രാജ്യത്തെ മുഴുവൻ ജനങ്ങളേയും പ്രതിസന്ധിയിലാക്കിയിരിക്കുന്ന കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ താരങ്ങളും കഴിവിന് അനുസരിച്ച് സഹായം പ്രഖ്യാപിക്കുന്ന തിരിക്കിലാണിപ്പോൾ. ഇതിനിടെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായഹസ്തവുമായി വീണ്ടും പത്താൻ സഹോദരൻമാർ രംഗത്തെത്തിയിരിക്കുകയാണ്.
കൊറോണ വ്യാപനത്തിന് എതിരായ ലോക്ഡൗൺ രാജ്യവ്യാപകമായി ഏർപ്പെടുത്തിയതോടെ ദുരിതത്തിലായ ജനങ്ങളെ സഹായിക്കുന്നതിന് ഇർഫാൻ പത്താനും യൂസഫ് പത്താനും ചേർന്ന് നൂറു ടൺ അരിയും 700 കിലോ ഉരുളക്കിഴങ്ങും വിതരണം ചെയ്യും. ബറോഡയിലെ പാവപ്പെട്ട ജനങ്ങൾക്കായാണ് ഇരുവരും അരിയും ഉരുളക്കിഴങ്ങും വിതരണം ചെയ്യുന്നത്.
ഏതാനും ദിവസം മുൻപ് ബറോഡ പൊലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും സഹകരണത്തോടെ ഇരുവരും നഗരത്തിൽ 4000 മാസ്‌കുകളും വിതരണം ചെയ്തിരുന്നു. നേരത്തെ, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ബംഗാളിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി 50 ലക്ഷം രൂപയുടെ അരി വിതരണം ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു.
ഇതിനു പുറമെ ഒട്ടേറെ കായിക താരങ്ങളാണ് പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്കും വിവിധ തുകകൾ സംഭാവന ചെയ്തത്.
സച്ചിൻ തെൻഡുൽക്കർ, വിരാട് കോഹ്ലി, രോഹിത് ശർമ, സുരേഷ് റെയ്ന, അജിൻക്യ രഹാനെ, ഇഷാന്ത് ശർമ, യുവരാജ് സിംഗ് തുടങ്ങിയവരാണ് സംഭാവന പ്രഖ്യാപിച്ച പ്രമുഖ ക്രിക്കറ്റ് താരങ്ങൾ. മിതാലി രാജ് ഉൾപ്പെടെയുള്ള വനിതാ താരങ്ങളും സഹായവുമായി രംഗത്തുണ്ട്