിച്ചതാണ് വിഷയമായത്. സംഭവം അറിഞ്ഞെത്തിയ മോഹൻലാലിന്റെ കയ്യിൽ കിട്ടിയത് ശ്രീകുമാറിനെ.
ഇനി ആവർത്തിച്ചാൽ ഏഴായി ഒടിക്കുമെന്ന് ഭീ, ഷണിയും. ആ കണ്ട് മുട്ടലിന് ശേഷം ആരും കൊതിക്കുന്ന കൂട്ടുകെട്ടായി വളർന്നത് ചരിത്രവും. മോഹൻലാൽ അഭിനയിച്ച ചിത്രങ്ങൾക്കു വേണ്ടിയാണ് താൻ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് എന്ന് ശ്രീകുമാർ വെളിപ്പെടുത്തുന്നു.
പാടിത്തുടങ്ങിയിട്ട് നാൽപതു വർഷമായി. അതിൽ തൊണ്ണൂറു ശതമാനം പാട്ടുകളും പാടിയത് ലാലിന്റെ സിനിമകൾക്കു വേണ്ടിയാണ്. കൂലി എന്ന ചിത്രത്തിൽ രവീന്ദ്രൻ മാസ്റ്ററിന്റെ സംഗീതത്തിലാണ് ഞാൻ ആദ്യമായി പാടിയത്.
എന്നാൽ ലാലിനു വേണ്ടി ആദ്യമായി പാടിയ ചിത്രം ഏതാണെന്ന് എനിക്ക് ചെറിയ കൺഫ്യൂഷൻ ഉണ്ട്. ‘പൂച്ചയ്‌ക്കൊരു മൂക്കുത്തി’ എന്ന ചിത്രത്തിൽ ഞാൻ പാടി. ചിത്രത്തിൽ മോഹൻലാൽ ഉണ്ടായിരുന്നുവെങ്കിലും ഞാൻ പാടിയത് ശങ്കറിനു വേണ്ടിയായിരുന്നു.
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, താളവട്ടം, ചിത്രം, വന്ദനം തുടങ്ങിയവയായിരുന്നു ലാലിന്റെ അന്നത്തെ പ്രധാന സിനിമകൾ. ചെന്നൈയിൽ വച്ചായിരുന്നു ആ പാട്ടുകളുടെയൊക്കെ റെക്കോർഡിങ്. എന്റെ ഓർമ ശരിയാണെങ്കിൽ താളവട്ടത്തിലെ പൊൻവീണേ.എന്ന ഗാനമാണ് ഞാൻ ആദ്യമായി ലാലിനു വേണ്ടി പാടിയതെന്നും എംജി ശ്രീകുമാർ പറയുന്നു.
ഒട്ടുമിക്ക മോഹൻലാൽ ചിത്രങ്ങളും എം ജി ശ്രീകുമാറിന്റെ സ്വരമാധുര്യം കൂടി ചേർന്നപ്പോഴാണ് സൂപ്പർ ഹിറ്റ് ചിത്രങ്ങളായി മാറിയത്. മോഹൻലാലിന്റെ രൂപത്തിന് ഏറെ യോജിച്ചതാണ് എം ജി ശ്രീകുമാറിന്റെ ശബ്ദം എന്ന് പലപ്പോഴും പറഞ്ഞു കേട്ടിട്ടും ഉണ്ട്. പറഞ്ഞു കേൾക്കുക മാത്രമല്ല വർഷങ്ങളായി ആ കൂട്ടുകെട്ടിന്റെ ആഴം നമ്മൾ അറിയുന്നതും ആണ്.