തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് കുഞ്ചൻ നമ്പ്യാരുടെ ജീവിത കഥ സിനിമയാക്കാൻ പ്രശസ്ത സംവിധായകൻ ഹരിഹരൻ. ഈ ചിത്രം 2020ൽ തുടങ്ങാൻ ഇരുന്നതെന്ന് വെളിപ്പെടുത്തി സംവിധായകൻ രംഗത്തെത്തി.
ഏപ്രിൽ 14ന് ചെന്നൈയിൽ വെച്ച് ഹരിഹരന്റെ സംവിധാനത്തിൽ പൃഥ്വിരാജിനെ നായകനാക്കി ‘കലക്കത്ത് കുഞ്ചൻ നമ്പ്യാർ’ എന്ന ചിത്രത്തിന്റെ പൂജ നിശ്ചയിച്ചിരുന്നു. ചിത്രത്തിൽ മാർത്താണ്ഡ വർമ്മയായി അതിഥി വേഷത്തിൽ മമ്മൂട്ടിയെയും നിശ്ചയിച്ചിരുന്നുവെന്നും ഹരിഹരൻ വ്യക്തമാക്കി.
ഒരു ദിനപത്രത്തിന്റെ കോളത്തിൽ എഴുതിയ കുറിപ്പിലാണ് തന്റെ സ്വപ്ന പദ്ധതിയെ കുറിച്ച് ഹരിഹരൻ പറഞ്ഞത്.
നേരത്തെ 2019ൽ കുഞ്ചൻ നമ്പ്യാർ ബയോപിക് അടുത്ത പ്രോജക്ട് ആയി ഹരിഹരൻ പ്രഖ്യാപിച്ചിരുന്നു. മലയാളത്തിലെ നവോത്ഥാനത്തിന് തിരികൊഴുത്തിയ ഹാസ്യസാഹിത്യകാരൻ എന്ന നിലയിലാണ് പ്രൊജക്ടിനെ സമീപിക്കുന്നതെന്നും ഹരിഹരൻ പറഞ്ഞിരുന്നു.
നമ്പ്യാരുടെ കൃതികൾ വായിച്ചപ്പോഴാണ് സിനിമയാക്കിയേ പറ്റൂ എന്ന തോന്നലുണ്ടായതെന്നും ഹരിഹരൻ വ്യക്തമാക്കി. എംടി വാസുദേവൻ നായരാണ് തിരക്കഥാ രചനയ്ക്ക് കെ ജയകുമാർ ആണ് യോജിച്ചതെന്നും നിർദ്ദേശിച്ചതെന്നും ഹരിഹരൻ വ്യക്തമാക്കിയിരുന്നു.
ഗോകുലം ഗോപാലനാണ് കലക്കത്ത് കുഞ്ചൻ നമ്പ്യാർ നിർമ്മിക്കുന്നത്. ഇളയരാജ, റസൂൽ പൂക്കുട്ടി എന്നിവർ അണിയറയിലുണ്ടാകുമന്നാണ് 2019ൽ ഹരിഹരൻ മാതൃഭൂമി അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നത്. മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.
അതേ സമയം ലോക്ഡൗൺ മൂലം ചിത്രത്തിന്റെ പൂജ നടത്താൻ കഴിഞ്ഞിട്ടില്ല. ഇനി നിയന്ത്രണങ്ങളെല്ലാം മാറി സിനിമാരം സജീവമായിക്കഴിഞ്ഞാൽ ആരാധകർക്ക് ആവേശമായി ഈ ഇതിഹാസ ചിത്രം എത്തുമെന്ന് പ്രതീക്ഷിക്കാം.