ലോകത്തെ വിറപ്പിക്കുന്ന കൊറോണ വൈറസ് വ്യാപനം മൂലം വീട്ടിലിരുന്ന് സമയം ചിലവഴിക്കേണ്ടി വന്നതോടെ പലരും നെറ്റഫ്ലിക്സിലും ഹോട്ട്സ്റ്റാറിലുമൊക്കെയാണ് അഭയം കണ്ടെത്തുന്നത്. പഴയ സിനിമകള്‍ വീണ്ടുമെടുത്ത് കാണുന്നതിനിടയില്‍ സിനിമാപ്രേമികളുടെ ഏറെനാളായുള്ള ആശങ്കയ്ക്കാണ് ഒരു പുതിയ പരിഹാരം ഉണ്ടായിരിക്കുന്നത്.
സിബി മലയില്‍ സംവിധാനം ചെയ്ത് ജയറാം, മഞ്ജു വാര്യര്‍, സുരേഷ് ഗോപി എന്നിവര്‍ അഭിനയിച്ച സമ്മര്‍ ഇന്‍ ബെത്‌ലഹേം എന്ന ചിത്രത്തിന്റെ ക്ലൈമാക്സാണ് വിഷയം. ചിത്രത്തില്‍ നായകനായ ജയറാമിനായി അഞ്ച് കസിന്‍സില്‍ ആരാണ് പൂച്ചയെ അയച്ചത് എന്നായിരുന്നു സംശയം. ഈ സംശയത്തിന് ചിത്രത്തില്‍ നിന്നുതന്നെ തെളിവുകള്‍ കണ്ടെത്തി പുതിയ ഉത്തരവുമായി എത്തിയിരിക്കുകയാണ് ദേവദാസ് എന്ന സിനിമാപ്രേമി.
അപര്‍ണ എന്ന കഥാപാത്രമാണ് ചിത്രത്തില്‍ രഹസ്യമായി ജയറാമിനോട് പ്രണയം സൂക്ഷിക്കുന്നതെന്നാണ് ഇയാളുടെ കണ്ടെത്തല്‍ . ഇതിനുള്ള കാരണവും ചിത്രങ്ങള്‍ സഹിതം ദേവദാസ് പങ്കുവച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
സമ്മര്‍ ഇന്‍ ബെത്ലാഹേമിലെ ആ പൂച്ചയെ അയക്കുന്ന കുട്ടിയെ ഓര്‍ക്കുന്നുണ്ടോ..ആരാണെന്ന് പറയാതെ ആ സിനിമ അങ്ങ് തീര്‍ന്നപ്പോ വല്ലാത്ത സങ്കടായി. ഇപ്പൊ വീട്ടില്‍ ഒരു പണിയും ഇല്ലാതെ വെറുതെ ഇരുന്നപ്പോ ഞാന്‍ ആ കുട്ടിയെ ഒന്ന് തപ്പി പിടിക്കാം എന്ന് വച്ച്. എന്റെ ഒരു അനുമാന പ്രകാരം അപര്‍ണ്ണ(ആദ്യത്തെ ഫോട്ടോയിലെ കുട്ടി) എന്ന കഥാപാത്രം ആണ് ആ പൂച്ചയെ അയച്ചത്. ഇനി എങ്ങനെ ആണെന്ന് നോക്കാം.
ആ രണ്ടാമത്തെ ചിത്രത്തില്‍ റൂമിലേക്ക് പൂവ് എറിയുന്ന കൈ ശ്രദ്ധിച്ചോ? അതില്‍ ചുവപ്പ് നൈല്‍ പോളിഷ് ആണ് ഉള്ളത്.എന്നാല്,എറിഞ്ഞ ആളെ തപ്പി ഇറങ്ങുന്ന സുരേഷ് ഗോപി മഞ്ജുവിനെ ആണ് കാണുന്നത്. എന്നാല്‍, മഞ്ജു നൈല്‍ പോളിഷ് ഇട്ടിരുന്നില്ല.അപ്പൊ എറിഞ്ഞത് മഞ്ജു അല്ല. അന്നേ ദിവസം ഉച്ചയ്ക്ക് ആണ് ആ ക്ലാപ് ചെയ്യുന്ന സീന്‍ ഉള്ളത്.
അതില്‍ മൂന്ന് പേരാണ് ചുവപ്പ് നൈല്‍ പോളിഷ് ഇട്ടത്.അപര്‍ണ്ണ, ദേവിക, ഗായത്രി.ദേവിക എല്ലായ്പ്പോഴും ഫുള്‍ സ്ലീവ് വസ്ത്രം ആണ് ധരിക്കുന്നത്. അതുകൊണ്ട് ദേവിക അല്ല എന്തായാലും കക്ഷി..പിന്നെ ഉള്ളത് അപര്‍ണ്ണയും,ഗായത്രിയും ആണ്. ഇനി നമുക്ക് ക്ലൈമാക്സ് സീനിലേക്ക് പോകാം.
അതില്‍ ട്രെയിനില്‍ നിന്നും പൂച്ചയെ പുറത്തേക്ക് കാണിക്കുന്ന കുട്ടിയുടെ കൈകളില്‍ ആഭരണങ്ങള്‍ ഒന്നും കാണുന്നില്ല. എന്നാല് ട്രെയിനില്‍ കേറുന്ന സീനില്‍ ഗായത്രിയുടെ കയ്യില്‍ ഒരു ബ്രേസ്ലെട് കാണാം. അപ്പൊള്‍ ഗായത്രിയും ലിസ്റ്റില്‍ നിന്നും പുറത്തായി.അതുകൊണ്ട് പൂച്ചയെ അയച്ചത് അപര്‍ണ്ണ ആവാന്‍ ആണ് സാധ്യത.
വെറുതെ ഇരിക്കുന്ന സമയങ്ങള്‍ ആനന്ദകരം ആക്കൂ..
നമ്മള്‍ അതിജീവിക്കും..