സഹോദരങ്ങളെ പോലെ എന്നെ ഇച്ചാക്കയെന്നാണ് വിളിച്ചത്, എന്റെ മകളുടെയും മകന്റെയും വിവാഹങ്ങൾ സ്വന്തം വീട്ടിലെ വിവാഹം പോലെ നടത്തി തന്നത് എനിക്ക് ഓർമ്മയുണ്ട്: ഹൃദയം തൊട്ട വാക്കുകളുമായി മമ്മൂട്ടി

66

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ നാല് പതിറ്റാണ്ടിന്റെ അഭിനയജീവിതം കടന്ന്, ജീവിതത്തിന്റെ അറുപത് സംവത്സരങ്ങൾ പിന്നിടുകയാണ്. അദ്ദേഹത്തിന്റെ അറുപതാം പിറന്നാളാണ് ഇന്ന്. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ.

മോഹൻലാൽ മമ്മൂട്ടി എന്നീ താരദ്വന്ദ്വങ്ങളെ ചുറ്റിപ്പറ്റിയാണ് നാലു പതിറ്റാണ്ടായി മലയാളസിനിമയുടെ സഞ്ചാരവും. മോഹൻലാൽ മലയാളികളുടെ ‘ലാലേട്ടനാ’യി തുടരുകയാണ്. പ്രായഭേദമന്യെ പ്രിയപ്പെട്ടവർ അദ്ദേഹത്തെ അങ്ങനെ സംബോധന ചെയ്യാൻ ഇഷ്ടപ്പെടുന്നു. ഷഷ്ടിപൂർത്തി പിറന്നാളിന് പക്ഷേ കേരളത്തിലില്ല മോഹൻലാൽ, ലോക്ക് ഡൗൺ തുടങ്ങുന്നതിനു മുൻപേ ചെന്നൈയിലെ വീട്ടിലെത്തിയിരുന്ന അദ്ദേഹം പിറന്നാൾ ദിനത്തിലും അവിടെയാണ്.

Advertisements

കഴിഞ്ഞ മൂന്ന് തലമുറയിൽപ്പെട്ട മലയാളത്തിലെ പ്രധാനപ്പെട്ട സംവിധായകരിൽ മിക്കവരും മോഹൻലാലിലെ അഭിനയപ്രതിഭയെ ഉപയോഗിച്ചവരാണ്. ഭരതനിൽ നിന്നും പത്മരാജനിൽ നിന്നും ഐവി ശശിയിലേക്കും ഭദ്രനിലേക്കും പ്രിയദർശനിലേക്കും സിബി മലയിലിലേക്കും ബ്ലെസിയിലേക്കുമൊക്കെ മോഹൻലാൽ സ്വച്ഛന്ദം ഒഴുകി.

പല വൈകാരിക രംഗങ്ങൾക്കും മോഹൻലാൽ ഭാവം പകർന്നപ്പോൾ തങ്ങൾ കട്ട് പറയാൻ മറന്നുപോയിരുന്നെന്ന് അവരിൽ പലരും പിൽക്കാല അഭിമുഖങ്ങളിൽ പറഞ്ഞു. ഇപ്പോഴിതാ അറുപതാം പിറന്നാളാഘോഷിക്കുന്ന താരാജാവ് മോഹൻലാലിന് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് മലയാളത്തിനെ മെഗാസ്റ്റാർ മമ്മൂട്ടി.

തന്റെ ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി ആശംസകൾ നേർന്നത്. എന്റെ ലാലിന് എന്ന ഹെഡ്ഡിങ്ങോടെ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മമ്മൂട്ടി ആശംസകൾ അറിയിച്ചത്.

ലാലിന്റെ ജന്മദിനമാണ്, ഞങ്ങൾ തമ്മിൽ പരിചയമായിട്ട് ഏകദേശം 39 വർഷമായി. പടയോട്ടത്തിന്റെ സെറ്റിൽ വച്ചാണ ആദ്യം കാണുന്നത്. ആ പരിചയം ഇതാ ഇന്ന് വരെ. എന്റെ സഹോദരങ്ങൾ അഭിസംബോധന ചെയ്യുന്ന പേര് വച്ചാണ് എന്നെ ലാൽ വിളിക്കാറുള്ളത്.

ഇച്ചാക്ക, പലരും എന്നെ അങ്ങനെ വിളിക്കുമ്പോഴും, ആലങ്കാരികമായ് പലരും അങ്ങനെ വിളിക്കാറുണ്ടെങ്കിലും ലാലെന്നെ അങ്ങനെ വിളിക്കുമ്പോൾ എനിക്ക് പ്രത്യേക സന്തോഷമാണ്. എന്റെ സഹോദരങ്ങൾ അങ്ങനെ വിളിക്കുമ്പോൾ എനിക്ക് പ്രത്യേക സന്തോഷമാണെന്ന് മമ്മൂട്ടി പറഞ്ഞു.

സിനിമയോട് ഗൗരവമുണ്ടെങ്കിലും ജീവിതത്തോട് അത്ര ഗൗരവം കാണുന്നവരായിരുന്നില്ല നമ്മൾ. കോളേജ് വിദ്യാർത്ഥികളെ പോലെ പാടിയും ഉല്ലസിച്ചും തമാശ പറഞ്ഞും കളിച്ചും ഒക്കെ നടന്നു. പക്ഷെ തൊഴിലിനോട് ഗൗരവം പുലർത്തി. നമുക്ക് സാമാന്യം നല്ല മാർക്കും കിട്ടി.

അത് കൊണ്ട് ആളുകൾ സ്നേഹിക്കുകയും വാഴ്ത്തുകയും ചെയ്യുന്ന നടൻമാരായി മാറിയതെന്നും മമ്മൂട്ടി പറഞ്ഞു. അതിന് ശേഷമുള്ള യാത്ര വളരെ നീണ്ട യാത്രയാണ്. ചില്ലറ പരിഭവങ്ങളും പിണക്കങ്ങളുമൊക്കെ നേരിട്ട് കാണുമ്പോൾ ഐസ് പോലെ അലിഞ്ഞു തീർന്നു. എന്റെ മകളുടെ വിവാഹം, മകന്റെ വിവാഹം എന്നിവയൊക്കെ ലാൽ സ്വന്തം വീട്ടിലെ വിവാഹം പോലെ നടത്തി തന്നത് എനിക്ക് ഓർമ്മയുണ്ട്.

അപ്പുവിനെ ആദ്യമായി സിനിമയിൽ ഇന്റ്രൊഡ്യൂസ് ചെയ്യാൻ പോയപ്പോൾ എന്റെ വീട്ടിൽ വന്നതും അനുഗ്രഹം വാങ്ങിയതും സ്നേഹം വാങ്ങിയതും പ്രാർത്ഥനകൾ വാങ്ങിയതും ഓർമ്മയുണ്ടെന്നും വലിയ സൗഹൃദം നമുക്കിടയിൽ വളർന്നിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. ഈ യാത്രകൾ നമുക്ക് തുടരാം ഇനിയുള്ള കാലം, ഇനി എത്ര കാലം എന്ന് നമുക്കറിയില്ല.

നമ്മുടെ ജീവീത പാഠങ്ങൾ പിന്നാലെ വരുന്നവർക്ക് അറിഞ്ഞ് അനുഭവിക്കാനും അറിഞ്ഞ് മനസ്സിലാക്കാനും കഴിയുന്ന പാഠങ്ങളാവട്ടെ. മലയാളത്തിന്റെ ഈ അത്ഭുത കലാകാരന്, ലാലിന്, മലയാളികളുടെ ലാലേട്ടന്, മലയാള സിനിമ കണ്ട മഹാനായ നടന് പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ, മമ്മൂട്ടി പറഞ്ഞു.

Advertisement