ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ അവിഭാജ്യഘടകമാണ് സൗരാഷ്ട്രയിൽ നിന്നുള്ള സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ ചേതേശ്വർ പുജാര. ഇതിഹാസ താരവും വൻമതിലുമായ രാഹുൽ ദ്രാവിഡിന്റെ വിരമിക്കലിനു ശേഷം ടെസ്റ്റിൽ ഇന്ത്യക്കു ഏറ്റവുമധികം ആശ്രയിക്കാവുന്ന ബാറ്റ്‌സ്മാനായി പൂജാര മാറിക്കഴിഞ്ഞു.
നാട്ടിലും വിദേശത്തുമായി നിരവധി ടെസ്റ്റുകളിലാണ് ടീമിലെ പ്രതിസന്ധി ഘട്ടങ്ങളിൽ നിന്നും പുജാര കരകയറ്റിയിട്ടുള്ളത്. ഇപ്പോഴിതാ ക്രിക്കറ്റ് ലോകത്ത് ഒരു ബാറ്റ്സ്മാനും ഒരിക്കലും തന്നെപോലെയാകാൻ ആഗ്രഹിക്കുന്നില്ലെന്ന് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പുജാര.
എന്നാൽ യുവ തലമുറയിലെ താരങ്ങൾ തന്റെ ബാറ്റിങിനെ ആരാധിക്കുന്നുണ്ടെന്നും പൂജാര വിലയിരുത്തുന്നു. ടെസ്റ്റ് മൽസരങ്ങൾ ഇപ്പോൾ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. നിശ്ചിത ഓവർ മൽസരങ്ങളാണ് കൂടുതലും നടക്കുന്നത്.
അതിനാൽ തന്നെയാണ് തന്റെ ബാറ്റിങ് ശൈലി അധികം പേരും പിന്തുടരാത്തതെന്നും പൂജാര വ്യക്തമാക്കി.
തന്റെ ബാറ്റിംഗ് ശൈലി ടെസ്റ്റിനാണ് കൂടുതൽ യോചിക്കുന്നതെങ്കിലും തനിയ്ക്ക് ഏകദിനവും ടി20യും കളിക്കാൻ കഴിയില്ലെന്ന് വിലയിരുത്തരുതെന്നും പൂജാര പറയുന്നു.
തനിയ്ക്ക് ഇരുഫോർമാറ്റും നന്നായി കളിക്കാനറിയാമെങ്കിലും നിശ്ചിത ഓവർ ക്രിക്കറ്റിൽ താൻ ബാറ്റ് ചെയ്യുന്നത് അധികമാരു ടെലിവിഷനിലൂടെ കണ്ടിട്ടില്ലെന്നും പൂജാര പറയുന്നു. എങ്കിലും നിലയുറപ്പിക്കാൻ തനിയ്ക്ക് കുറച്ച് സമയം വേണമെന്നത് യാഥാർത്യമാണെന്നും പൂജാര കൂട്ടിചേർത്തു.
ചരിത്രത്തിലാദ്യമായി സൗരാഷ്ട്രയ്‌ക്കൊപ്പം രഞ്ജി ട്രോഫിയിൽ കിരീടം നേടിയതിന്റെ ആഹ്ലാദത്തിലാണ് പുജാര. ബംഗാളിനെതിരായ ആവേശകരമായ ഫൈനലിൽ സൗരാഷ്ട്രയ്ക്കു വേണ്ടി ഒന്നാമിന്നിങ്‌സിൽ ഫിഫ്റ്റിയുമായി പൂജാര തിളങ്ങിയിരുന്നു.